|    Mar 24 Fri, 2017 12:02 am
FLASH NEWS

ദുരന്ത സ്മരണ പുതുക്കി പെരുമണ്‍

Published : 9th July 2016 | Posted By: SMR

കൊല്ലം : പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന്റെ 28-ാം വാര്‍ഷികത്തിലും ആ നടുക്കുന്ന ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി പുതുക്കാനും പെരുമണ്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനും ദുരന്തത്തില്‍ മരിച്ചവരുടെ ഉറ്റവരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ദുരന്ത ഭൂമിയിലെത്തി. പെരുമണ്‍ ദുരന്ത സ്മാരകത്തില്‍ രാവിലെ ട്രെയിന്‍ ദുരന്തത്തില്‍ മകന്‍ നഷ്ടമായ മാതാവ് എം ശാന്തമ്മയുടെയും എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ദുരന്ത ഭൂമിയില്‍ ഡോ. കെ വി ഷാജിയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്തു. പെരുമണ്‍ തീവണ്ടി ദുരന്തവും പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവും ഉണ്ടായപ്പോള്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ അഭാവം പ്രകടമായെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് ഉടനടി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെയില്‍വേ യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. എന്നാല്‍ പെരുമണ്‍ ദുരന്തം നടന്ന് 28 വര്‍ഷം കഴിഞ്ഞിട്ടും യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിയാത്തത് റെയില്‍വേയുടെ അനാസ്ഥയാണ് സൂചിപ്പിക്കുന്നത്. പെരുമണ്‍ ദുരന്തത്തിന് സമുചിതമായ സ്മാരകം ഇതുവരെ നിര്‍മിക്കാന്‍ പോലും റെയില്‍വേയ്ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ റെയില്‍വേ അധികാരികള്‍ നിഷേധാത്മകമായ സമീപനമാണ് പിന്തുടരുന്നതെന്ന് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. തൃക്കരുവ പഞ്ചായത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള കടപ്പായില്‍ ഡോ. വാസുദേവന്‍ സ്മാരക എവര്‍റോളിങ് ട്രോഫി മേയര്‍ അഡ്വ. രാജേന്ദ്രബാബുവില്‍ നിന്നും എസ് എന്‍ വി സ്‌കൂള്‍ മാനേജര്‍ കാവിള എം അനില്‍കുമാറും പ്രധാനാധ്യാപകന്‍ എം കെ അനിതയും ചേര്‍ന്ന് ഏറ്റുവാങ്ങി. ഹോമിയോ മെഡിക്കല്‍ ക്യാംപ് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് ഉദ്ഘാടനം ചെയ്തു. തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍പിള്ള, പനയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ വി ജയകൃഷ്ണന്‍, കൗണ്‍സിലര്‍ അഡ്വ. എം എസ് ഗോപകുമാര്‍, മങ്ങാട് സുബിന്‍ നാരായണ്‍, പുന്തല മോഹന്‍, പെരുമണ്‍ വിജയകുമാര്‍, പരവൂര്‍ സജീബ്, ആര്‍ പി പണിക്കര്‍, പ്രിജിലാല്‍, പെരുമണ്‍ ഷാജി, അഡ്വ. ജി. വിജയകുമാര്‍, പി സുരേന്ദ്രന്‍ സംസാരിച്ചു.
ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി, കടപ്പായില്‍ നേഴ്‌സിങ് ഹോം, കേരള പ്രതികരണ വേദി, ഫ്രണ്ട്‌സ് ഓഫ് ബേര്‍ഡ്‌സ്, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
ഐഎന്‍ടിയുസി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ദുരന്ത സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. അഡ്വ. കാഞ്ഞിരംവിള അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അഞ്ചാലുംമൂട് ഗവ. എച്ച് എസ് എസിലെ സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റുകള്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പരിപാടിക്ക് പിടിഎ പ്രസിഡന്റ് സി ജി സാഗര്‍, പ്രധാനാധ്യാപിക ശോഭനാദേവി, ദേവി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
അഞ്ചാലുംമൂട് എച്ച്എസ് എന്‍ എസ് എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിലും വിദ്യാര്‍ഥികള്‍ ദുരന്ത സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ദുരന്തത്തില്‍ മരിച്ച വിനയകുമാറിന്റെ ഓര്‍മ്മ പുതുക്കാന്‍ പിതാവ് രാജപ്പന്‍ ചെട്ടിയാരും ഭാര്യ അമ്മിണിയും ദുരന്ത ഭൂമിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. ദുരന്തം നടന്ന ഐലന്റ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായിരുന്ന ശക്തികുളങ്ങരയിലെ റിട്ട. പ്രധാനാധ്യാപകന്‍ ഗില്‍ബര്‍ട്ട് മോറീസും ഭാര്യ റിട്ട. പ്രധാനാധ്യാപിക ഗ്രേയ്‌സും രാവിലെ തന്നെ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയിരുന്നു.

(Visited 44 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക