|    Sep 19 Wed, 2018 6:12 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുരിതാശ്വാസ ക്യാംപില്‍ നിന്ന് മണവാട്ടിയായി അഞ്ജുവെത്തി

Published : 20th August 2018 | Posted By: kasim kzm

മലപ്പുറം: ദുരിതാശ്വാസ ക്യാംപില്‍ നിന്നു അഞ്ജുവെത്തിയത് മണവാട്ടിയായി. പ്രളയക്കെടുതിയെത്തുടര്‍ന്നു മലപ്പുറം എംഎസ്പി എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കാവുങ്ങല്‍-മുണ്ടുപറമ്പ് ബൈപ്പാസിലെ നെച്ചിക്കുറ്റി അഞ്ജു നിവാസില്‍ സുന്ദരന്‍-ശോഭ ദമ്പതികളുടെ മകള്‍ അഞ്ജുവാണ് ക്യാംപില്‍ നിന്നു വിവാഹമണ്ഡപത്തിലെത്തിയത്. മഴ കാരണം കഴിഞ്ഞ നാലു നാള്‍ സ്‌കൂളിലെ ക്യാംപില്‍ കഴിയുകയായിരുന്നു അഞ്ജുവും കുടുംബവും.
ഓടിട്ട പഴയ വീടായതിനാല്‍ ഏതുനിമിഷവും തകര്‍ന്നുവീഴുമെന്നതിനാല്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ വി ശശികുമാറിന്റെ നേതൃത്വത്തില്‍ ഇവരെ നേരത്തെ തന്നെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റുകയായിരുന്നു. ഇതിനിടയിലാണ് വിവാഹദിനം വന്നെത്തിയത്. വേങ്ങര സ്വദേശി ഷൈജുവാണ് വരന്‍. ക്യാംപില്‍ നിന്ന് ഇന്നലെ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും വെള്ളം പൂര്‍ണമായും ഇറങ്ങാത്തതിനാല്‍ അത്യാവശ്യ സാധനങ്ങളുമായി മടങ്ങുകയായിരുന്നു. പഠിച്ച സ്‌കൂളില്‍ സജ്ജമാക്കിയ ക്യാംപില്‍ നിന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ അഞ്ജു തൊട്ടടുത്തുള്ള മലപ്പുറം തൃപുരാന്തക ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. തുടര്‍ന്നു ലളിതമായ ചടങ്ങില്‍ വരന്‍ ഷൈജു അഞ്ജുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തി. കനത്ത മഴകാരണം വീട്ടില്‍ നിന്നു തിരിക്കുമ്പോള്‍ കല്യാണദിവസം ധരിക്കാന്‍ വാങ്ങിയ സാരി മാത്രമാണ് കൈയില്‍ കരുതിയിരുന്നത്. നേരത്തെ ഉറപ്പിച്ചിരുന്ന വിവാഹം മാറ്റി വയ്ക്കണോയെന്നു വീട്ടുകാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ത്രിപുരാന്തക ക്ഷേത്ര ട്രസ്റ്റും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സഹായങ്ങളുമായി എത്തിയതിനെ തുടര്‍ന്ന് വിവാഹം നിശ്ചയിച്ചപോലെ തന്നെ നടത്താമെന്നു തീരുമാനിക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss