|    Feb 20 Mon, 2017 9:58 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുരിതം പെയ്യുന്ന ഫലസ്തീനിലെ ആശുപത്രികളില്‍ സേവന സന്നദ്ധരായി ഖത്തര്‍ ഡോക്ടര്‍മാര്‍

Published : 21st November 2016 | Posted By: SMR

ദോഹ: ഫലസ്തീനിലെ ദുരിത സാഹചര്യം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കേ വെസ്റ്റ്ബാങ്കിലെ ആശുപത്രികളില്‍ സഹായ സന്നദ്ധരായി ഖത്തറില്‍ നിന്നുള്ള ഡോക്ടര്‍മാരെത്തി. വൈദ്യുത ഉപകരണങ്ങളും വിദഗ്ധ ഡോക്ടര്‍മാരുമില്ലാതെ നരക തുല്യമായ അവസ്ഥയിലായിരുന്ന നൂറുകണക്കിന് രോഗികള്‍ക്കാണ് ഖത്തര്‍ ഡോക്ടര്‍മാരുടെ സേവനം ലഭിച്ചത്. ഇസ്രായേലിന്റെ കടുത്ത തടസ്സങ്ങള്‍ അതിജീവിച്ചാണ് പലരും സേവനത്തിനായി ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്.
ഫലസ്തീനില്‍ സേവനമനുഷ്ടിച്ച സിദ്‌റ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള നഴ്‌സുമാരും ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ദോഹ ന്യൂസുമായി അനുഭവങ്ങള്‍ പങ്കുവച്ചു. 2015 സപ്തംബറില്‍ നബ്‌ലുസിലെ റാഫിദിയ സര്‍ജിക്കല്‍ ഹോസ്പിറ്റലിലാണ് ഖത്തര്‍ വൈദ്യ സംഘം സേവനം ആരംഭിച്ചത്. ജറുസലേമില്‍ നിന്ന് 50 കിലോമീറ്റര്‍ വടക്കുള്ള ഈ നഗരം മൂന്ന് അഭയാര്‍ഥി ക്യാംപുകളുടെ ആസ്ഥാനം കൂടിയാണ്. കടുത്ത തൊഴിലില്ലായ്മയ്ക്കും ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യതയ്ക്കുമൊപ്പം ആശുപത്രികളും സ്‌കൂളുകളുമൊക്കെ തകര്‍ച്ചയുടെ വക്കിലാണിവിടെ.
സിദ്‌റ സംഘം അവിടെയെത്തിയപ്പോള്‍ വൈദ്യസഹായം തേടിയെത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലിസിനെ വിളിക്കേണ്ടി വന്നുവെന്ന് ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം മേധാവി ഡോ. ജേസണ്‍ ഹൊവാഡ് പറഞ്ഞു. ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ അത്രയും കഷ്ടപ്പാടിലായിരുന്നു അവര്‍.
ഫലസ്തീന്‍ ദൗത്യത്തിനിടെ നിരവധി സങ്കീര്‍ണ ശസ്ത്രക്രിയകളാണ് സംഘം പൂര്‍ത്തിയാക്കിയത്.
ക്ലിനിക്കുകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനവും സംഘം നല്‍കി. ആശുപത്രിയില്‍ ആകെ രണ്ട് കണ്‍സള്‍ട്ടന്റുമാരാണ് ഉണ്ടായിരുന്നത്. വെസ്റ്റ് ബാങ്കില്‍ ആകെ ഒരു പീഡിയാട്രിക് ഓര്‍ത്തോപീഡിക് സര്‍ജന്‍ മാത്രമാണുള്ളതെന്ന് ഹൊവാഡ് പറഞ്ഞു. അവസാന നിമിഷമാണ് ശസ്ത്രക്രിയക്ക് വേണ്ട അനസ്തീഷ്യോളജസ്റ്റിനെ കിട്ടിയത്. തങ്ങളുടെ വാര്‍ഷിക അവധി പ്രയോജനപ്പെടുത്തിയാണ് ഡോക്ടര്‍മാര്‍ ഫലസ്തീനിലെത്തിയത്.
അമേരിക്കന്‍ എന്‍ജിഒ ആണ് വേണ്ട ഫണ്ട് നല്‍കിയത്. ഹൊവാഡ് 2014 മുതല്‍  വര്‍ഷം തോറും നബ്‌ലുസിലും റാമല്ലയിലും എത്താറുണ്ട്.
ആദ്യമായി ഫലസ്തീനില്‍ സേവനത്തിനെത്തിയ ക്ലിനിക്കല്‍ നഴ്‌സ് ലീഡര്‍ ട്രേസി ഗ്ലെന്‍ കരഞ്ഞുകൊണ്ടാണ് തന്റെ അനുഭവങ്ങള്‍ വിവരിച്ചത്. പല രോഗികള്‍ക്കും തങ്ങള്‍ നല്‍കിയ ചികില്‍സ മരണത്തിനും ജീവിതത്തിനും ഇടയിലെ പാലമായിരുന്നുവെന്ന് അവര്‍ വിശദീകരിച്ചു. വന്‍തുക ചിലവ് വരുന്ന നിരവധി ശസ്ത്രക്രിയകള്‍ സിദ്‌റ ടീം അവിടത്തെ രോഗികള്‍ക്കു വേണ്ടി ചെയ്തു നല്‍കി.
ഫലസ്തീനിയന്‍ ചില്‍ഡ്രന്‍സ് റിലീഫ് ഫണ്ടാണ് ഇവരുടെ യാത്രയ്ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത്. യുഎസ് എന്‍ജിഒയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘത്തിന് പോലും നബ്‌ലുസില്‍ എത്തിച്ചേരുക എന്നത് വളരെ പ്രയാസകരമാണെന്ന് സിദ്‌റ സംഘത്തിന്റെ അനുഭവം തെളിയിക്കുന്നു.
ജോര്‍ദാനിലേക്ക് വിമാനത്തില്‍ ചെന്ന് കിങ് ഹുസയ്ന്‍ പാലം വഴി തെല്‍അവീവിലേക്ക് യാത്ര ചെയ്താണ് ഡോക്ടര്‍മാര്‍ ഇവിടെ എത്തുന്നത്. ഇസ്രായേലാണ് അതിര്‍ത്തികള്‍ നിയന്ത്രിക്കുന്നത് എന്നതിനാല്‍ സര്‍ക്കാരിന്റെ അനുമതി കൂടാതെ ഡോക്ടര്‍മാര്‍ക്ക് ഫലസ്തീനില്‍ എത്താനാവില്ല.
പാശ്ചാത്യന്‍ ഡോക്ടര്‍മാര്‍ക്ക് ഫലസ്തീനില്‍ എത്തുക കുറച്ചുകൂടി എളുപ്പമാണെങ്കിലും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് വലിയ തടസ്സങ്ങളാണ് ഇസ്രായേലി ചെക്ക്‌പോസ്റ്റുകളില്‍ നേരിടേണ്ടിവരുന്നതെന്ന് കനേഡിയന്‍ പൗരത്വമുള്ള ഗ്ലെന്‍ പറഞ്ഞു.
ഫലസ്തീനില്‍ തങ്ങള്‍ക്ക് ലഭിച്ച ആതിഥ്യവും സ്‌നേഹവും അദ്ഭുതാവഹമായിരുന്നുവെന്ന് ഒക്കുപ്പേഷനല്‍ തെറാപ്പിസ്റ്റ് സ്‌കോട്ട് ബേണ്‍സ് പറഞ്ഞു. തങ്ങള്‍ ചെയ്ത് നല്‍കുന്ന സേവനങ്ങള്‍ക്കു നന്ദിയായി ടാക്‌സി ഡ്രൈവര്‍മാരും പലഹാരങ്ങള്‍ നിര്‍മിക്കുന്നവരുമൊന്നും പണം വാങ്ങിയില്ല. കടുത്ത യുദ്ധ സാഹചര്യത്തിലും തങ്ങളുടെ അന്തസ്സും സന്തോഷം നിറഞ്ഞ ജീവിതവും കാത്തുസൂക്ഷിക്കുന്ന ഫലസ്തീന്‍കാരെപ്പോലെ ഒരു ജനതയെ ലോകത്ത് ഒരിടത്തും കാണാനാവില്ലെന്ന് ഫാറ്റല്‍ സര്‍ജറി ചീഫ് ഡോ. അബ്ദുല്ല സറൂഗ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക