|    Sep 21 Fri, 2018 6:38 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദുരഭിമാനം വെടിയണമെന്ന് മുന്‍ നയതന്ത്ര വിദഗ്ദരും

Published : 24th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി നേരിടുന്നതിന് വിദേശരാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നു മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദേശസഹായം ആവശ്യമില്ലെങ്കിലും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദേശസഹായം തേടുന്നതില്‍ തെറ്റില്ലെന്നാണു ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും വിദേശകാര്യ മുന്‍ സെക്രട്ടറി നിരുപമ റാവുവും വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രസ് സെക്രട്ടറിയായിരുന്ന സഞ്ജയ് ബാരുവും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. വിദേശസഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് മലയാളികളായ രണ്ടു വിദേശകാര്യ സെക്രട്ടറിമാര്‍ സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെ നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ ദുരന്തം ലഘുവായി കാണരുതെന്നാണു വിദേശകാര്യ മുന്‍ സെക്രട്ടറി നിരുപമ റാവു പറയുന്നത്. ഗള്‍ഫില്‍ നിന്നുള്ള സഹായ വാഗ്ദാനം ക്രിയാത്മകമായി കൈകാര്യം ചെയ്യാനുള്ളതാണ്. ഗള്‍ഫിലുള്ള ഇന്ത്യക്കാരില്‍ 80 ശതമാനവും മലയാളികളാണെന്നും നിരുപമ റാവു പറഞ്ഞു. അതിനാല്‍, കേരളത്തിനുള്ള വിദേശ സഹായം വേറിട്ട് കാണണമെന്നാണ് നിരുപമയുടെ അഭിപ്രായം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിദേശസഹായം വേണ്ടെന്ന് മാത്രമായിരുന്നു 2004ലെ കേന്ദ്ര തീരുമാനമെന്നാണ് ഇതിന് മറുപടിയുമായി വിദേശകാര്യ മുന്‍ സെക്രട്ടറിയും പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശിവശങ്കര്‍ മേനോന്‍ വ്യക്തമാക്കിയത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുനരധിവാസത്തിനു സഹായം സ്വീകരിക്കാം. അടിസ്ഥാന സൗകര്യ വികസനത്തിനു ധനസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രസ് സെക്രട്ടറി സഞ്ജയ് ബാരുവിന്റെ നിലപാടും ഗള്‍ഫ് സഹായത്തെ വേറിട്ടു കാണണമെന്നാണ്. സാധാരണയുള്ള സഹായവും ദുരന്തകാലത്തെ സഹായവും വ്യത്യസ്തമാണ്. ഇക്കാര്യത്തില്‍ ദുരഭിമാനം വെടിയണമെന്നും സഹായഹസ്തങ്ങള്‍ തള്ളിക്കളയരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss