|    Feb 21 Tue, 2017 6:20 am
FLASH NEWS

ദുരിതങ്ങള്‍ താണ്ടിയെത്തിയ വീട്ടമ്മയ്ക്ക് വിമാനത്താവളത്തിലും പീഡനം

Published : 27th October 2016 | Posted By: SMR

കോഴിക്കോട്: വീട്ടുവേലക്കാരിയുടെ വിസയില്‍ ഖത്തറിലേക്കു പോയി തൊഴിലുടമകളി ല്‍നിന്നു പ്രയാസങ്ങള്‍ നേരിടേണ്ടിവന്ന വീട്ടമ്മ പത്തുവര്‍ഷത്തിനുശേഷം നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തിലും മാനസികമായി പീഡിപ്പിക്കപ്പെട്ടു. പാലക്കാട് ആലത്തൂരിലെ ബള്‍ക്കീസ് (48) ആണ് നീണ്ടകാലത്തെ പ്രവാസജീവിതത്തിനുശേഷം പലരുടെയും ഇടപെടലില്‍ നാട്ടിലെത്തിയപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ക്രൂരമായ ചോദ്യംചെയ്യലിനും പരിഹാസത്തിനും ഇരയായത്. പത്തുവര്‍ഷം മുമ്പാണ് ബള്‍ക്കീസ് ഖത്തറിലേക്ക് ഹൗസ്‌മെയ്ഡ് വിസയില്‍ പോയത്. ജോലി ലഭിച്ച വീട്ടില്‍നിന്നു പലപ്രാവശ്യം മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നതോടെ അവിടെനിന്നു മാറി മറ്റൊരിടത്ത് തൊഴില്‍ ചെയ്തു. ഇതിനിടെ തൊഴിലുടമ പാസ്‌പോര്‍ട്ട് ഖത്തര്‍ സിഐഡിയില്‍ ഏല്‍പ്പിച്ചു.
ഏഴുവര്‍ഷത്തിനിടെ മൂന്നിടങ്ങളിലാണ് ജോലി ചെയ്തതെന്ന് ബള്‍ക്കീസ് പറഞ്ഞു. പാസ്‌പോര്‍ട്ടിന്റെ കാലാവധി ഇതിനിടെ കഴിഞ്ഞിരുന്നു. ഖത്തറിലെ ഹെല്‍പ് ഡസ്‌ക്കിന്റെ സഹായത്തോടെ സിഐഡിയില്‍നിന്നു പാസ്‌പോര്‍ട്ടും എഴുത്തും ലഭിച്ച് നാട്ടിലേക്കു മടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യ ന്‍ എംബസി അധികൃതര്‍ രേഖ ശരിയാക്കാതെ മൂന്നുദിവസം ഇവരെ പ്രയാസപ്പെടുത്തി. അവസാനം വിമാന ടിക്കറ്റ് റദ്ദാക്കേണ്ടിവരുമെന്ന സാഹചര്യംവരെയുണ്ടായി. യാത്ര പുറപ്പെടേണ്ടിയിരുന്ന അന്നാണ് എംബസി അധികൃതര്‍ രേഖ നല്‍കിയത്. എല്ലാ കടമ്പകളും കടന്ന് തിങ്കളാഴ്ച രാവിലെ 7.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അകാരണമായി വൈകിപ്പിച്ചുവെന്നും ബള്‍ക്കീസ് പറഞ്ഞു.
പത്തുവര്‍ഷം ഖത്തറില്‍ എന്തായിരുന്നു ജോലി, ആരുടെ കൂടെയെല്ലാമാണ് ജോലി ചെയ്തത്, ആരോടൊപ്പമാണ് താമസിച്ചത്, എന്തു പണിയാണ് ചെയ്തതെന്ന് ഞങ്ങള്‍ക്കറിയാം തുടങ്ങി ഒരു സ്ത്രീയാണെന്നുപോലും പരിഗണിക്കാത്ത ചോദ്യങ്ങളാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍നിന്നുണ്ടായത്. ഖത്തര്‍ വിമാനത്തിലെത്തിയ എല്ലാവരും പുറത്തുപോയിട്ടും തന്നെ വിട്ടില്ലെന്നും അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് അപമാനിക്കുകയായിരുന്നുവെന്നും ബള്‍ക്കീസ് തേജസിനോടു പറഞ്ഞു.
10 വര്‍ഷം കഴിഞ്ഞ് കുടുംബത്തെ കാണാനുള്ള അതിയായ ആഗ്രഹത്തില്‍ നാട്ടിലെത്തിയതാണെന്നും പുറത്തുപോവാന്‍ അനുവദിക്കണമെന്നും കരഞ്ഞുപറഞ്ഞതോടെയാണ് നാലുമണിക്കൂര്‍ വൈകി 11.30തോടെ ബള്‍ക്കീസിനെ പോകാന്‍ അനുവദിച്ചത്. രേഖകളില്ലാതെ അന്യായമായി രാജ്യത്ത് തങ്ങിയിട്ടും ഖത്തര്‍ ഉദ്യോഗസ്ഥര്‍ വരെ മാന്യമായാണ് തന്നോടു പെരുമാറിയതെന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യല്‍ മാനസികമായി ഏറെ തളര്‍ത്തിയെന്നും ഇവര്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കാനുള്ള തീരുമാനത്തിലാണെന്നും ബള്‍ക്കീസ് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക