|    Jul 29 Sat, 2017 5:27 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുരിതം പെയ്യുന്ന സിറിയയില്‍ കരുണയുടെ കുടചൂടി ഖത്തര്‍

Published : 13th January 2016 | Posted By: SMR

ദോഹ: പട്ടിണി മരണം ഉള്‍പ്പെടെ വലിയ മാനുഷിക ദുരന്തം മുന്നില്‍ കാണുന്ന സിറിയന്‍ ജനതയ്ക്ക് സഹായമെത്തിക്കാന്‍ കൈമെയ് മറന്ന് ഖത്തറിലെ ജീവകാരുണ്യ സംഘടനകള്‍. സൈന്യവും പോരാളികളും ഏറ്റുമുട്ടലും ഉപരോധവും തുടരുന്ന പല പ്രദേശങ്ങളിലും വലിയ വെല്ലുവിളികള്‍ തരണം ചെയ്താണ് സഹായമെത്തിക്കുന്നത്.
ഈദ് ചാരിറ്റി, ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ചാരിറ്റി, റാഫ് തുടങ്ങിയ സംഘടനകളാണ് സിറിയക്കകത്തും സംഘര്‍ഷങ്ങളില്‍ നിന്ന് പലായനം ചെയ്ത് വിവിധ രാജ്യങ്ങളിലും കഴിയുന്ന അഭയാര്‍ഥികള്‍ക്ക് കരുണയുടെ കൈനീട്ടുന്നത്. രാജ്യത്തെ 285 ചികില്‍സാ കേന്ദ്രങ്ങള്‍ ബോംബിങില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് ഖത്തര്‍ റെഡ് ക്രസന്റ് പറയുന്നു.
2014ല്‍ തകര്‍ന്ന തെല്‍ അബ്‌യദ് ആശുപത്രിയും 2015ല്‍ തകര്‍ന്ന സോര്‍ബ ക്ലിനിക്കും ഇതില്‍പ്പെടും. ഖത്തര്‍ റെഡ് ക്രസന്റ് സര്‍ജന്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 657 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്.
56 ലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ 1.22 കോടി പേരാണ് സിറിയയില്‍ സഹായം കാത്തിരിക്കുന്നത്. 2011ല്‍ സംഘര്‍ഷം ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്നതിന്റെ അഞ്ചിരട്ടിവരുമിത്.
സര്‍ക്കാരും സായുധ സംഘങ്ങളും നടത്തുന്ന ഉപരോധം മൂലം 40,000ഓളം പേര്‍ പട്ടിണിയുടെ പിടിയിലമര്‍ന്ന സിറിയയിലെ മെദായ പട്ടണം ലോകത്തിന്റെ ശ്രദ്ധ നേടിയിട്ടുണ്ട്. കുട്ടികളുള്‍പ്പെടെ ആയിരക്കണക്കിന് മനുഷ്യ ജീവനുകള്‍ കൊണ്ടാണ് ഇവര്‍ കളിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ ഫിലിപ് ലൂഥര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ശീതകാല കാംപയ്‌നില്‍ ഖത്തറിലെ ഭൂരിഭാഗം ജീവകാരുണ്യ സംഘടനകളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സിറിയയിലാണ്. ഭക്ഷണം, വസ്ത്രം, ഇലക്ട്രിക് ഹീറ്ററുകള്‍, ടാര്‍പോളിന്‍, ബ്ലാങ്കറ്റ്, ചൂടാക്കാനുള്ള എണ്ണ തുടങ്ങിയവയാണ് സംഘടനകളുടെ നേതൃത്വത്തില്‍ ഇവിടെയെത്തിക്കുന്നത്.
സിറിയയിലെ 1,000 അനാഥരുടെ കാര്യം ഏറ്റെടുക്കുമെന്ന് ഒരു ഖത്തരി പൗരന്‍ അറിയിച്ചതായി ഈദ് ചാരിറ്റി ഈയാഴ്ച അറിയിച്ചിരുന്നു. മാസം 1,50,000 റിയാലാണ് ഇതിന് ചെലവ്. 4,323 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നിലവില്‍ ഈദ് ചാരിറ്റി സഹായമെത്തിക്കുന്നുണ്ട്.
വിവിധ ഫീല്‍ഡ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഖത്തര്‍ റെഡ് ക്രസന്റിന്റെ 400 വൊളന്റിയര്‍മാര്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാദേശിക സംഘടനകളുമായി സഹകരിച്ചാണ് ക്യൂആര്‍സിയുടെ പ്രവര്‍ത്തനം. ഇദ്‌ലിബില്‍ ഇവരുടെ നേതൃത്വത്തില്‍ 100 കളിമണ്‍ വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. 500 വീടുകള്‍ നിര്‍മാണ ഘട്ടത്തിലാണ്.
ഖത്തര്‍ ചാരിറ്റി ശീതകാല കാംപയ്‌ന്റെ ഭാഗമായി തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയിലുള്ള അല്‍റിഹാനിയയില്‍ 2000 ഭക്ഷണ കൂടകള്‍ വിതരണം ചെയ്തു. ഓരോ കൂടയിലും അഞ്ചംഗ സിറിയന്‍ കുടുംബത്തിന് ഒരു മാസം കഴിയാനുള്ള ഭക്ഷ്യവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്.
50,000 ബ്ലാങ്കറ്റുകള്‍, 50,000 ഹീറ്ററുകള്‍, 30,000 ജാക്കറ്റുകള്‍, 1000 ടെന്റുകള്‍ എന്നിവയും സംഘടന വിതരണം ചെയ്തിട്ടുണ്ട്.
അടിയന്തര പ്രതികരണം എന്ന പേരില്‍ റാഫ് കഴിഞ്ഞ ദിവസം പ്രത്യേക കാംപയ്ന്‍ ആരംഭിച്ചു. ദേറയിലും ദമസ്‌കസിന്റെയും ഖുനൈത്രയുടെയും പരിസര പ്രദേശങ്ങളിലുമുള്ള 5,50,000ഓളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രധാനമായും വൈദ്യസഹായമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക