|    Jan 24 Tue, 2017 4:46 am

ദുരിതങ്ങള്‍ വിട്ടൊഴിയാതെ കള്ളിയമ്പാറ കോളനിവാസികള്‍

Published : 20th October 2016 | Posted By: SMR

മുതലമട:  അടിസ്ഥാന കുടിവെള്ള, ശൗചാലയ, പാര്‍പ്പിട സൗകര്യങ്ങളില്ലാതെ പതിനെട്ടു വീടുകളിലായി 24 ആദിവാസി കുടുംബങ്ങള്‍.  മുതലമട പഞ്ചായത്തിലെ  കള്ളിയമ്പാറ ആദിവാസി കോളനിയില്‍ ചിറ്റൂര്‍ ഗവ.കോളജ് എന്‍എസ്എസ് യൂനിറ്റുകളും കൊല്ലങ്കോട് ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ആദിവാസികളുടെ ദുരിതകഥ പുറം ലോകമറിയുന്നത്. നീറ്റ ജലാറ്റിന്‍ കമ്പനി മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട മുതലമട പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ  കള്ളിയാമ്പാറ കോളനിയിലെ  കുടുംബങ്ങളാണ്  അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിഷമിക്കുന്നത്. സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ മാന്തോപ്പില്‍ വര്‍ഷങ്ങളായി രാസജൈവ മാലിന്യങ്ങള്‍  നിക്ഷേപിച്ചതിന്റെ ഫലമായി കോളനി നിവാസികളുടെ ഏക കുടിവെള്ള സ്രോതസ്സായ കിണര്‍ ഇപ്പോഴും മലിനമായി തുടരുന്നത്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി ജില്ലാ ഭരണ കൂടത്തിന്റെ സഹായവും പ്രഖ്യാപിച്ചെങ്കിലും ഒരു മെഡിക്കല്‍ ക്യാംപ് നടന്നതല്ലാതെ മറ്റൊന്നും ഇവര്‍ക്ക് കിട്ടിയില്ലെന്ന് കോളനി മൂപ്പന്‍ വേലായുധന്‍ പറഞ്ഞു. കിഡ്‌നിക്ക് രോഗം ബാധിച്ച് ഒരു വ്യക്തി മരണപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കപ്പെട്ട ശുദ്ധജല വിതരണം മഴ വന്നതോടെ നിര്‍ത്തി.  മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ മലിനമായ കിണര്‍ വെള്ളം തന്നെയാണ് ഇവര്‍  ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. അതിനാല്‍ത്തന്നെ കുട്ടികളിലും മുതിര്‍ന്നവരിലും ചൊറിഞ്ഞു പൊട്ടുന്ന ത്വക്ക് രോഗങ്ങളും വൃക്ക രോഗങ്ങളും കൂടി വരുന്നതായും കോളനിവാസികള്‍ പറഞ്ഞു. സമീപ തോട്ടത്തിലെ ആയിരക്കണക്കിന് ടണ്‍ വരുന്ന രാസ മാലിന്യം ഇപ്പോഴും നീക്കംചെയ്യാത്തതിനാല്‍ ഭാവിയില്‍ ഗുരുതരമായ ആരോഗ്യ-സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ പഞ്ചായത്തും സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്ന് എന്‍എസ്എസ് വോളന്റിയര്‍ സമൂഹം ആവശ്യപ്പെട്ടു.   സംസ്ഥാനത്തിന്റെ  സമ്പൂര്‍ണ ഒഡിഎഫ് പ്രഖ്യാപനത്തിന്റെ    ഭാഗമായി മുതലമട പഞ്ചായത്ത് ഒഡിഎഫ് പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും കേവലം മൂന്നോ നാലോ വീടുകളില്‍ മാത്രമാണ് ശൗചാലയങ്ങള്‍ ഉള്ളത്.  അതും ഓല കൊണ്ട് മറച്ചവയാണ്. മറ്റു വീട്ടുകാര്‍  ഇപ്പോഴും പഴയ തുറസ്സായ സ്ഥലങ്ങളില്‍ തന്നെയാണ് മല മൂത്ര വിസര്‍ജനം നടത്തുന്നത്.  ഇവിടെയുള്ള 18 വീടുകളിലും സുരക്ഷിതമായ കക്കൂസ് ഇല്ലാതെ തന്നെ പഞ്ചായത്ത് സമ്പൂര്‍ണ ഓഡിഎഫ് പ്രഖ്യാപനം നടത്തി സര്‍ക്കാരിനെ കബളിപ്പിക്കുകയായിരുന്നു. കൂടാതെ പൊട്ടി പൊളിഞ്ഞ വീടുകളിലാണ് മിക്ക കുടുംബങ്ങളും താമസിക്കുന്നത്. പ്രോഗ്രാം ഓഫിസര്‍മാരായ കെ പ്രദീഷ്, സി ജയന്തി സംസാരിച്ചു. പഠനത്തിനുള്ള സഹായ സഹകരണങ്ങള്‍ ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ  എസ് ഗുരുവായൂരപ്പന്‍, ആര്‍ സന്തോഷ്, ആര്‍ അര്‍ച്ചന എന്നിവരുടെ നേതൃത്വത്തില്‍  നല്‍കി. പഠന റിപോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുമെന്ന് എന്‍എസ്എസ്് പ്രോഗ്രാം ഓഫിസര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക