|    Feb 28 Tue, 2017 11:49 am
FLASH NEWS

ദുരിതം വിട്ടൊഴിയാതെ 12ാം ദിവസവും; വിപണിയില്‍ അവശ്യസാധനങ്ങള്‍ക്കടക്കം ക്ഷാമം നേരിട്ടുതുടങ്ങി

Published : 21st November 2016 | Posted By: SMR

പത്തനംതിട്ട: കറന്‍സി നിരോധനം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവാതെ 12ാം ദിവസവും. ജില്ലയിലെ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയാണ് ഇപ്പോള്‍ നോട്ട് പ്രതിസന്ധി കൂടുതല്‍ ദുരിതത്തിലാക്കുന്നത്. ബാങ്കുകള്‍ പ്രവര്‍ത്തിക്കാതിരുന്നതും എടിഎമ്മുകളില്‍ പണമില്ലാതിരുന്നതുമാണ് ഇന്നലെയും ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നതിന് കാരണമായത്. നോട്ടുകള്‍ പിന്‍വലിച്ചതു മൂലമുള്ള പ്രതിസന്ധി മാറാത്തത് വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചു തുടങ്ങി. വിപണിയില്‍ അവശ്യ സാധനങ്ങള്‍ക്കടക്കം ക്ഷാമം നേരിട്ടു തുടങ്ങി. ഇത് ജനത്തെ പട്ടിണിയിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും വ്യാപാരികള്‍ നല്‍കുന്നു. പച്ചക്കറി, പഴവര്‍ഗ വ്യാപാരികളും ഏറെ ദുരിതത്തിലാണ്. കടകളിലെത്തുന്ന സാധനങ്ങള്‍ അന്നന്ന് വിറ്റ് പോവാത്തതാണ് ഇവരുടെ പ്രതിസന്ധി. മൊത്ത കച്ചവടക്കാരാണ് ചെറുകിട വ്യാപാരികള്‍ക്ക് സാധനങ്ങള്‍ എത്തിച്ചിരുന്നത്. സാമ്പത്തിക മാന്ദ്യം മൂലം അവര്‍ സാധനങ്ങളെത്തിക്കുന്നില്ല. മുമ്പ് സാധനങ്ങള്‍ നല്‍കിയതിന്റെ കുടിശ്ശിക ചെറുകിട കച്ചവടക്കാര്‍ നല്‍കാത്തതും മൊത്ത കച്ചവടക്കാരെ ബാധിച്ചു. നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം മൂന്നു നാലു ദിവസങ്ങള്‍ കൂടി മൊത്ത കച്ചവടക്കാര്‍ ഇത്തരം നോട്ടുകള്‍ സ്വീകരിച്ചിരുന്നു. വ്യാപാരികളുടെ കറന്റ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നത് തടഞ്ഞതോടെ അവര്‍ നോട്ടുകള്‍ വാങ്ങുന്നില്ല. പുതിയ നോട്ടുകള്‍ നല്‍കാന്‍ ചെറുകിട കച്ചവടക്കാരുടെ കൈവശവുമില്ല. ഇതാണ് വിപണിയില്‍ സാധനങ്ങളെത്തിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. കടകളിലൊക്കെ നിത്യോപയോഗ സാധനങ്ങളുടെ സ്റ്റോക്ക് തീര്‍ന്നു തുടങ്ങി. പ്രതിസന്ധി തുടര്‍ന്നാല്‍ അടുത്തയാഴ്ച മിക്ക സാധനങ്ങളും കിട്ടാതാവും. ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനുള്ള പേപ്പര്‍ പോലും കിട്ടാനില്ലെന്നും റിപോര്‍ട്ടുകളുണ്ട്. ഗുണമേന്മ കുറഞ്ഞ പേപ്പറിലാണ് കോപ്പികളെടുക്കുന്നത്. ഇത്തരത്തില്‍ മറ്റു പല സാധനങ്ങളും കിട്ടതായിട്ടുണ്ട്. 50ം, 1000 നോട്ടുകള്‍ അസാധുവാക്കിയതോടെ ചില്ലറ വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ അവശ്യ സാധനങ്ങളുടെ അടക്കം വ്യാപാരം 30 ശതമാനമായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ബാങ്കുകളും അടിയന്തര നടപടികള്‍ സ്വീകരിക്കണം. വ്യാപാര, വ്യവസായ മേഖലയില്‍ നല്‍കിയിരിക്കുന്ന ബാങ്ക് വായ്്പയുടെ പലിശ ആറുമാസത്തേക്ക് ഒഴിവാക്കുക, ബാങ്കുകളുടെ വായ്്പകളില്‍മേല്‍ ഒരു വര്‍ഷത്തെ മൊറോട്ടോറിയം പ്രഖ്യാപിക്കുക, ബാങ്കുകള്‍ നല്‍കുന്ന പിഒസി യന്ത്രങ്ങളുടെ കമ്മീഷന്‍ ഗണ്യമായി കുറയ്ക്കുക, വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ബന്ധപ്പെട്ട ക്ഷേമ നിധികളില്‍ നിന്ന് അടിയന്തര സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പത്തനംതിട്ടയില്‍ ചേര്‍ന്ന വ്യാപാരികളുടെ യോഗം മുന്നോട്ട് വച്ചു. യോഗത്തില്‍ പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day