|    Oct 24 Wed, 2018 10:55 am
FLASH NEWS

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ സര്‍വകക്ഷിയോഗം അഭിനന്ദിച്ചു

Published : 24th August 2018 | Posted By: kasim kzm

കോഴിക്കോട്: ദുരിത ബാധിതരെ സഹായിക്കാന്‍ എല്ലാ ഭാഗത്ത് നിന്നും പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയാണ് ലഭിച്ചതെന്ന് മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ വരെയുള്ള ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളും പ്രവര്‍ത്തകരും കക്ഷിരാഷ്ട്രീയം മാറ്റിവച്ച് ദുരിതബാധിതരെ സഹായിച്ചു. മത സംഘടനകള്‍, ആരാധനാലയങ്ങള്‍, വിവിധ സര്‍വീസ് സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തകരും ഒറ്റ മനസ്സോടെ കൈത്താങ്ങായെത്തി. ഈ പിന്തുണ കൊണ്ടാണ് ദുരിതാശ്വാസ ക്യാംപുകള്‍ വന്‍ വിജയമായത്. വിദ്യാര്‍ഥി-യുവജന പങ്കാളിത്തവും പ്രശംസനീയമാണെന്ന് മന്ത്രിമാര്‍ പറഞ്ഞു. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നടന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സമാനതകളില്ലാത്ത പ്രളയ ദുരന്തത്തിനാണ് സംസ്ഥാനം ഇരയായത്. ജനലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളിലായി. ഒട്ടേറെ ജീവഹാനിയുണ്ടായി. നിരവധി വീടുകള്‍, പാലങ്ങള്‍, റോഡുകള്‍ ,കെട്ടിടങ്ങള്‍ എന്നിവ തകര്‍ന്നു. കോടികളുടെ സാമ്പത്തിക തകര്‍ച്ചയാണ് സംസ്ഥാനത്തുണ്ടായത്. കച്ചവടക്കാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് അര്‍ഹമായ സഹായങ്ങള്‍ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ 8ന് ശേഷമുണ്ടായ പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ 13,700 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇതിനായി 303 ദുരിതാശ്വാസക്യാംപുകള്‍ തുറക്കുകയും 44,328പേര്‍ക്ക് താമസവും ഭക്ഷണവുമൊരുക്കുകയും ചെയ്തു. മഴ മാറിയതോടെ ഭൂരിഭാഗം പേരും വീടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. ബുധനാഴ്ച വൈകീട്ടത്തെ കണക്കനുസരിച്ച് 14 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 121 കുടുംബങ്ങളിലെ 378 പേര്‍ താമസിക്കുന്നു. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അരി, പല വ്യജ്ഞനങ്ങള്‍ എന്നിവയടങ്ങുന്ന കിറ്റ് നല്‍കി. അത് വാങ്ങാന്‍ കഴിയാതെ പോയവര്‍ക്ക് വീട്ടിലെത്തിക്കാനും സാധിച്ചു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്ഥലത്തിന്റെ ആധാരം തുടങ്ങി വിലപ്പെട്ട രേഖകള്‍ നഷ്ടമായവരുണ്ട്. ഇതിന്റെ കോപ്പികള്‍ സെപ്തംബര്‍ 15 നകം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലവില്‍ കൂടുതല്‍ സാധനങ്ങള്‍ ശേഖരിക്കേണ്ട ആവശ്യമില്ല. അത്യാവശ്യ ഘട്ടം വന്നാല്‍ മാത്രം ഇനി ശേഖരണം ആരംഭിച്ചാല്‍ മതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ചെക്ക്, ഡ്രാഫ്റ്റ് എന്നിവയായി മാത്രം ഏല്‍പ്പിക്കണം. ജില്ലയില്‍ റോഡുകളുടെ 80 ശതമാനം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇതിനായി ഒമ്പത് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി അവ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിവര്‍ മാനേജ്—മെന്റ് ഫണ്ട് ഉപയോഗപ്പെടുത്തി പുഴയോരം ഇടിയുന്നത് തടയാനുള്ള വരമ്പുകള്‍ നിര്‍മിക്കും. കുടിവെള്ള വിതരണം പൂര്‍ണ്ണമായും വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കും. 19.51 കോടി രൂപയുടെ നഷ്ടമാണ് കാര്‍ഷികമേഖലയില്‍ ഉണ്ടായിട്ടുള്ളത്. നഷ്ടങ്ങള്‍ പരിഹരിക്കാന്‍ ലഭ്യമായ ഫണ്ട് പര്യാപ്തമല്ല. എന്നാല്‍ കൃഷിവകുപ്പ് മുഖേന കര്‍ഷകര്‍ക്ക് അര്‍ഹമായ സഹായങ്ങള്‍ ലഭ്യമാക്കും. കെഎസ്‌സിബി, ബിഎസ്എന്‍എല്‍ എന്നീ വിഭാഗങ്ങങ്ങള്‍ പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ച വച്ചു. ജില്ലയില്‍ 171 വീടുകള്‍ താമസയോഗ്യമല്ലാതായിട്ടുണ്ട്. ഇവരെ താമസിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. വെള്ളം കയറിയ വീടുകള്‍ ശുചിയാക്കുന്നതിനായി പഞ്ചായത്തുകള്‍ വാര്‍ഡ് തലത്തില്‍ ക്ലീനിംഗ് സ്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ഇതിന് ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതല ഏല്‍പ്പിക്കുകയും ശുചിത്വമിഷന്‍ ജില്ലാതല ഏകോപനം ഏറ്റെടുക്കുകയും ചെയ്യും. സ്വന്തം തോണികളുമായി മറ്റ് ജില്ലകളില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ വിസ്മരിക്കാനാവില്ല. ജില്ലയുടെ ആദരം അവര്‍ക്ക് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ദുരിതബാധിതര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ കൗണ്‍സിലിങ് സംവിധാനവും ഏര്‍പ്പെടുത്തും. എംഎല്‍എമാരായ പി ടി എ റഹീം, എ പ്രദീപ് കുമാര്‍, കെ ദാസന്‍, പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുല്ല, ഡോ. എം കെ മുനീര്‍, കാരാട്ട് റസാഖ്, വി കെ സി മമ്മദ് കോയ, സി കെ നാണു, ഇ കെ വിജയന്‍. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, എഡിഎം ടി ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ കെ റംല, രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി മോഹനന്‍ മാസ്റ്റര്‍, കെലോഹ്യ, മുക്കം മുഹമ്മദ്,പി ആര്‍ സുനില്‍ സിംഗ്, കെ മൊയ്തീന്‍കോയ, പി വി നവീന്ദ്രന്‍, അന്നമ്മ മാത്യു, സി.എന്‍ ശിവദാസന്‍, ടി പി ദാസന്‍, എം നാരായണന്‍, ടി.പി ജയചന്ദ്രന്‍ , പി ജിജേന്ദ്രന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss