|    Apr 23 Mon, 2018 7:20 pm
FLASH NEWS

ദുരിതത്തിന്റെ ചാപ്പകുത്തിയ മനുഷ്യര്‍

Published : 1st August 2015 | Posted By: admin

ജോര്‍ജ് ജോസഫ് കെ.

ജമാല്‍ കൊച്ചങ്ങാടിയുടെ ചാപ്പ എന്ന കഥാസമാഹാരം വായിക്കുമ്പോള്‍ 34 വര്‍ഷം മനസ്സു പിന്നോട്ടു സഞ്ചരിക്കുകയാണ്. 1981 കാലഘട്ടത്തിലാണു ഞാന്‍ കഥയെഴുതിത്തുടങ്ങുന്നത്. സാഹിത്യരംഗത്ത് അത്ര പ്രശസ്തനൊന്നുമല്ല. പക്ഷേ, എന്റെ വായനയുടെ ലോകം അതിവിസ്തൃതമായിരുന്നു. അന്നൊക്കെ ആരെന്ത് എഴുതിയാലും ആര്‍ത്തിയോടെ വായിക്കുന്ന പ്രകൃതം. പ്രമുഖരെയും പ്രശസ്തരെയും നോക്കിയല്ല എന്റെ വായന.
അങ്ങനെയിരിക്കുമ്പോഴാണ് 1984ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാനൊരു കഥ വായിക്കുന്നത്. കഥയുടെ പേര് ‘ദാനിയേലു കോച്ച.’ കഥാകാരന്റെ പേര് ജമാല്‍ കൊച്ചങ്ങാടി. അദ്ദേഹത്തിന്റെ കഥ അന്നും ഇന്നും എന്റെ വായനയില്‍ മറക്കാനാവാത്ത ഒരു വിസ്മയമാണ്. എന്തുകൊണേ്ടാ അദ്ദേഹത്തെ അക്കാലങ്ങളില്‍ എനിക്ക് പരിചയപ്പെടാന്‍ കഴിഞ്ഞില്ല. എന്റെ അന്നേരത്തുള്ള ജോലി അലച്ചിലും അദ്ദേഹത്തിന്റെ തിരക്കുമാണ് അതിനു കാരണമായിത്തീര്‍ന്നത്.
ജൂതരെക്കുറിച്ചുള്ള കഥകള്‍ എന്റെ ആത്മാവില്‍ ഉണങ്ങാത്ത മുറിവുകളായിരുന്നു എന്നും. അറബ്‌രാജ്യങ്ങളിലെ യുദ്ധക്കെടുതികള്‍ ഏല്‍പ്പിക്കുന്ന വേദന, പുണ്ണില്‍ കത്തി കേറ്റി വലിച്ചൂരുകയായിരുന്നെപ്പോഴും.
അറേബ്യന്‍സാഹിത്യത്തിന്റെ പുതിയ ലോകങ്ങളിലേക്ക് എത്തിപ്പെടും മുമ്പ് ജൂതരുമായി അറിയാതൊരു ആത്മബന്ധം എനിക്കുണ്ടായിരുന്നു. ഞാന്‍ ജനിച്ചത് കലൂര്‍-കത്രിക്കടവ് ദേശത്താണ്. താമസിക്കുന്നതാവട്ടെ, ജൂതരുടെ ശ്മശാനമായ ചക്കാമാടത്തിന്റെ തൊട്ടടുത്ത്. കത്രിക്കടവ് ദേശത്തെ ഏറ്റവും വലിയ, ഉയരമുള്ള മതില്‍ ചക്കാമാടത്തിന്റേതായിരുന്നു അന്ന്. ചക്കാമാടം അന്നും ഇന്നും നിഗൂഢതകളുടെ ഒരു രാവണന്‍കോട്ടയാണ് എനിക്ക്. നാട്ടുപറച്ചിലുകളുടെ പ്രേതകഥകള്‍ എന്നെ ഭയമാര്‍ന്ന ഇരുട്ടിന്റെ പുതപ്പുകള്‍ക്കുള്ളില്‍ മൂടി ആ കുട്ടിക്കാലങ്ങളില്‍. ചക്കാമാടത്തില്‍ നിരവധി ജൂതക്കല്ലറകളുണ്ട്. അതിനു ചുറ്റുമുള്ള ഉയര്‍ന്ന മതിലില്‍ രാത്രികാലത്തു കാല് താഴേക്കു തൂക്കിയിട്ടിരുന്ന് ജൂതപ്രേതങ്ങള്‍ കാറ്റുകൊള്ളുന്നതും ആകാശത്തെ നക്ഷത്രങ്ങള്‍ എണ്ണുന്നതും പല കാരണവന്മാരും കണ്ടിട്ടുണ്ടുപോലും.
അന്നൊക്കെ ജൂതര്‍ ആരാണെന്നുപോലും അറിയില്ല. പിന്നീടു സ്‌കൂളില്‍നിന്ന് എസ്‌കര്‍ഷനു മട്ടാഞ്ചേരി ജൂതസിനഗോഗില്‍ പോയപ്പോഴാണ് ആദ്യമായി ഒരു ജൂതനെ ഞാന്‍ കാണുന്നത്. സിനഗോഗിനു സമീപം ചുറ്റിപ്പറ്റി ജീവിച്ച ഒരു സമൂഹത്തിലെ ചില കണ്ണികള്‍; ഇസ്രായേല്‍ വാഗ്ദത്തഭൂമിയിലേക്ക് ഒന്നൊന്നായി മടങ്ങിപ്പോയവര്‍. എന്നിട്ടും അവരില്‍ ചിലര്‍-എട്ടോ പത്തോ കുടുംബങ്ങള്‍- പത്തുമുപ്പത്തിയേഴോളം പേര്‍ അന്നവിടെയുണ്ടായിരുന്നു.
ജൂതരുടെ ജീവിതത്തെക്കുറിച്ച് ഞാന്‍ ആദ്യം വായിക്കുന്നത് കുങ്കുമം അവാര്‍ഡ് ലഭിച്ച ഉല്‍പ്പത്തി എന്ന ടി.എം. എബ്രഹാമിന്റെ നോവലാണ്. ജൂതസമൂഹത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ ഞാന്‍ ആ നോവലിലൂടെ അറിഞ്ഞു. കഥയിലൂടെയാവട്ടെ, പിന്നെ അവരുടെ ജീവിതം കാണിച്ചുതന്നത് ജമാല്‍ക്കയാണ്, ദാനിയേലു കോച്ചയിലൂടെ. ജൂതന്റെ ജീവിതം, അതിലെ സംഘര്‍ഷങ്ങള്‍, അവ ആഞ്ഞുകൊത്തുന്ന അനുഭവമായി നമ്മുടെ ഹൃദയഭിത്തികളെ പിളര്‍ന്നുകൊണ്ടിരുന്നു. ഇന്നും അതൊക്കെത്തന്നെയല്ലേ നമ്മുടെ അനുഭവം.
ചോരച്ചാലുകളിലൂടെ മക്കളെയും എടുത്തുകൊണേ്ടാടുന്ന അച്ഛനമ്മമാര്‍, സഹോദരങ്ങള്‍, ഒടുങ്ങാത്ത ശാപംപേറി ജീവിക്കുന്ന ജനത. ഹിറ്റ്‌ലറുടെ കൈയില്‍നിന്നു രക്ഷപ്പെട്ടവരുടെ വര്‍ഗം ഇന്നും പരസ്പരം വെടിയുണ്ടകള്‍ ചീറിപ്പായിച്ചു സ്വയം കൊന്നും കൊലവിളി നടത്തിയുമിരിക്കുന്ന രാജ്യങ്ങള്‍ മാനവചരിത്രത്തില്‍ തീരാക്കളങ്കമായി മാറിയിരിക്കുന്നു, ലോകസമൂഹത്തിനു മുമ്പില്‍.
കേരളചരിത്രത്തില്‍ അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു വംശാനന്തരതലമുറയെക്കുറിച്ചുള്ള വേവലാതികള്‍ ജമാല്‍ക്കയുടെ ഈ കഥ പങ്കുവയ്ക്കുന്നുണ്ട്. ജൂതസമൂഹത്തിന്റെ ആചാരനുഷ്ഠാനാദികള്‍, അവര്‍ ഉപയോഗിക്കുന്ന ഭാഷാവൈചിത്ര്യങ്ങള്‍, ഇവ വായനയുടെ സൗന്ദര്യാനുഭൂതി പകരുന്നവയായി മാറുന്നു ജമാല്‍ക്കയുടെ എഴുത്തിന്റെ വശ്യതയില്‍.
ദാനിയേലു കോച്ചയുടെ കഥാപരിസരം, കൊച്ചിയുടെ ചരിത്രഭാഗമായ മട്ടാഞ്ചേരിയുടെയും അവിടത്തെ സിനഗോഗ് നിലകൊള്ളുന്നതുമായ തെരുവുപശ്ചാത്തലം തന്നെയാണ്. അവിടെ നിന്നുയരുന്ന തോറയിലെ വരികളും പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷവും കഥയ്ക്ക് ഊടും പാവും നല്‍കുന്നു. കൊച്ചിയിലെ നസ്രാണി മനുഷ്യര്‍ക്കിടയിലെ ജൂതന്റെ പച്ചജീവിതം, അവന്റെ തൊഴില്‍, അവന്റെ സംസ്‌കാരം, കുടിലചിന്തകള്‍ ഒക്കെ ഈ കഥയില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്.
കഥ ആരംഭിക്കുമ്പോള്‍തന്നെ ദാനിയേലു കോച്ചയുടെ രൂപം നമ്മുടെ മനസ്സിലെ ഭിത്തികളില്‍ വരച്ചുവയ്ക്കാന്‍ തക്കവിധം ലളിതമായ ഭാഷാരീതിയാണ് ജമാല്‍ക്ക സ്വീകരിച്ചിട്ടുള്ളത്. എന്നും ദാനിയേലു കോച്ചയെ കണ്ടവരോടു പറയുംപോലെ അതാരംഭിക്കുന്നു:
”നിങ്ങള്‍ കണ്ടിരിക്കും ദാനിയേലു കോച്ചയെ. സിനഗോഗിലേക്കു പോകുന്ന കുടുസ്സായ വഴിയുടെ തുടക്കത്തിലുള്ള വീടിന്റെ ഉമ്മറത്ത് എപ്പോഴും ഇരിക്കുന്നതു കാണാം. മൂന്നുനാലു മടക്കായി വീണുകിടക്കുന്ന കുമ്പയും മേദസ്സുറ്റ ചുവന്ന ശരീരവുമുള്ള ദാനിയേലു കോച്ച എപ്പോഴും എബ്രായഭാഷയിലെന്തോ പിറുപിറുത്തുകൊണ്ടിരിക്കുന്നു. (ഈ ഭാഗം വായിക്കുമ്പോള്‍ ഞാനെന്റെ അപ്പനെ ഓര്‍ത്തുപോകും. അമ്മ മരിച്ചതിനു ശേഷം ചാരുകസേരയിലിരുന്ന് ഒറ്റയ്ക്കു പിറുപിറുക്കുന്ന അപ്പനെ).
സിനഗോഗിലേക്കു പോകുന്ന ജൂതര്‍ ‘അലേശലേം'(നിങ്ങള്‍ക്കും ശാന്തി) എന്ന് അഭിവാദ്യം ചെയ്തുകൊണ്ടു കടന്നുപോവുമ്പോള്‍ ‘ശാലേം അലേം’ (നിങ്ങള്‍ക്ക് ശാന്തി) എന്നു പിറുപിറുത്തുകൊണ്ട് അയാള്‍ അങ്ങനെയിരിക്കും.
കഥയില്‍ മറ്റുള്ളവരോട് ശാന്തിയെന്നു പറയുന്ന ദാനിയേലു കോച്ച തന്റെ ജീവിതത്തില്‍ ഒട്ടും ശാന്തി അനുഭവിക്കാത്ത മനുഷ്യനാണ്. സ്വാര്‍ഥതയാല്‍ സഹോദരന്റെ ഭാര്യയെ തന്ത്രപരമായി തട്ടിയെടുത്തവന്‍! എന്നിട്ടും സഹോദരന്റെ ഭാര്യയെ അനുഭവിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ദാനിയേലു കോച്ച അണിയിച്ച വെള്ളിമോതിരം ഊരിയെറിഞ്ഞ് അവള്‍ വാഗ്ദത്തഭൂമിയിലേക്കു കപ്പല്‍ കയറി പോയി.
ഈ കഥാസന്ദര്‍ഭം ജമാല്‍ക്ക എഴുതുമ്പോള്‍ ഇതൊന്നും പച്ചയ്ക്ക് തുറന്നെഴുതാതെ, ചില ചെറിയ സൂചനകളിലൂടെ വാക്കുകള്‍ ചുരുക്കി എഴുതി: ”ദാനിയേല് പലഹാരപ്പൊതികളുമായി വീട്ടില്‍ വന്നു. വീടിന് ആഹ്ലാദത്തിന്റെ വാഗ്ദത്തഭൂമി തിരിച്ചുകിട്ടി. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ദാവീദ് (ദാനിയേലു കോച്ചയുടെ സഹോദരന്‍) ഒരു വശം തളര്‍ന്നു കുഴഞ്ഞുവീണു.” (കഥയിലെ വരികളാണിവ).
ഇതിവൃത്തത്തില്‍ വലിയ പുതുമകളൊന്നും ഈ കഥയ്ക്ക് അവകാശപ്പെടാനില്ലെങ്കിലും രചനയുടെ അസാമാന്യചാരുതകൊണ്ട് അവ മനോഹരമായി അവതരിപ്പിക്കുന്നുണ്ട് ജമാല്‍ക്ക. ഈ കഥയിലെ കഥാപാത്രങ്ങള്‍ ചരിത്രത്തില്‍ ഒരു കാലത്തു നമ്മുടെ കേരളീയജീവിതത്തിന്റെ നാഴികക്കല്ലുകളായി മട്ടാഞ്ചേരിയിലും പരിസരങ്ങളിലും നിറഞ്ഞുനിന്നവരാണ.് ഇന്ന് അന്യംനിന്നുപോകുന്ന യഹൂദജീവിതത്തിന്റെ ദുരവസ്ഥകള്‍ ഇത്ര മിഴിവോടെ മലയാളകഥയില്‍ ആരും അവതരിപ്പിച്ചിട്ടില്ല.
ഇന്നു കൊച്ചിയില്‍ യഹൂദകുടുംബങ്ങള്‍ വിരലില്‍ എണ്ണാനില്ല. കോഴിക്കച്ചവടം നടത്തുന്ന കോച്ചമാരുമില്ല. അവരുടെ ജീവിതത്തിന് ഒരു നിറപ്പകിട്ടുമില്ല. സിനഗോഗ് കാണാനെത്തുന്ന വിദേശസഞ്ചാരികളുടെ മുമ്പില്‍, പ്രത്യേകിച്ചും മട്ടാഞ്ചേരിയിലെ പുരാവസ്തു കച്ചവടശേഖരക്കടകള്‍ക്കിടയില്‍ അവര്‍ ചിതലരിച്ചുപോയ പുരാവസ്തുസങ്കല്‍പ്പമായി മാറിക്കഴിഞ്ഞിരിക്കുന്നു. സിനഗോഗിലെ പഴമയുടെ പ്രേതനിലവിളികള്‍ക്കിടയില്‍ അവര്‍ ഷോകേസില്‍ വച്ചിരിക്കുന്ന രൂപങ്ങളായി മാറിയിരിക്കുന്നു. മട്ടാഞ്ചേരിയിലൂടെ നടക്കുമ്പോള്‍ യഹൂദന്റെ ശാന്തിയെന്ന വാക്ക് അവിടെ ക്ലാവ് പിടിച്ചു പൂതലിച്ചുകിടക്കുംപോലെ മട്ടാഞ്ചേരിയിലെ മണ്ണില്‍ പറ്റിച്ചേര്‍ന്നലിഞ്ഞിരിക്കുന്നു.
1980ലെ മികച്ച പ്രാദേശികചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ച ചാപ്പ എന്ന സിനിമയും കൊച്ചിയുടെ ചരിത്രപശ്ചാത്തലത്തില്‍നിന്നു കുഴിച്ചെടുത്ത കഥതന്നെയാണ്. ജമാല്‍ക്ക 1970കളില്‍ തുറമുഖത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് എഴുതിയ കഥയുടെ സിനിമാ ആവിഷ്‌കാരമാണു ചാപ്പ. 60-70 കാലഘട്ടങ്ങളില്‍ കൊച്ചിയിലേക്കു വരുന്ന കപ്പലുകളെ ആശ്രയിച്ചുള്ള ജീവിതമായിരുന്നു അവിടത്തെ ദേശനിവാസികള്‍ക്ക്. തുറമുഖത്തൊഴിലാളികളുടെ ജീവിക്കാനുള്ള സമരം അവരോരോരുത്തരുടെയും നെറ്റിയില്‍ പതിച്ചുവച്ച ദുരിതത്തിന്റെ ചാപ്പകളായി മാറി പിന്നീട്.
മട്ടാഞ്ചേരിയില്‍ വന്നു മലഞ്ചരക്കുവ്യാപാരത്തിലൂടെ ആ ദേശത്തെ കൈയടക്കിയവര്‍ കപ്പലു കയറിവന്ന വിദേശികള്‍ മാത്രമായിരുന്നില്ല. ഉത്തരേന്ത്യയില്‍നിന്നു വന്നവരും പിന്നീട് കിരീടം വയ്ക്കാത്ത രാജാക്കന്മാരായി. മട്ടാഞ്ചേരിയിലും ഫോര്‍ട്ട്‌കൊച്ചി പ്രദേശത്തും ശാന്തിലാല്‍ ഹരക്ചന്ദ് ഹേംചന്ദ് മേത്തയെപ്പോലുള്ളവരുടെ അടിയാളന്മാരായി മട്ടാഞ്ചേരിയിലെ സാധാരണക്കാരന്‍. അവരുടെയൊക്കെ കാല്‍ക്കീഴില്‍ മുഖം കുനിച്ച് ഏറാന്‍മൂളി നില്‍ക്കാനും സേട്ട്ജിമാരുടെ ആജ്ഞയ്‌ക്കൊത്ത് തന്റെ ദേശനിവാസികളെ അടിച്ചമര്‍ത്താനും കൊച്ചിയിലെ മൂപ്പന്മാര്‍ തയ്യാറാവേണ്ടിവന്നു. അവരുടെ ഹൃദയാര്‍ദ്രമായ കഥയാണ് ചാപ്പ.
കപ്പല്‍ത്തൊഴിലാളികള്‍ക്ക് അന്നു വറുതിയുടെ കാലം. അന്നൊക്കെ ജോലിക്ക് വിളിച്ചുവരുത്തുകയല്ല. രാത്രി 12 മണി കഴിയുമ്പോഴേ ജോലിക്കായി അന്നു മൂപ്പനെറിയുന്ന ചാപ്പ കിട്ടാനായി തൊഴിലാളികള്‍ പോര്‍ട്ടിനരികത്തേക്കു വാശിയോടെ വരും. ചാപ്പയെറിയുന്ന നിമിഷം പട്ടികള്‍ എല്ലിന്‍കഷണത്തിനു കടിപിടി കൂടുംപോലെയാണ് ചാപ്പയ്ക്കു വേണ്ടിയുള്ള മല്‍പ്പിടിത്തം.
ചാപ്പയിലെ കഥാപാത്രം മോയിറ്റ് സ്രാങ്ക് ഓര്‍ത്തു. പത്തിരുപത്തഞ്ചു കൊല്ലം മുമ്പ് മൂപ്പനായ താന്‍ ചാപ്പയെറിഞ്ഞത് ഇവിടെ ഈ പോര്‍ട്ടില്‍നിന്നാണ്. ഗേറ്റില്‍ താന്‍ എത്തുമ്പോഴേക്കും കടത്തിണ്ണകളിലും റോഡരുകിലെ ഉന്തുവണ്ടികളിലും കിടന്നുറങ്ങുന്ന പണിക്കാര്‍ തനിക്കു ചുറ്റും തിങ്ങിക്കൂടും. അപ്പക്കഷണത്തിനു ചുറ്റും കാക്കകള്‍ എന്നപോലെ. ഇരുപത്തഞ്ചു പേരുള്ള ഗാങിലേക്ക് ജോലിക്കായി അന്നെത്തുന്നത് മുന്നൂറും നാനൂറും ആളുകള്‍! ആകെ ഇരുപത്തഞ്ചു പേര്‍ക്കായി ഇരുപത്തഞ്ചു ചാപ്പകള്‍ എറിയും. ചാപ്പ കിട്ടിയവര്‍ക്കാണ് അന്നു ജോലി. കിട്ടാത്തവര്‍ നിരാശയോടെ രാത്രി വീണ്ടും വന്നു കടത്തിണ്ണയില്‍ കിടക്കും. പിറ്റേന്നാളത്തെ വെളുപ്പിനെങ്കിലും ഒരു ചാപ്പ കിട്ടിയെങ്കില്‍! കുടുംബത്തിലെ ദുരിതത്തിന് അതൊരാശ്വാസമായെങ്കില്‍…!
കൊച്ചിയിലെ മനുഷ്യരുടെ സങ്കടങ്ങളും ദുരിതങ്ങളും ഈ കഥയില്‍ ഒഴിഞ്ഞുപോകാത്തൊരു ബാധപോലെ കഥാകൃത്തെന്ന നിലയില്‍ എന്നെ പിന്തുടര്‍ന്നിട്ടുണ്ട് അക്കാലങ്ങളില്‍. ഇന്ന് തൊഴില്‍ യൂനിയനുകളും സംഘടനകളും വന്നതോടെ തൊഴിലാളിയുടെ സ്വാതന്ത്ര്യത്തിനു പരിധിയും പരിമിതികളും ഇല്ലാതായി.
പണ്ടു മുതലാളിക്കു വേണ്ടി സ്രാങ്ക് ചെയ്ത തെറ്റുകള്‍ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. അത് ഈ കഥ പറയുന്നു:
”അബൂട്ടിയെ ദ്രോഹിച്ച ഓര്‍മ സ്രാങ്കിനെ വീണ്ടും നടുക്കി. പണ്ടു യൂനിയനുണ്ടാക്കിയതിന് അബൂട്ടിയെ കപ്പലില്‍ കെട്ടിയിട്ട് വലിയ സോപ്പുബാര്‍ കൊണ്ട് പൊതിരെ തല്ലി. അതൊക്കെയും ഓഫിസര്‍മാരുടെയും സേട്ടുവിന്റെയും മുമ്പില്‍ താന്‍ മോശക്കാരനാകാതിരിക്കാനാണ്. യൂനിയന്‍ ഉണ്ടാക്കിയതിനും പണിക്കാരെ സംഘടിപ്പിച്ചതിനും കളവുകുറ്റം ചുമത്തി അബൂട്ടിയെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. അപ്പോഴൊന്നും യാതൊരു കുറ്റബോധവും തോന്നാതിരുന്ന തന്റെ ധാര്‍ഷ്ട്യത്തിന് കാലം തന്നോടു പകരം ചോദിച്ചു. മോയ്റ്റി സ്രാങ്കായിരുന്ന തന്നെ ഒന്നുമില്ലാത്തവനാക്കി കാലം.
മകന്റെ കാന്‍സര്‍ ചികിത്സച്ചെലവിനായി സ്രാങ്ക് സേട്ടുവിന്റെ മുന്നില്‍ നിന്ന് കെഞ്ചി. സേട്ട് മുഖം തിരിച്ചു. ഒരിക്കലും അയാളത് പ്രതീക്ഷിച്ചതേയില്ല.”
പണ്ട് സേട്ടുവിന്റെ മുമ്പിലിട്ട് തല്ലിയ അബൂട്ടിയെ കാലം കൊച്ചിയിലെ വലിയ തണേ്ടലനാക്കി മുന്നില്‍ നിര്‍ത്തിയപ്പോള്‍, മകനെ ചികിത്സിക്കാനായി അബൂട്ടി വച്ചുനീട്ടിയ കനിവ് നിഷേധിക്കുന്ന മോയിറ്റി സ്രാങ്ക് ഈ കഥയുടെ ആര്‍ദ്രതയുടെ എല്ലാ നിറവുമായി മാറുന്നു.
കൊച്ചിയുടെ ജീവിതം, തീരദേശത്തുള്ള മനുഷ്യജീവിതം പറഞ്ഞാല്‍ തീരാത്ത അത്രയുമുണ്ട്. അതൊരു ലെജന്റാണ്. അതിലെ ഒരേട് മറിക്കുമ്പോള്‍ ജമാല്‍ കൊച്ചങ്ങാടി എന്ന മനുഷ്യന്‍, എഴുത്തുകാരന്‍, കഥയെഴുത്തില്‍ കൂടുതല്‍ കാലം ഉറച്ചുനിന്നെഴുതിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയിട്ടുണ്ട്. പക്ഷേ, അദ്ദേഹം കഥയില്‍ ഉറച്ചുനില്‍ക്കാതെ പത്രപ്രവര്‍ത്തകനായി മാറിയപ്പോള്‍ പറയാനിരുന്ന കഥകള്‍ പലതും പറയാതെപോയ കൊച്ചി എഴുത്തുകാരനായി അവശേഷിച്ചു.
കൊച്ചിയുടെ പ്രാക്തനമായ തീരദേശജീവിതസംസ്‌കാരത്തിന്റെ പൊരുളും ആഴവും തപ്പാന്‍ പുതിയൊരു കഥാകൃത്തിനു കഴിയാതെ വരുമ്പോള്‍ ജമാല്‍ക്കയെപ്പോലുള്ളവര്‍ക്കു മാത്രമേ അതിനു കഴിയൂ എന്നു തോന്നുന്നു. അത്ര സങ്കീര്‍ണമായ കൊച്ചിയുടെ തീരദേശജീവിതത്തെ ഖനനം ചെയ്‌തെടുക്കാന്‍ വയസ്സിന്റെ മൂപ്പുകൊണ്ട് അദ്ദേഹത്തിനു മാത്രമേ കഴിയൂ.
എന്റെ വായനാനുഭവത്തില്‍ ഈ കഥാസമാഹാരത്തിലെ കഥകളെക്കുറിച്ച് എത്രയോ ഇനിയും പറയാനുണ്ട്. സ്ഥലപരിമിതി മൂലം അതിനു കഴിയുന്നില്ല. ജീവിതം പച്ചയാവുമ്പോള്‍ അതിന്റെ പര്യവസാനം എന്തെന്നു വായനക്കാരനെ വിസ്മയിപ്പിക്കുന്ന കഥാകൃത്താണ് കൊച്ചിക്കാരനായ എന്റെ ജമാല്‍ക്ക എന്ന ജമാല്‍ കൊച്ചങ്ങാടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss