|    Nov 21 Wed, 2018 1:59 am
FLASH NEWS

ദുരിതമായി വ്യാജ പ്രചാരണങ്ങള്‍

Published : 19th August 2018 | Posted By: kasim kzm

കൊല്ലം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ ദുരിതം നല്‍കി വ്യാജ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്നു. മഴക്കെടുതി മൂലംകൊച്ചിയില്‍ നിന്ന് ഇന്ധന വരവ് നിലച്ചതായി സാമൂഹിക മാധ്യമങ്ങളിലടക്കം വെള്ളിയാഴ്ച സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാഹന ഉടമകള്‍ കൂട്ടത്തോടെ ഇന്ധനം നിറയ്ക്കാന്‍ പമ്പുകളിലേക്ക് എത്തുകയും ഇന്ധനം തീരുന്ന അവസ്ഥയുമുണ്ടായിരുന്നു.മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഇന്ധന ക്ഷാമം നേരിടുന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തെന്മല ഡാം തുറക്കുന്നതിനാല്‍ രാത്രിയോടെ അഷ്ടമുടി കായല്‍ കരകവിയുമെന്നും ആളുകള്‍ വീടൊഴിഞ്ഞു പോകണമെന്നുമായിരുന്നു മറ്റൊരു വ്യാജ സന്ദേശം. കൊല്ലം ജില്ലാ കലക്ടറുടെ പേരിലായിരുന്നു സന്ദേശം. എന്നാല്‍ ഇത്തരം പ്രചാരണം വ്യാജമാണെന്ന് ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ തന്നെ പ്രതികരിച്ചു.തെന്മല ഡാമിലെ ജലനിരപ്പ് 115.84 മീറ്ററാണ്. നേരത്തെ 180 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്ന മൂന്നു ഷട്ടറുകള്‍ ഇപ്പോള്‍ 135 സെന്റീമീറ്ററിലേക്ക് താഴ്ത്തിയിരിക്കുകയാണ്. നിലവില്‍ ഡാമിലെ ജലനിരപ്പ് ആശങ്കാജനകമല്ല.ഈ സാഹചര്യത്തില്‍ വ്യാജ പ്രചാരണം നടത്തി ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 54 പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു. വ്യാജ പ്രചാരണത്തിന് ഒരു വര്‍ഷം വരെ തടവും പ്രചാരണം മരണത്തിന് ഇടയാക്കിയാല്‍ രണ്ടു വര്‍ഷം വരെ തടവും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss