|    Oct 24 Wed, 2018 11:19 am
FLASH NEWS

ദുരിതബാധിതരുടെ സങ്കടപ്പേമാരിക്ക് ശമനം

Published : 19th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: ജനിച്ചതു മുതല്‍ ഞങ്ങള്‍ക്കിത് പതിവാണ്. നന്നായൊന്ന് മഴ പെയ്താലുടന്‍ കിടപ്പാടം വിട്ടോടി സ്‌കൂളുകളിലും മറ്റും മാറിത്താമസിക്കേണ്ടി വരുന്നു. ഈ കാലവര്‍ഷക്കാലത്ത് തന്നെ ഇതു മൂന്നാം തവണയാണ് ഞങ്ങള്‍ ദുരിതാശ്വാസ കേന്ദ്രത്തിലെത്തുന്നത്- കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് എസ്എ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന് മുമ്പില്‍ സങ്കടപ്പെരുമഴയുമായി കൊളവയല്‍ ചെറിയമൊട്ടംകുന്ന് ആദിവാസി കോളനിവാസികള്‍.
മഴ പെയ്താലുടന്‍ വെള്ളം കയറുന്ന ഇപ്പോഴത്തെ വാസസ്ഥലം മറ്റൊരിടത്തേക്ക് മാറ്റിത്തരണമെന്ന അവരുടെ ആവശ്യം കേട്ട മന്ത്രി അഞ്ചോ പത്തോ വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഫഌറ്റ് മാതൃകയിലുള്ള വീടുകള്‍ പറ്റുമോ എന്നാരാഞ്ഞപ്പോള്‍ ഏക സ്വരത്തില്‍ അവര്‍ സമ്മതമറിയിച്ചു. സര്‍ക്കാരിന്റെ ഫഌഗ്ഷിപ്പ് പദ്ധതികളിലൊന്നായ ലൈഫ് മിഷനില്‍ ഇത്തരം വീടുകള്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും അതിനായി സ്ഥലം കണ്ടെത്താനാവുമോയെന്നും മന്ത്രി ഒപ്പമുണ്ടായിരുന്ന സി കെ ശശീന്ദ്രന്‍ എംഎല്‍എയോട് ആരാഞ്ഞു.
എത്രയും വേഗം സ്ഥലം കണ്ടെത്തി ബന്ധപ്പെട്ടവരെ അറിയിക്കാന്‍ കോട്ടത്തറ വില്ലേജ് ഓഫിസര്‍ ടി വി കുര്യാക്കോസിന് നിര്‍ദേശവും നല്‍കി. സാധാരണ വീടുകള്‍ നിര്‍മിക്കാനുള്ള സ്ഥലം ലഭ്യമാണെങ്കില്‍ അക്കാര്യവും അറിയിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു. സൗകര്യങ്ങളില്‍ ക്യാംപിലുള്ളവര്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചു. ഇവര്‍ ആവശ്യപ്പെടുന്ന ഭക്ഷണം നല്‍കണമെന്നും മെനുവില്‍ ചിക്കനും മീനും ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെടാതെ തന്നെ മന്ത്രി നിര്‍ദേശിച്ചു.
നേരത്തെ മന്ത്രി മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നുതരിപ്പണമായ കോട്ടത്തറ ടൗണ്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് പ്രളയം ബാധിച്ച വെണ്ണിയോട് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രത്തിലെത്തി. കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും തൊട്ടടുത്ത സിപിഎം വെണ്ണിയോട് ലോക്കല്‍ കമ്മിറ്റി ഓഫിസിലുമാണ് ഈ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. മാനിപ്പൊയില്‍ ആദിവാസി കോളനിവാസികളാണ് ഈ ക്യാംപില്‍ കഴിയുന്നവരിലേറെയും. ക്യാംപില്‍ ലഭിക്കുന്ന ഏതെങ്കിലും സൗകര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നാവശ്യപ്പെട്ട മന്ത്രി കുട്ടികളോട് കുശലാന്വേഷണവും നടത്തി. പുസ്തകങ്ങളുള്‍പ്പെടെ പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തുതരുമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. രണ്ടു പശുക്കളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട തുരുത്തി ബഷീര്‍, ലക്ഷങ്ങളുടെ വളം നഷ്ടപ്പെട്ട പാറക്കോട്ടില്‍ ജോയ് ജോര്‍ജ്, പ്രളയത്തില്‍ സാധനങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ട അപ്പൂസ് ബേക്കറി ഉടമ കെ എം ബെന്നി, വീട് തകര്‍ന്ന ജീബോധി അമ്മദ് തുടങ്ങിയവര്‍ മന്ത്രിക്കു മുന്നില്‍ സങ്കടങ്ങള്‍ നിരത്തി. തലപ്പുഴ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപും തിരുനെല്ലി ബാവലി ഗവ. യുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപും മന്ത്രി സന്ദര്‍ശിച്ചു. ക്യാംപില്‍ നിന്നു തിരിച്ചുപോവുന്നവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും വാസയോഗ്യമല്ലാത്ത വീടുകള്‍ക്കു പകരം പഞ്ചായത്ത് തലത്തില്‍ വീടുണ്ടാവുന്നതു വരെ താമസ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
ഒ ആര്‍ കേളു എംഎല്‍എ, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്, വൈസ് പ്രസിഡന്റ് വി എന്‍ ഉണ്ണികൃഷ്ണന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത മനോജ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ കെ സരോജിനി, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സി മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് കരിങ്ങാള, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ പി സാജിത മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss