|    Nov 19 Mon, 2018 9:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദുരിതബാധിതര്‍ക്കൊപ്പം കോണ്‍ഗ്രസ് എന്നുമുണ്ടാവും: രാഹുല്‍ ഗാന്ധി

Published : 29th August 2018 | Posted By: kasim kzm

തൃശൂര്‍/ആലപ്പുഴ/പത്തനംതിട്ട/കൊച്ചി: പ്രകൃതിദുരന്തത്തില്‍ നിരാലംബരായവര്‍ക്കൊപ്പം കോണ്‍ഗ്രസ് എന്നുമുണ്ടാവുമെന്ന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാനതകൡല്ലാത്ത ദുരന്തത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. ആ ദുരന്തത്തോട് ഒറ്റക്കെട്ടായി പൊരുതിയ കേരള ജനതയെ രാഹുല്‍ അഭിനന്ദിച്ചു. പ്രളയദിനങ്ങളിലേതിനെക്കാള്‍ പ്രയാസമേറിയ കാലഘട്ടമാണ് ഇനിയുണ്ടാവുക. അതിനോട് പൊരുതാന്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമനസ്സോടെ ദുരിതബാധിതര്‍ക്കൊപ്പമുണ്ടാവും. ചളി നിറഞ്ഞ വീടുകള്‍ ശുചീകരിക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. ഈ രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ രാജ്യത്തെ ഓരോ ജനതയ്ക്കും അഭിമാനമാണ് കേരളം എപ്രകാരം ഈ ദുരന്തത്തെ നേരിട്ടുവെന്നത്. ഞാനും രാജ്യവും നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിലെ പ്രളയബാധിതപ്രദേശങ്ങളും രാഹുല്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററില്‍ രാവിലെ 10.40ന് ചെങ്ങന്നൂരിലെത്തിയ രാഹുല്‍ഗാന്ധിയെ എഐസിസി വര്‍ക്കിങ് കമ്മിറ്റിയംഗം ഉമ്മന്‍ചാണ്ടി, എംപിമാരായ ശശി തരൂര്‍, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എഐസിസി ജന. സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. രമേശ് ചെന്നിത്തല, എം എം ഹസന്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ എത്തിയത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ ക്യാംപാണ് അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത്.
20 മിനിറ്റോളം അവിടെ ചെലവഴിച്ച അദ്ദേഹം ക്യാംപിലെ അന്തേവാസികളുമായി സംസാരിച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജിലെ ക്യാംപിലേക്കു പോയി. ഏറെ കൃഷിനാശമുണ്ടായ എടനാട് മേഖലയും അദ്ദേഹം സന്ദര്‍ശിച്ചു. സ്ഥലങ്ങള്‍ കണ്ടശേഷം ഒരു വീടിനു മുകളില്‍ ക്യാംപ് ചെയ്യുന്നവരെ അവിടേക്ക് കയറിച്ചെന്ന് ആശ്വസിപ്പിച്ചു. പിന്നീട് മാലക്കര വഴി പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലെ ഏഴിക്കാട് കോളനിയിലെത്തിയ രാഹുല്‍ഗാന്ധി കോളനിവാസികളുമായി സംസാരിച്ചു.
തുടര്‍ന്ന് ആലപ്പുഴയിലെത്തിയ രാഹുല്‍ കുട്ടനാട്ടുകാരെ പുനരധിവസിപ്പിച്ചിരിക്കുന്ന ലിയോ തേര്‍ട്ടീന്‍ത് സ്‌കൂള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖാപിച്ചു. നിങ്ങളുടെ വീടുകള്‍ ഉള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ടു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന സഹായം എനിക്കിപ്പോള്‍ വാഗ്ദാനം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, ഞാനുള്‍പ്പെടെയുള്ള ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായം ചെയ്യാന്‍ തയ്യാറാ ണെന്നും രാഹുല്‍ അവര്‍ക്ക് ഉറപ്പു നല്‍കി. മികച്ച രീതിയില്‍ ക്യാംപ് നടത്തുന്ന സ്‌കൂള്‍ അധികൃതരെയും അദ്ദേഹം അഭിനന്ദിച്ചു.
പിന്നീട് അദ്ദേഹം എറണാകുളം ജില്ലയിലെ പ്രളയബാധിതപ്രദേശങ്ങളായ ആലുവ, അങ്കമാലി, പറവൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുകയും ക്യാംപിലെ അംഗങ്ങളില്‍ നിന്നു പ്രളയക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിയുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അറിയിച്ചതിലും വൈകിയാണ് രാഹുല്‍ ഇവിടങ്ങളിലെ ക്യാംപുകളില്‍ എത്തിയത്. ക്യാംപുകളിലെ സന്ദര്‍ശനത്തിനുശേഷം പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ പറവൂരിലെ തേലത്തുരുത്തിലെ സജീവന്റെ രണ്ടുമുറി വീട്ടില്‍ എത്തിയ രാഹുല്‍ഗാന്ധി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ചാലക്കുടി വി ആര്‍ പുരം കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു. ഇന്നു രാവിലെ വിമാനമാര്‍ഗം രാഹുല്‍ഗാന്ധി കോഴിക്കോട്ടെത്തും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ വയനാട് അടക്കമുള്ള പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss