|    Nov 22 Thu, 2018 1:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുരിതാശ്വാസനിധിയിലേക്ക് വ്യാജപിരിവ്; കണ്ണൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Published : 24th August 2018 | Posted By: kasim kzm

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്ന വ്യാജേന ബക്കറ്റ് പിരിവ് നടത്തിയ സംഭവത്തില്‍ മോഷണക്കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. 10 ഓളം പിടിച്ചുപറി, മോഷണക്കേസുകളിലെ പ്രതിയായ പെരളശ്ശേരി മൂന്നുപെരിയ സ്വദേശി കൃഷ്ണനിവാസില്‍ റിഷാബ് (27), കഞ്ചാവ് കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ അലവില്‍ സ്വദേശി അഷിയാന വീട്ടില്‍ സഫ്‌വാന്‍ (26), കക്കാട് കുഞ്ഞിപ്പള്ളി സുബൈദ മന്‍സിലില്‍ മുഹമ്മദ് ഇര്‍ഫാന്‍ (23) എന്നിവരെയാണ് കണ്ണൂര്‍ പോലിസ് മൈതാനിയില്‍വച്ച് ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ നടക്കുന്ന ഓണം ഫെയറില്‍ ബക്രീദ് ദിനത്തില്‍ നല്ല തിരക്കായിരുന്നു. മൈതാനത്തിന്റെ കവാടത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്ന് പേപ്പറില്‍ എഴുതിയൊട്ടിച്ച രണ്ടു ബക്കറ്റുമായി മൂവര്‍സംഘം പിരിവ് നടത്തുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി, എഎസ്‌ഐ ലക്ഷ്മണന്‍, സിപിഒമാരായ സജിത്ത്, മഹേഷ് എന്നിവര്‍ സ്ഥലത്തെത്തി. പോലിസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇവരുടെ ബക്കറ്റില്‍ നിന്ന് 3,540 രൂപ കണ്ടെടുത്തു. സമാനമായ രീതിയില്‍ പലരും ബക്കറ്റ് പിരിവ് നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss