|    Dec 19 Wed, 2018 2:32 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദുരിതപ്പെയ്ത്ത്

Published : 15th August 2018 | Posted By: kasim kzm

പാലക്കാട്/കരുവാരക്കുണ്ട്/നിലമ്പൂര്‍/തൃശൂര്‍/തലശ്ശേരി/ഇടുക്കി: കേരളത്തെ വെള്ളത്തില്‍ മുക്കി പെരുമഴ തുടരുന്നു. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നലെ മഴ വീണ്ടും കരുത്താര്‍ജിച്ചു. ഇടുക്കിക്ക് പുറമെ മലബാറിലാണ് മഴ കാര്യമായ നാശം വിതച്ചത്. പാലക്കാട്, മലപ്പുറം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
കണ്ണൂരിലും തൃശൂരിലും രണ്ടുപേര്‍ മരിച്ചു. തൃശൂര്‍ മണ്ണുത്തി വെറ്ററിനറി കോളജില്‍ ദേഹത്തേക്ക് മരം മറിഞ്ഞുവീണ് കെട്ടിടനിര്‍മാണ തൊഴിലാളി ചമ്പൂച്ചിറ കൊരേച്ചാല്‍ പുതുശ്ശേരി സുബ്രന്റെ മകന്‍ ഷാജി(47)യാണ് മരിച്ചത്. കണ്ണൂര്‍ തലശ്ശേരിയില്‍ നീന്തല്‍ മല്‍സരത്തിനിടെ വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. മാഹി എംഎം ഹൈസ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥി കോടിയേരി പാറാലിലെ കാഞ്ഞിരമുള്ള പറമ്പില്‍ ഹൃദിക് രാജ് (13) ആണ് മരിച്ചത്.
ശക്തമായ മഴയും ഡാമുകളിലെ വെള്ളം കുത്തിയൊലിച്ചു വന്നതും കാരണം പാലക്കാട് വീണ്ടും പ്രളയത്തിന്റെ പിടിയിലമര്‍ന്നു. കഴിഞ്ഞ ഒമ്പതിന് പ്രളയം ദുരിതംതീര്‍ത്ത മേഖലയിലാണ് ഇന്നലെയും വെള്ളം കയറിയത്. ഇവിടങ്ങളിലുള്ളവര്‍ നേരത്തേ തന്നെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നതിനാല്‍ ആളപായമുണ്ടായില്ല. മലമ്പുഴ ഡാം ഷട്ടര്‍ ഇന്നലെ വൈകീട്ടോടെ 75 സെമീ ആയി ഉയര്‍ത്തിയിരുന്നു. വാളയാര്‍ ഡാം കൂടി തുറന്നതോടെ പാലക്കാട് നഗരസഭയിലെ ഒലവക്കോട്, ജൈനിമേട്, ചുണ്ണാമ്പുത്തറ മേഖലയിലും അകത്തേത്തറ, മലമ്പുഴ, പുതുശ്ശേരി, മുണ്ടൂര്‍, പറളി പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലുമാണ് വെള്ളം കയറിയത്. അതിനിടെ, നെല്ലിയാമ്പതി ചപ്പക്കാട് മൊണ്ടിപതിയില്‍ ഇന്നലെ ഉച്ചയോടെ ഉരുള്‍പൊട്ടി. ആളപായമില്ല.
നാലു ദിവസത്തെ ഇടവേളയ്ക്കുശേഷം മലപ്പുറം കരുവാരക്കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടി. പാന്ത്ര, മണലിയംപാടം, കണ്ണംപള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. എക്കര്‍കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. ആളുകളെ നേരത്തേ ഒഴിപ്പിച്ചതിനാല്‍ ആളപായമില്ല. നിരവധി വീടുകള്‍ക്ക് കേടു പറ്റി. ആഢ്യന്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. തിങ്കളാഴ്ച ഉരുള്‍പൊട്ടല്‍ ഉണ്ടായ തേന്‍പാറയില്‍ തുടര്‍ച്ചയായി രണ്ടാംദിവസമാണ് ഉരുള്‍പൊട്ടിയത്. തിരുവനന്തപുരം ജില്ലയില്‍ അഗസ്ത്യ വനത്തില്‍ മഴ കനത്തതോടെ നെയ്യാര്‍ ഡാം വീണ്ടും തുറന്നു.
വയനാട്ടില്‍ മക്കിമലയിലും കുറിച്യര്‍മലയിലും വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം. വനമേഖലയായതിനാല്‍ ആളപായമില്ല. പുഴയില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് രൂക്ഷമായി. മക്കിമലയോട് ചേര്‍ന്ന മുനീശ്വരന്‍ കുന്നില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. തലപ്പുഴ കമ്പിപ്പാലത്തിന് സമീപത്തെ പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടുവെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തി. മഴ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ തിരച്ചില്‍ നിര്‍ത്തിവച്ചു.
കോഴിക്കോട് ജില്ലയിലും കനത്ത മഴയും കാറ്റും അനുഭവപ്പെട്ടു. ജില്ലയിലെ മലയോര മേഖലകളില്‍ ചെറിയതോതിലുള്ള ഉരുള്‍പൊട്ടലുണ്ടായി. കക്കയം ഡാം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്നും കുറ്റിയാടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. താമരശ്ശേരി, കുറ്റിയാടി, പാല്‍ ചുരങ്ങളില്‍ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss