|    Aug 14 Tue, 2018 11:57 am
FLASH NEWS

ദുരിതം കാണാന്‍ കലക്ടര്‍ എത്തിയില്ല; വരവും കാത്ത് ഒരു കുടുംബം

Published : 2nd July 2018 | Posted By: kasim kzm

മരട്: കുമ്പളത്ത് മല്‍സ്യതൊഴിലാളിയായ ചിറ്റേഴത്ത് ശശിയുടെ കുടുംബത്തിന് വീട്ടില്‍ നിന്ന്  പുറത്തിറങ്ങാന്‍ വഴിയില്ലാതായ സംഭവത്തില്‍ പതിനെട്ട് വര്‍ഷമായി പരാതികള്‍ നല്‍കി മടുത്തപ്പോള്‍ വീണ്ടും കലക്ടറുടെ ഇടപെടല്‍, ഈ കുടുംബത്തിന് അല്‍പ്പം പ്രതീക്ഷ നല്‍കി. ഈ കുടുംബത്തിന്റെ ദുരിതം’ മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട ഉടനെ, സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് നല്‍കുവാന്‍ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല കുമ്പളം വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫിസര്‍ ശശിയുടെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും വേണ്ട നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പെട്ട കലക്ടര്‍ ദുരിതം കാണാന്‍ ഇതുവരെ എത്താത്തത് ശശിയുടെ കുടുംബത്തെ നിരാശരാക്കുന്നു. എന്നാല്‍ തന്റെ കുടുംബത്തിന്റെ ദുരിതം നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ കലക്ടര്‍ ഇന്നല്ലെങ്കില്‍ നാളെ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് മണിമേഖലയും കുടുംബവും.ഇരുപത്തിനാല് വര്‍ഷം മുമ്പാണ് മല്‍സ്യതൊഴിലാളിയായ ചിറ്റേഴത്ത് ശശി കുമ്പളത്ത് പതിനാലാം വാര്‍ഡില്‍ പുഴയോട് ചേര്‍ന്ന നാല് സെന്റ് സ്ഥലം ഒരു സുഹൃത്തില്‍ നിന്ന് വില കൊടുത്ത് വാങ്ങിയത്. വഴി നല്‍കാമെന്ന് പറഞ്ഞാണ് കച്ചവടമുറപ്പിച്ചതെങ്കിലും സ്ഥലമുടമ പിന്നീട് വാക്ക് മാറ്റിയതോടെയാണ് പുറത്തേക്ക് പോവാനുള്ള വഴിയടഞ്ഞത്. ഭാര്യ തയ്യല്‍ജോലി ചെയ്യുന്ന മണിമേഖലയും ഏകമകന്‍ യദുകൃഷ്ണനുമാണ് ഇടിഞ്ഞ് വീഴാവുന്ന വീട്ടില്‍ താമസിക്കുന്നത്.  പുഴയില്‍ കല്ലിനോട് ചേര്‍ന്ന് കുറ്റിയടിച്ച് അതില്‍ പലക നിരത്തി പാലം പോലെയുണ്ടാക്കി നടന്നാണ് ശശിയും കുടുംബവും പുറത്തേക്കിറങ്ങുന്നത്. വീട്ടിലേക്കാവശ്യമായ കുടിവെള്ളവും എത്തിക്കുന്നത് അപകടം പിടിച്ച ഈ പാലത്തിലൂടെയാണ്. പാവപ്പെട്ടവര്‍ക്ക് വീട് എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ലൈഫ്മിഷന്‍’ പദ്ധതിയില്‍പ്പെടുത്തി ശശിക്ക് ലോണ്‍ അനുവദിച്ചിട്ടുണ്ടെങ്കിലും വഴിയില്ലാത്തതിനാല്‍ നിര്‍മാണ സാമഗ്രികളും മറ്റും എത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും കിട്ടാത്ത അവസ്ഥയാണിപ്പോള്‍ ഈ കുടുംബത്തിനുള്ളത്. കലക്ടര്‍ എത്തുന്നതോടെ തന്റെ എല്ലാ ദുരിതത്തിനും ഒരു പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയില്‍ ജില്ലാ ഭരണാധികാരി വരുന്നതും കാത്തിരിക്കുകയാണ് മണിമേഖല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss