|    Apr 26 Thu, 2018 3:50 am
FLASH NEWS

ദുരിതമായി കാളികാവ് ആശുപത്രി; ഫാര്‍മസിസ്റ്റുകളെ നിയമിച്ചില്ല

Published : 22nd November 2016 | Posted By: SMR

കാളികാവ്: മലയോര മേഖലയിലെ നൂറ് കണക്കിന് രോഗിക ള്‍ക് ഏക ആശ്രയമായ കാളികാവ് സിഎച്ച്‌സിയില്‍ ഫാര്‍മസിസ്റ്റില്ലാത്തത് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ദുരിതമായി. മണിക്കൂറുകളോളം വെയില്‍ കൊണ്ട് കിട്ടിയ പണവുമായി മരുന്നിനും വെയില്‍ കൊണ്ട് വരിനില്‍ക്കണം. വരിയില്‍ നിന്ന് രോഗികളും കൂടെയുള്ളവരും വലഞ്ഞു.  മാധ്യമങ്ങളുടേയും മറ്റും ഇടപെടല്‍ കാരണം എന്‍ആര്‍എച്ച്എം വഴി ദിവസക്കൂലി അടിസ്ഥാനത്തില്‍ ഒരാളെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ വകുപ്പിന്റെ മീറ്റിങ്ങുകളും മറ്റും കാരണം  മരുന്നെടുത്ത് കൊടുക്കാന്‍ ഒരാള്‍ മാത്രമാണ് മിക്ക ദിവസങ്ങളിലും ആശുപത്രിയില്‍ ഉണ്ടാവാറുള്ളൂ . പലപ്പോഴും ഡോക്ടര്‍മാരാണ് മരുന്ന് എടുത്ത് കൊടുത്തിരുന്നത്. സിഎച്ച്‌സി ആക്കി മുന്‍ സര്‍ക്കാര്‍ ഉയര്‍ത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആവശ്യമായ പോസ്റ്റ് സൃഷ്ടിക്കാത്തതാണ് പ്രധാനപ്രശ്‌നം. അത് കൊണ്ട് തന്നെ കാളികാവ് ബ്ലോക്ക് പഞ്ചായത്തിന് ദിവസക്കൂലിക്കെങ്കിലും ആളെ നിയമിക്കാനാവുന്നില്ല. 800 ഓളം രോഗികളാണ് ദിനം പ്രതി ആശുപത്രിയെ ആശ്രയിക്കുന്നത്. ദിവസക്കൂലി അടിസ്ഥാനത്തില്‍ ഉള്‍പ്പെടെ ആറു ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നുണ്ട്. കാളികാവ്, കരുവാരകുണ്ട് , ചോക്കാട്, തുവ്വൂര്‍ പഞ്ചായത്തുകളില്‍ നിന്ന് ചികില്‍സക്കായി രോഗികള്‍ കാളികാവ് സിഎച്ച്‌സിയെ ആണ് ആശ്രയിക്കുന്നത്. താലൂക്ക് ആശുപത്രികളില്‍ പോലും ഇത്രയധികം രോഗികള്‍ എത്താറില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. രാവിലെ ആശുപത്രിയില്‍ എത്തുന്ന ഒരു രോഗിക്ക് വൈകുന്നേരം നാല് മണിയോടെ മാത്രമേ തിരികെ പോകാനാവൂ. പലരും വരി നിന്ന് കൂടുതല്‍ അവശരാക്കുന്ന കാഴ്ചയാണ് ഉണ്ടാകാറ്. രോഗികള്‍ മാത്രമല്ല കൂടെ നില്‍ക്കുന്നവര്‍ക്കും മരുന്ന് കിട്ടാന്‍ വൈകുന്നത് ദുരിതമായിരിക്കകയാണ്.        ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പടിയിലെ മരുന്നുകള്‍  എടുത്ത് കൊടുക്കുകയും രജിസ്റ്ററില്‍ ചേര്‍ക്കുകയും വേണം. ഇതിന് പുറമെ  മരുന്നുകളുടെ കണക്ക്, മരുന്ന് എത്തിക്കല്‍, രജിസ്റ്റര്‍ സമര്‍പിക്കല്‍ തുടങ്ങി എല്ലാ കാര്യവും ഒരാള്‍ തന്നെ ചെയ്യണം. രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ ഉടന്‍ ഇടപെടണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഒരു ഫാര്‍മസിസ്റ്റിനെയെങ്കിലും അടിയന്തരമായി നിയമിക്കണമെന്നും സ്റ്റാഫ് നേഴ്‌സ് ഉള്‍പ്പടെയുള്ള ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ നികത്തണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് ഭീമ ഹരജി നല്‍കും. ഇതിന്റെ ഭാഗമായി ഒപ്പ് ശേഖരണം നടത്തി. സി ടി സക്കറിയ്യ, റിയാസ് പാലോളി, കൊമ്പന്‍ നാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കക്ഷി രാഷ്ട്രീയത്തിനധീതമായി എല്ലാ വിഭാഗം ജനങ്ങളും കാളികാവ് ആശുപത്രിയെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് രോഗികളും കൂടെ നില്‍ക്കുന്നവരും ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss