|    Jun 18 Mon, 2018 5:19 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദുരഭിമാനക്കൊല: മൂന്നുപേര്‍ കൂടി പിടിയില്‍

Published : 31st May 2018 | Posted By: kasim kzm

കോട്ടയം: ദുരഭിമാനക്കൊലക്കേസില്‍ മൂന്നുപേര്‍കൂടി പിടിയിലായി. നട്ടാശ്ശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി ജോസഫിനെ മാന്നാനത്തെ ബന്ധുവീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിഷാദ്, ഷെഹിന്‍, ടിറ്റോ ജെറോം എന്നിവരാണ് പിടിയിലായത്. ഏറ്റുമാനൂര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് നിഷാദും ഷെഹിനും പോലിസ് സംഘത്തിന്റെ പിടിയിലായത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പോലിസ് പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പുനലൂര്‍ സ്വദേശി ടിറ്റോ ജെറോമാണ് പീരുമേട് കോടതിയില്‍ കീഴടങ്ങിയത്. ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാവും നീനുവിന്റെ ബന്ധുവുമായ നിയാസ്, റിയാസ്, ഇഷാന്‍, നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ, പുനലൂര്‍ സ്വദേശി മനു എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതോടെ ക്വട്ടേഷന്‍ സംഘത്തിലെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ആകെ 14 പ്രതികളാണ് കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നത്. അതിനിടെ, 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ അഞ്ചുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിടാന്‍ ഏറ്റുമാനൂര്‍ കോടതി ഉത്തരവായി.
പ്രതികള്‍ക്കെതിരേ കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോവല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തുവന്ന ചാക്കോയെയും ഷാനു ചാക്കോയെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ക്വട്ടേഷന്‍ സംഘത്തിന് സഹായം നല്‍കിയതിന്റെ പേരില്‍ ഗാന്ധിനഗര്‍ എഎസ്‌ഐമാരായ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പ്രതികള്‍ സഞ്ചരിച്ചിരുന്ന മൂന്ന് കാറുകളും പോലിസ് കണ്ടെടുത്തു. കേസിലെ പ്രതിയായ ടിറ്റുവിന്റെ ഉടമസ്ഥതയിലുള്ള ഐ 20 കാറാണു കണ്ടെത്തിയത്. ഇയാളുടെ വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ ഒളിപ്പിച്ചിട്ട നിലയിലായിരുന്നു കാര്‍. ഫോറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ കാര്‍ പരിശോധിച്ചു. പുനലൂരില്‍ നിന്ന് മറ്റ് രണ്ടുകാറുകളും പോലിസ് കണ്ടെടുത്തിരുന്നു. എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം കോട്ടയത്ത് പ്രത്യേക യോഗം ചേര്‍ന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss