|    Nov 20 Tue, 2018 12:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദുരിതങ്ങള്‍ നേരിട്ടറിഞ്ഞ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം

Published : 12th August 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി/കൊച്ചി: മഴക്കെടുതിയുടെ ദുരിത നൊമ്പരങ്ങളുമായി ക്യാംപുകളില്‍ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അടങ്ങുന്ന ഉന്നതതല സംഘം സന്ദര്‍ശിച്ചു. വയനാട്ടിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രിയും സംഘവും ഉച്ചകഴിഞ്ഞ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ആദ്യം ആലുവയിലെ ചെങ്ങമനാട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാംപായ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കാണ് മുഖ്യമന്ത്രി എത്തിയത്. പഞ്ചായത്തിലെ കണ്ടംതുരുത്ത് പ്രദേശത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച 79 കുടുംബങ്ങളാണ് ഇവിടെയുള്ളത്. 53 കുട്ടികളടക്കം 325 പേരാണ് ക്യാംപിലുള്ളത്. സ്ത്രീകളോടും കുട്ടികളോടും വിവരങ്ങള്‍ തിരക്കിയ മുഖ്യമന്ത്രി എല്ലാവരെയും ആശ്വസിപ്പിച്ചു. പിന്നീട് അഹാന ഓഡിറ്റോറിയത്തിലേക്കു പോയി. കുന്നുകര പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാംപായ അഹാന ഓഡിറ്റോറിയത്തില്‍ 476 പേരാണുള്ളത്. തുടര്‍ന്ന് പുത്തന്‍വേലിക്കര പഞ്ചായത്തിലെ തേലതുരുത്തിലെ ദുരിതാശ്വാസ ക്യാംപായ കേരള ഓഡിറ്റോറിയത്തിലെത്തി. കേരള ഓഡിറ്റോറിയത്തില്‍ 792 പേരുണ്ട്. വയനാട്ടില്‍ കല്‍പറ്റ മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.
അതേ സമയം, മുഖ്യമന്ത്രി കട്ടപ്പന ഗവ. കോളജില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുത്ത് ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാനായില്ല. തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിക്കാന്‍ മന്ത്രി എം എം മണിയും സംഘവും കട്ടപ്പനയില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് മൂടല്‍മഞ്ഞ് മൂലം ഹെലികോപ്റ്ററിന് ഇറങ്ങാനാവില്ലെന്ന അറിയിപ്പ് എത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss