|    Sep 22 Sat, 2018 3:04 am
FLASH NEWS

ദുരിതബാധിതര്‍ക്ക് സ്‌നേഹക്കൈനീട്ടവുമായി ബക്രീദ്‌

Published : 24th August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സ്‌നേഹക്കൈനീട്ടം നല്‍കി ബലി പെരുന്നാള്‍ ആഘോഷിച്ചു. പൊതുവെ ആര്‍ഭാടങ്ങളില്ലാതെയായിരുന്നു ആഘോഷം. പെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടന്നിടത്തെല്ലാം ദുരിതബാധിതര്‍ക്കായി പ്രത്യേക പിരിവുകളും പ്രാര്‍ഥനകളും നടന്നു. മഹല്ല് കമ്മിറ്റികളുടെയും വിവിധ മുസ്‌ലിം സംഘടനകളുടേയും നേതൃത്വത്തിലായിരുന്നു പിരിവ്. ദുരിതാശ്വാസ ഫണ്ടിലേക്ക് ധനം സമാഹരിക്കുമെന്നും ഒരുങ്ങി വരണമെന്നും നേരത്തെ ആഹ്വാനം ചെയ്തിരുന്നതിനാല്‍ നല്ല സംഖ്യയാണ് പള്ളികളില്‍ നിന്നും മറ്റും പിരിഞ്ഞു കിട്ടിയത്. പെരുന്നാളിനോടനുബന്ധിച്ചുള്ളബലികര്‍മങ്ങള്‍ പതിവുപോലെ നടന്നെങ്കിലും സാധാരണ ഉണ്ടാവുന്ന അത്ര എണ്ണം ഇത്തവണ ഉണ്ടായില്ല. ആ തുക കൂടി പലരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ചതാണ് കാരണം. മഴ പിന്‍വലിഞ്ഞതിനാല്‍ ബീച്ചില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ആഴ്ചകളായി ഒഴിഞ്ഞുകിടക്കുകയായിരുന്ന കടല്‍ത്തീരം ഇന്നലെയും പെരുന്നാള്‍ ദിനത്തിലും കൂടുതല്‍ സജീവമായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സാധാരണ ഉണ്ടാവാറുള്ള ആഘോഷ പരിപാടികളൊന്നും ഉത്തവണ ഉണ്ടായില്ല. വിഭവസമാഹരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാവാനും മാനവ സാഹോദര്യം ഊട്ടിയുറപ്പിച്ച് മുന്നേറാനും പെരുന്നാള്‍ പ്രഭാഷണങ്ങളില്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss