|    Oct 16 Tue, 2018 11:02 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദുരന്തബാധിതര്‍ക്ക് പ്രത്യേക പാക്കേജ്‌

Published : 7th December 2017 | Posted By: kasim kzm

സ്വന്തം  പ്രതിനിധിതിരുവനന്തപുരം: കേരളതീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്കും ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കും ധനസഹായം ലഭിക്കും. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുന്നതിനൊപ്പം മുന്നറിയിപ്പ് നല്‍കാന്‍ കുറ്റമറ്റ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനിയും നിരവധി പേരെ കണ്ടെത്താനുള്ള സാഹചര്യത്തില്‍ സേനാവിഭാഗങ്ങള്‍ കടലില്‍ നടത്തുന്ന തിരച്ചില്‍ തുടരും. ധനസഹായം നല്‍കുന്നതിലെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും മുന്‍കരുതല്‍ നടപടികളിലും ദുരന്തനിവാരണ അതോറിറ്റി പുനസ്സംഘടിപ്പിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും രണ്ടു വിദഗ്ധ സമിതിയെയും നിയോഗിച്ചു.മരിച്ച മല്‍സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കും. നേരത്തേ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും ബദല്‍ ജീവനോപാധിക്കായി ഫിഷറീസ് വകുപ്പില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും ഉള്‍പ്പെടെയാണ് 20 ലക്ഷം നല്‍കുക. ഗുരുതരമായി പരിക്കേറ്റ് മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത ആരോഗ്യസ്ഥിതിയിലായവര്‍ക്ക് ബദല്‍ ജീവനോപാധിയായി ഓരോ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ നല്‍കും. മല്‍സ്യത്തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്ക് ദിനംപ്രതി 60 രൂപയും കുട്ടികള്‍ക്ക് 45 രൂപയും വീതം ഏഴുദിവസത്തേക്ക് അനുവദിക്കും. മല്‍സ്യത്തൊഴിലാളികള്‍ക്കെല്ലാം ഒരു മാസം സൗജന്യറേഷന്‍ നല്‍കും. ബോട്ട്/മല്‍സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നേരിട്ട നഷ്ടത്തിന് തത്തുല്യമായ നഷ്ടപരിഹാരം നല്‍കും. മരിക്കുകയോ കാണാതാവുകയോ ചെയ്തവരുടെ മക്കള്‍ക്ക് അര്‍ഹമായ സൗജന്യ വിദ്യാഭ്യാസം/തൊഴില്‍ പരിശീലനം ലഭ്യമാക്കും. ദുരന്തത്തോട് അനുബന്ധിച്ചുണ്ടായ കൃഷിനാശം, വീട് നഷ്ടപ്പെടല്‍, ചികില്‍സാ ചെലവ് എന്നിവയ്ക്കും ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്കും ഉചിതമായ സാമ്പത്തിക സഹായം അനുവദിക്കും.ദുരന്തത്തിനിരയായ മല്‍സ്യത്തൊഴിലാളികള്‍ക്കു നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുന്നതിന് ശുപാര്‍ശ നല്‍കാന്‍ റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. ഏതെങ്കിലും മല്‍സ്യത്തൊഴിലാളിയെ കണ്ടെത്താനാവാതെ വന്നാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കേണ്ട കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കുന്നതിന് ശുപാര്‍ശ നല്‍കുന്നതിനും നിലവിലുള്ള നിയമവ്യവസ്ഥകളില്‍ പ്രത്യേക ഇളവു നല്‍കുന്ന കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കുന്നതിനുമായി റവന്യൂ, ആഭ്യന്തരം, ഫിഷറീസ് വകുപ്പുകളിലെ അഡീഷനല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. ആവശ്യമായ റിക്രൂട്ട്‌മെന്റ് നടത്തി തീരദേശ പോലിസ് സേന ആധുനിക സജ്ജീകരണങ്ങളോടെ നവീകരിക്കും. ഇതില്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്ന് 200 പേരെ നിയമിക്കും. മല്‍സ്യബന്ധനത്തിനിടെ മരിച്ചവരുടെ മക്കള്‍ക്ക് ഇതില്‍ മുന്‍ഗണന നല്‍കും. വിഴിഞ്ഞം, നീണ്ടകര, കൊച്ചി, പൊന്നാനി, അഴീക്കല്‍ തുറമുഖങ്ങളോട് ചേര്‍ന്നു പ്രത്യേക പോലിസ് സംവിധാനം ആരംഭിക്കാനും യോഗം തീരുമാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss