|    Dec 19 Wed, 2018 11:58 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുരന്തനിവാരണ സേനയുടെ ഏറ്റവും വലിയ രക്ഷാ ദൗത്യം

Published : 19th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയദുരന്തം നേരിടുന്നതിനായി നടത്തുന്നത് ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാ ദൗത്യം. 10,000ഓളം ആളുകളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സേന ഇതുവരെ രക്ഷപ്പെടുത്തി. 58 എന്‍ഡിആര്‍എഫ് സംഘങ്ങളെയാണു സംസ്ഥാനത്ത് ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചത്. ഇതില്‍ 55 സംഘങ്ങള്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെത്തിയതായും മൂന്നു സംഘങ്ങള്‍ യാത്രതിരിച്ചതായും എന്‍ഡിആര്‍എഫ് അറിയിച്ചു.
2006ലാണു ദുരന്തനിവാരണ സേന രൂപീകരിച്ചത്. അതിനു ശേഷം ഒരു സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്രയും കൂടുതല്‍ സംഘങ്ങളെ നിയോഗിക്കുന്നത് ഇതാദ്യമായാണെന്ന് എന്‍ഡിആര്‍എഫ് വ്യക്തമാക്കി. 35നും 40നുമിടയില്‍ അംഗങ്ങളാണ് ഓരോ സംഘത്തിലുമുള്ളത്. പ്രളയം ദുരിതം വിതച്ച കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി എന്‍ഡിആര്‍എഫ് വക്താവ് അറിയിച്ചു. 194 പേരെ അപകടങ്ങളില്‍ നിന്ന് രക്ഷിച്ചതായും 10,467 ആളുകളെ പ്രളയബാധിത മേഖലകളില്‍ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. അടിയന്തര വൈദ്യ സഹായം ആവശ്യപ്പെട്ട 159 പേരെ ആശുപത്രിയിലാക്കി. രക്ഷാ ദൗത്യം ഇപ്പോഴും തുടരുന്നതായും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചത്. 15 സംഘങ്ങളാണ് ജില്ലയില്‍ ക്യാംപ് ചെയ്യുന്നത്.
പത്തനംതിട്ട 13, ആലപ്പുഴ 11, എറണാകുളം അഞ്ച്, ഇടുക്കി നാല്, മലപ്പുറം മൂന്ന്, വയനാട് രണ്ട്, കോഴിക്കോട് രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ വിന്യസിച്ച സേനാ സംഘങ്ങളുടെ എണ്ണം. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും അടിയന്തര സഹായം എത്തിക്കുന്നതിനും ഡല്‍ഹിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തയ്യാറാക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss