|    Mar 26 Sun, 2017 5:21 am
FLASH NEWS

ദുരന്തത്തിനു കാരണം തുജ

Published : 21st August 2016 | Posted By: SMR

പട്‌ന: ബിഹാറിലെ ഗോപാല്‍ഗുഞ്ച് വിഷമദ്യ ദുരന്തത്തിനു പിന്നില്‍ ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയ തുജയെന്ന ഹോമിയോപ്പതി മരുന്നാണെന്ന് വിദഗ്ധര്‍. ദുരന്തത്തില്‍ 16 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. കപ്രിസാസീ കുടുംബത്തില്‍പെട്ട ദേവദാരു വൃക്ഷത്തിന്റെ കായയില്‍നിന്നു നിര്‍മിക്കുന്ന തുജയില്‍ വന്‍തോതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്.
ദുരന്ത പശ്ചാത്തലത്തില്‍ മേഖലയിലെ ഹോമിയോപ്പതി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് ജില്ലാ കലക്ടറും എക്‌സൈസ് ഉദ്യോഗസ്ഥരും വ്യാപക റെയ്ഡ് നടത്തിവരികയാണ്. നിരവധി ഷോപ്പുകളില്‍നിന്നു തുജയും ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയ മറ്റുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. മദ്യദുരന്തം നടന്ന കജൂര്‍ബാനി മേഖലയില്‍നിന്നു 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ തുജയുടെ 450 എംഎല്ലിന്റെ 25ഓളം ഒഴിഞ്ഞ ബോട്ടിലുകള്‍ കണ്ടെത്തിയതായി ഗോപാല്‍ഗുഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് രാഹുല്‍കുമാര്‍ പറഞ്ഞു. ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ മുഴുവന്‍ ഷോപ്പുടമകള്‍ക്കും നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. തുജയിലേക്ക് ഏതെങ്കിലും ലഹരി പദാര്‍ഥം ചേര്‍ക്കുകയാണെങ്കില്‍ മാരക വിഷപദാര്‍ഥമായി ഇതുമാറുമെന്നും രാഹുല്‍കുമാര്‍ പറഞ്ഞു.
തുജ പ്രാദേശികമായി വാറ്റ് ചാരായ നിര്‍മാണത്തിന് ഉപയോഗിക്കുന്നതായി സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീര്യം വര്‍ധിപ്പിക്കുന്നതിന് ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. തുജയുടെ ദുരുപയോഗം തടയുന്നതിന് കനത്ത റെയ്ഡു നടത്തിവരികയാണെന്നും അധികൃതര്‍ പറഞ്ഞു.
കൂടാതെ കജൂര്‍ബനിയില്‍ വിവിധയിടങ്ങളില്‍ നിന്നായി പാത്രങ്ങളില്‍ സൂക്ഷിച്ച 300 ലിറ്ററോളം തുജ പോലിസ് കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച 15 ഓളം ഹോമിയോപ്പതി ഫാര്‍മസികളില്‍ റെയ്ഡ് നടത്തി.
ചില ചാരായ വാറ്റുകാര്‍ കൂടുതല്‍ വീര്യം ലഭിക്കുന്നതിന് മൂത്രം, രാസപദാര്‍ഥങ്ങളും, തുജ പോലെ ആല്‍ക്കഹോള്‍ അടങ്ങിയവയും ഉപയോഗിക്കുന്നുണ്ട്.

(Visited 36 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക