|    Nov 14 Wed, 2018 2:20 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ദുരന്തഭൂമിയില്‍ ദുരന്തമായി സിപിഎം; ക്യാംപുകള്‍ കൈയേറി

Published : 22nd August 2018 | Posted By: kasim kzm

കൊച്ചി: കേരളത്തില്‍ പ്രളയം തുടങ്ങിയപ്പോള്‍ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി ജീവന്‍ പണയപ്പെടുത്തി പണിയെടുക്കുന്നവരെ ക്യാംപുകളില്‍ നിന്നു പുറത്താക്കി ദുരന്തഭൂമിയിലും സിപിഎമ്മിന്റെ രാഷ്ട്രീയക്കളി. പ്രളയം രൂക്ഷമായപ്പോള്‍ തടിയനങ്ങാതിരുന്നവരാണു രംഗം ശാന്തമായപ്പോള്‍ ക്യാംപുകള്‍ പിടിച്ചെടുക്കാന്‍ എത്തിയത്. കോണ്‍ഗ്രസ്, ലീഗ്, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിങ്ങനെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ടവരെ കായികമായി നേരിടുന്നതും വിവിധ സന്നദ്ധ സംഘടനകള്‍ നടത്തുന്ന ക്യാംപുകളുടെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണു സിപിഎം.കളമശ്ശേരി പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും നേതൃത്വം നല്‍കിയ ക്യാംപ് സിപിഎമ്മുകാര്‍ കൈയേറി. സന്നദ്ധസേവകര്‍ ക്യാംപ് മേല്‍നോട്ടം ഭംഗിയായി നിര്‍വഹിക്കുന്നതിനിടെയാണു സിപിഎമ്മുകാര്‍ ഇവരെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചത്. ഒരു സന്നദ്ധ പ്രവര്‍ത്തകയാണു തങ്ങളെ പുറത്താക്കിയ കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.കണ്ണൂരിലെ കൊട്ടിയൂരില്‍ സിപിഎമ്മിന്റെ ബി- ടീമായി പ്രവര്‍ത്തിച്ച പോലിസിനെ മജിസ്‌ട്രേറ്റ് വിളിച്ചുവരുത്തി ശാസിച്ച അവസ്ഥ വരെയുണ്ടായി. ദുര്‍ഘട മേഖലകളുള്‍പ്പെടുന്ന കൊട്ടിയൂരില്‍ ആരും എത്തിപ്പെടാത്തയിടങ്ങളില്‍ ദിവസങ്ങളായി രക്ഷാപ്രവര്‍ത്തനം നടത്തിയ എസ്ഡിപിഐ ആര്‍ജി ടീമംഗങ്ങളുടെ പ്രവര്‍ത്തനമാണു സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഇവിടെ ആദിവാസികളുടെ ആവശ്യപ്രകാരം എത്തിയ എസ്ഡിപിഐ ആര്‍ജി ടീമിനെ സിപിഎം സംഘം ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. പിന്നീട് സിപിഎമ്മിന്റെ നിര്‍ദേശത്തെ തുടര്‍ന്നു പോലിസ് 13 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ 353ാം വകുപ്പു പ്രകാരം ജാമ്യമില്ലാ കുറ്റം ചാര്‍ത്തിയാണു കേസെടുത്തത്. എന്നാല്‍ പോലിസിന്റെ കള്ളക്കളി മനസ്സിലാക്കിയ മജിസ്‌ട്രേറ്റ് 13 പേരെയും സ്വന്തം ജാമ്യത്തില്‍ വിടുകയും എസ്‌ഐയെ വിമര്‍ശിക്കുകയും ചെയ്തു. പന്തളത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ ഐഡിയല്‍ റിലീഫ് വിങിനെ ക്യാംപില്‍ നിന്നു പുറത്താക്കാനുള്ള നീക്കത്തിലും സിപിഎം നാണംകെട്ടു. അധികൃതരുടെ അനുവാദത്തോടെ നാലു ദിവസങ്ങളായി നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പന്തളം എന്‍എസ്എസ് ബോയ്‌സ് സ്‌കൂളിലെ ക്യാംപ് അടച്ചുപൂട്ടാനാണു സിപിഎം ശ്രമിച്ചത്. തഹസില്‍ദാരില്‍ സമ്മര്‍ദം ചെലുത്തി ക്യാംപ് ഏറ്റെടുക്കുകയാണെന്ന് അറിയിപ്പ് പുറപ്പെടുവിച്ചു. പിന്നീട് പോലിസുമായെത്തി ക്യാംപില്‍ നിന്ന് വോളന്റിയര്‍മാരെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതിനെതിരേ ക്യാംപ് അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ സിപിഎമ്മും പോലിസും വഷളാവുകയായിരുന്നു. എറണാകുളം നായരമ്പലത്തു പ്രവര്‍ത്തിക്കുന്ന ഒമ്പത് ക്യാംപുകളും തങ്ങളുടെ അക്കൗണ്ടിലാക്കാനുള്ള സിപിഎം ശ്രമം മറ്റുള്ളവര്‍ എതിര്‍ത്തതോടെ പരാജയപ്പെട്ടു. ക്യാംപില്‍ നിന്നുള്ള സാധനങ്ങളുടെ നീക്കം കൈപ്പിടിയിലൊതുക്കാ ന്‍ ശ്രമിക്കുകയും ദുരിതാശ്വാസ ക്യാംപുകള്‍ക്കായുള്ള വാഹനത്തില്‍ ഡിവൈഎഫ്‌ഐ കൊടികെട്ടുകയും ചെയ്തത് ഇവിടെ സംഘര്‍ഷത്തിനിടയാക്കി. കടകളില്‍ നിന്നു സാധനങ്ങള്‍ തോന്നുന്നതു പോലെ എടുത്തുകൊണ്ടു പോവുന്നതും ചോദിച്ചിട്ട് കൊടുത്തില്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്നതും മര്‍ദിക്കുന്നതുമായ സംഭവങ്ങള്‍ പലയിടത്തുമുണ്ടായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss