|    Sep 19 Wed, 2018 6:32 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ദുരിതബാധിതരെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി ചെങ്ങന്നൂരും ആലപ്പുഴയിലും

Published : 24th August 2018 | Posted By: kasim kzm

ആലപ്പുഴ: ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരിലെയും ആലപ്പുഴയിലെയും ദുരിതാശ്വാസ ക്യാംപുകളിലെത്തി. ഹ്രസ്വസന്ദര്‍ശനമായിരുന്നെങ്കിലും നിശ്ചയദാര്‍ഢ്യം തുളുമ്പുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഒാരോ വാക്കും. ക്യാംപംഗങ്ങളുടെ സുഖവിവരവും കുട്ടികളുടെ പഠനകാര്യവും ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹം ചോദിച്ച് മനസ്സിലാക്കി. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെയും ആലപ്പുഴ ലജ്നത്തുല്‍ സ്‌കൂളിലെയും ക്യാംപുകളിലാണ് മുഖ്യമന്ത്രി എത്തിയത്. രാവിലെ 8.40ന് നിശ്ചയിച്ചതിലും അഞ്ചു മിനിറ്റ് മുമ്പേ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് മൈതാനിയില്‍ മുഖ്യമന്ത്രിയെയും വഹിച്ചുള്ള ഹെലികോപ്റ്റര്‍ എത്തി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ജില്ലാ കലക്ടര്‍ എസ് സുഹാസ്, ജില്ലാ പോലിസ് മേധാവി എസ് സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ക്യാംപിലേക്കു പോവുന്നതിനായി തയ്യാറാക്കിയ വാഹനവ്യൂഹം ഒഴിവാക്കി മന്ത്രിമാരും ജനപ്രതിനിധികള്‍ക്കുമൊപ്പം നടന്നാണ് കോളജിലെ ഓഡിറ്റോറിയത്തിലെ ക്യാംപിലെത്തിയത്. ഭക്ഷണവും താമസവും എല്ലാം ശരിയല്ലേയെന്നും വീടുകള്‍ നഷ്ടമായവര്‍ക്ക് എല്ലാം വീണ്ടെടുത്തു നല്‍കുമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്കു സമീപമെത്തിയത്. തിരക്കിനിടയില്‍ രണ്ടുമൂന്ന് വനിതകള്‍ കഷ്ടപ്പാടുകള്‍ വിവരിച്ചു. കോളജ് സയന്‍സ് ബ്ലോക്കിലെ വരാന്തയിലൂടെ നടന്ന മുഖ്യമന്ത്രി ഓരോരുത്തരെയും അഭിവാദ്യം ചെയ്തു. സേനയും പോലിസും എല്ലാം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചെങ്കിലും കൊല്ലത്തെ മല്‍സ്യത്തൊഴിലാളികളാണ് തങ്ങളെ ജീവനോടെ രക്ഷിച്ചതെന്നും അവരോടുള്ള കടപ്പാട് ഒരിക്കലും മറക്കാനാവില്ലെന്നും മുഖ്യമന്ത്രിയോട് പറഞ്ഞു. രാവിലെ 8.45നു തുടങ്ങിയ സന്ദര്‍ശനം നിശ്ചയിച്ചതിലും 15 മിനിറ്റ് മുമ്പേ പൂര്‍ത്തിയാക്കി 9.15നു മുഖ്യമന്ത്രി ആറന്‍മുളയിലേക്കു പോയി. 11ന് ആലപ്പുഴയില്‍ എത്താനായിരുന്നു പദ്ധതിയെങ്കിലും 10.15ന് ആലപ്പുഴ പോലിസ് പരേഡ് മൈതാനിയില്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററെത്തി. നിശ്ചയിച്ചതിലും നേരത്തേയെത്തിയ മുഖ്യമന്ത്രി ക്യാംപ് സന്ദര്‍ശനത്തി ന്റെ കാര്യത്തിലും മാറ്റം വരുത്തിയിരുന്നു. പരേഡ് മൈതാനിക്കടുത്തുതന്നെയുള്ള ലജ്‌നത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. മന്ത്രിമാരായ ജി സുധാകരന്‍, ഡോ. തോമസ് ഐസക്, പി തിലോത്തമന്‍, ഇ ചന്ദ്രശേഖരന്‍, കെ സി വേണുഗോപാല്‍ എംപി എന്നിവര്‍ സ്‌കൂളില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി 10.20ന് പറവൂരിലേക്കു യാത്രയായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss