|    Sep 19 Wed, 2018 9:34 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ദുരന്തകാലത്തെ വിദ്യാഭ്യാസം

Published : 27th August 2018 | Posted By: kasim kzm

മുരളി തുമ്മാരുകുടി
ഓരോ ദുരന്തകാലത്തും കുട്ടികളുടെ വിദ്യാഭ്യാസം വലിയൊരു പ്രശ്‌നമാണ്. ദുരന്തം വരുമ്പോള്‍ തന്നെ സ്‌കൂളുകള്‍ അടയ്ക്കും. പല സ്‌കൂളുകളും ദുരന്തത്തില്‍ തകര്‍ന്നിട്ടുണ്ടാവും. ചില സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാംപുകളായി ഉപയോഗിക്കപ്പെടുന്നുണ്ടാവും. അധ്യാപകര്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ക്ക് സ്‌കൂളുകളില്‍ തിരിച്ചെത്താന്‍ സാധിച്ചെന്നു വരില്ല. കുട്ടികള്‍ക്ക് അപകടം സംഭവിച്ചിട്ടുണ്ടാവാം. അവരുടെ പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നഷ്ടപ്പെട്ടെന്നും വരാം. സ്‌കൂളിലേക്കു വരാനുള്ള വഴി മോശമായിക്കാണും. കുട്ടികളെ സ്‌കൂളില്‍ അയക്കാനുള്ള സാമ്പത്തികസ്ഥിതി കുടുംബത്തിന് ഇല്ലാതായെന്നും വരാം. ഇതൊക്കെയാണെങ്കിലും ഏറ്റവും വേഗത്തില്‍ തന്നെ കുട്ടികളുടെ വിദ്യാഭ്യാസം പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനു പല കാരണങ്ങളുണ്ട്.1. സമൂഹം സാധാരണ നിലയിലേക്ക് വന്നു എന്നതിന്റെ ഒന്നാമത്തെ പ്രതിഫലനമാണ് സ്‌കൂള്‍ തുറക്കുക എന്നത്. 2. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുക എന്നത് മാതാപിതാക്കളുടെ വലിയൊരു പേടിയാണ്. അത് പുനസ്ഥാപിക്കുന്നതോടെ മനസ്സിലെ വലിയൊരു ഭാരം ഇറങ്ങുന്നു.3. കുട്ടികള്‍ വീട്ടില്‍ നിന്നു മാറിനില്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് മറ്റുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നു.4. കുട്ടികള്‍ സ്‌കൂളില്‍ ഒരുമിച്ചുകൂടുമ്പോള്‍ ഏത് ദുരന്തത്തിനു ശേഷവും അവര്‍ സന്തോഷത്തിലേക്കു മടങ്ങാന്‍ തുടങ്ങുന്നു. ഇക്കാരണങ്ങളാലൊക്കെ ആയിരക്കണക്കിന് സ്‌കൂള്‍ കെട്ടിടങ്ങള്‍ തകരുന്ന ഭൂമികുലുക്കത്തിനു ശേഷവും ഒരാഴ്ചയ്്ക്കുള്ളില്‍ ക്യാംപിനുള്ളിലോ മരത്തിനു താഴെയോ മറ്റു സൗകര്യപ്രദമായ എവിടെയെങ്കിലുമോ, പഴയ അധ്യാപകരില്ലെങ്കില്‍ സന്നദ്ധസേവകരെ വച്ചോ പഴയ പുസ്തകങ്ങള്‍ ഇല്ലെങ്കില്‍ പുതിയ വിഷയങ്ങള്‍ വച്ചോ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ മുന്‍കൈ എടുക്കാറുണ്ട്. കേരളത്തില്‍ ഇക്കാര്യത്തില്‍ വലിയ വെല്ലുവിളികള്‍ ഒന്നുമില്ല. പ്രളയത്തില്‍ പലയിടത്തും വെള്ളം കയറിയെങ്കിലും മൊത്തമായി അധികം സ്‌കൂളുകള്‍ നശിച്ചതായി റിപോര്‍ട്ടുകള്‍ ഇല്ല. വന്‍തോതില്‍ കുട്ടികളും അധ്യാപകരും മരിച്ചിട്ടില്ല. റോഡുകള്‍ മിക്കതും സഞ്ചാരയോഗ്യമാണ്. കുട്ടികളുടെ പുസ്തകങ്ങളുടെ നാശവും മറ്റുമാണ് കൂടുതല്‍ വിഷയം. ഇത് എളുപ്പത്തില്‍ പരിഹരിക്കാവുന്നതുമാണ്. അടുത്ത 29ാം തിയ്യതി സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട ചില നിര്‍ദേശങ്ങള്‍:1. അത്യാവശ്യ സാഹചര്യത്തില്‍ ഏതെങ്കിലും കുറച്ച് സ്‌കൂളുകളില്‍ ഒഴിച്ച് മറ്റൊരിടത്തും സ്‌കൂള്‍ തുറക്കുന്ന തിയ്യതി മാറ്റിവയ്ക്കരുത്. സ്‌കൂളുകളില്‍ ക്യാംപുകള്‍ ഉണ്ടെങ്കില്‍ അവ കമ്മ്യൂണിറ്റി ഹാളുകളിലേക്കോ കല്യാണമണ്ഡപത്തിലേക്കോ ഒക്കെ മാറ്റുക. സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് ഒരു മുന്‍ഗണനാ വിഷയമാണ്.2. കേരളത്തിലെ ദുരന്തം ബാധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൂന്നായി തിരിക്കാം: ദുരന്തം സ്‌കൂള്‍ കെട്ടിടത്തെ നേരിട്ടു ബാധിച്ചവ, കെട്ടിടത്തെ നേരിട്ട് ബാധിച്ചില്ലെങ്കിലും ദുരന്തത്തില്‍ അകപ്പെട്ട വിദ്യാര്‍ഥികളോ അധ്യാപകരോ ഉള്ള സ്‌കൂളുകള്‍, മറ്റുള്ളവ.3. ഏതു തരത്തിലുള്ള സ്‌കൂളുകളിലാണെങ്കിലും കേരളത്തിലുള്ള എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും മറ്റുള്ളവരും ഈ ദുരന്തത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട് എന്ന് ആദ്യമായി മനസ്സിലാക്കുക.4. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഘര്‍ഷം രണ്ടു രീതിയിലാണ്. എന്താണു സംഭവിക്കുന്നത് എന്ന് പൂര്‍ണമായി മനസ്സിലാക്കാന്‍ പറ്റാത്തതും ഇനിയും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവുമോ എന്ന പേടിയും പുസ്തകങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെപ്പറ്റിയുള്ള വിഷമവും പരീക്ഷ വരുമോ പാഠഭാഗങ്ങള്‍ തീരുമോ എന്നൊക്കെയുള്ള കാര്യങ്ങളുമാണ് കുട്ടികളെ ആശങ്കാകുലരാക്കുന്നത്. സ്വന്തം വീട്ടിലെ പ്രശ്‌നങ്ങളെല്ലാം അധ്യാപകരുടെ മനസ്സില്‍ ഉണ്ടാവും. അതിനു മുകളിലാണ് സ്‌കൂളിലെ പ്രശ്‌നങ്ങള്‍. കെട്ടിടങ്ങളുടെ സുരക്ഷ, സ്‌കൂളില്‍ ഉണ്ടായിരുന്ന റിക്കാര്‍ഡുകളുടെ സുരക്ഷ എന്നിങ്ങനെ തുടങ്ങി പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതും കുട്ടികളുടെ സംഘര്‍ഷത്തെ മാനേജ് ചെയ്യുന്നതും ഒക്കെ അധ്യാപകരുടെ മനസ്സിലുണ്ട്. ഇവ രണ്ടും മനസ്സിലാക്കി വേണം ദുരന്തത്തിനു മുമ്പില്‍ സ്‌കൂള്‍ തുറക്കാന്‍.5. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് ഈ ആഴ്ച തന്നെ, പറ്റിയാല്‍ നാളെ തന്നെ, എല്ലാ സ്‌കൂള്‍ അധ്യാപകരുടെയും പിടിഎയുടെയും മീറ്റിങ് പ്രത്യേകം നടത്തണം. സ്‌കൂള്‍ തുറക്കുമ്പോള്‍ സ്‌കൂളും അധ്യാപകരും കുട്ടികളും നേരിടാന്‍ പോവുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യണം. അധ്യാപകരിലോ അധ്യാപകേതര ജീവനക്കാരിലോ ആര്‍ക്കെങ്കിലും വ്യക്തിപരമായി നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്കുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യണം. വേണ്ടത്ര ഫഌക്‌സിബിലിറ്റി അവര്‍ക്ക് കൊടുക്കുകയും വേണം.6. സ്‌കൂളുകള്‍ക്കോ സ്‌കൂളിലെ രേഖകള്‍ക്കോ എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ‘ഹെഡ്മിസ്ട്രസ്സിന് ഇതു ചെയ്യാമായിരുന്നു, അതു ചെയ്യാമായിരുന്നു’ എന്നൊക്കെ ആളുകള്‍ കുറ്റപ്പെടുത്തും. കേരളത്തിലെ കാലാവസ്ഥാ പ്രവചനക്കാര്‍ തൊട്ട് ദുരന്ത നിവാരണ അതോറിറ്റി വരെ ആരും തന്നെ ഈ ദുരന്തന്തിന്റെ വ്യാപ്തി മുന്നില്‍ കണ്ടിട്ടില്ല എന്നുള്ളത് ഉറപ്പാണല്ലോ. കേരളത്തിലെ ഒരു അധ്യാപികയോ അധ്യാപകനോ അറിഞ്ഞുകൊണ്ട് സ്ഥാപനത്തിനോ കുട്ടികള്‍ക്കോ നഷ്ടം ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടുമില്ല. പ്രളയം വരുന്നതിനു മുമ്പ് എന്തെങ്കിലും പ്രതിരോധം എടുത്തവരെ അഭിനന്ദിക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ല. പക്ഷേ, അങ്ങനെ ചെയ്യാത്തവരെ ഒട്ടും കുറ്റപ്പെടുത്തരുത്. സ്‌കൂളുകളില്‍ ഉണ്ടായ ഏതൊരു നഷ്ടത്തിനും ഒരു കാരണവശാലും അധ്യാപകരോ അനധ്യാപകരോ ഉത്തരവാദികളായിരിക്കില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ഏറ്റവും നല്ല കാര്യമായിരിക്കും.7. ഈ ദുരന്തം ഏറെ ആളുകളെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അപ്പോള്‍ സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ വിടുന്നതിന് മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാവും. ഇത്തരം സാഹചര്യത്തില്‍ കുട്ടികളെ സ്‌കൂള്‍ മാറ്റാനുള്ള ശ്രമം ഉണ്ടാവാം (മറ്റു രാജ്യങ്ങളില്‍ കുട്ടികള്‍ സ്‌കൂളില്‍ വരാത്ത സാഹചര്യം പോലും ഉണ്ടാവാറുണ്ട്). ഇത് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കും. ഇത് ഒഴിവാക്കണം. ഈ വര്‍ഷം ഈ ദുരന്തം കാരണം ഒരു കുട്ടിപോലും സ്‌കൂള്‍ മാറേണ്ട സാഹചര്യം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറയണം. അതിന്റെ ചെലവ് സ്‌കൂളുകള്‍ക്ക് വഹിക്കാം അല്ലെങ്കില്‍ സര്‍ക്കാരിനു വഹിക്കാം. അതുമല്ലെങ്കില്‍ ഒരു ക്ലിയറിങ് ഹൗസ് ഉണ്ടാക്കിയാല്‍ പൊതുസമൂഹത്തില്‍ നിന്നു കണ്ടെത്താം. 8. സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു മുമ്പ് സ്‌കൂളില്‍ കുറച്ച് കമ്മിറ്റികള്‍ ഉണ്ടാക്കണം. അധ്യാപകരും പിടിഎ അംഗങ്ങളും ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്നദ്ധപ്രവര്‍ത്തകരും അതില്‍ അംഗങ്ങളാവണം. താഴെ പറയുന്ന കമ്മിറ്റികളാണു വേണ്ടത്: ദുരന്തം സംബന്ധിച്ച കണക്ക് തയ്യാറാക്കുന്നതിനുള്ള കമ്മിറ്റി (ദുരന്തം നേരിട്ടു ബാധിച്ച സ്‌കൂളുകളില്‍ മാത്രം). കെട്ടിടം സുരക്ഷിതമാക്കുന്നതിനുള്ള കമ്മിറ്റി (ഇത് എല്ലാ സ്‌കൂളിലുമാവാം). കുട്ടികളുടെയും അധ്യാപകരുടെയും മാനസികാരോഗ്യം പഠിക്കാനും പരിഹരിക്കാനുമുള്ള കമ്മിറ്റി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിന് വേണ്ടത്ര സാമ്പത്തിക സുരക്ഷ നല്‍കാനുള്ള കമ്മിറ്റി. പ്രളയത്തെ തുടര്‍ന്നുള്ള നിയമപ്രശ്‌നങ്ങള്‍ (കുട്ടികളുടെ രേഖകള്‍ നഷ്ടപ്പെട്ടത്, സ്‌കൂളിന്റെ തന്നെ രേഖകള്‍ നഷ്ടപ്പെട്ടത്) പരിഹരിക്കാനുള്ള കമ്മിറ്റി എന്നിവ.9. പ്രളയം നേരിട്ട് ബാധിച്ചതും ദുരിതാശ്വാസ ക്യാംപ് നടത്തിയതുമായ എല്ലാ സ്‌കൂളുകളും അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ കൃത്യമായി രേഖയാക്കിവയ്ക്കണം. എല്ലാ നഷ്ടങ്ങളുടെയും ചിത്രം എടുത്തുവയ്ക്കണം.10. നേരിട്ട് ദുരന്തം ബാധിച്ച സ്‌കൂളുകളില്‍ സ്‌ട്രെച്ചറല്‍, ഇലക്ട്രിക്കല്‍ സുരക്ഷ, ലബോറട്ടറികളിലെ രാസവസ്തുക്കള്‍ വീണു പൊട്ടി മലിനമായിട്ടുണ്ടോ, സ്‌കൂളുകളിലെ കിണറുകള്‍ മലിനമായിട്ടുണ്ടോ, സ്‌കൂളിലെ കസേരയും മേശയും ഒക്കെ സുരക്ഷിതമാണോ എന്നതൊക്കെ പരിശോധിക്കണം. 11. ദുരിതാശ്വാസ ക്യാംപുകള്‍ നടത്തിയ സ്‌കൂളുകളില്‍ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ വലിയ മാലിന്യനിക്ഷേപം ഉണ്ടാവും. അത് അവിടെ നിന്ന് ഏറ്റവും വേഗത്തില്‍ മാറ്റണം.12. ദുരിതാശ്വാസ ക്യാംപുകള്‍ ഇപ്പോഴും നടത്തുന്ന സ്‌കൂളുകളില്‍ അധ്യാപനം നടത്തുകയാണെങ്കില്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കുട്ടികള്‍ ക്യാംപുകളില്‍ പോവുന്നത് ഒഴിവാക്കണം.13. സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ ഈ ദുരന്തത്തില്‍ നിന്ന് ഈ തലമുറ പാഠം പഠിക്കുമെന്നും ഇനി ഇങ്ങനെ ഒരു ദുരന്തം കേരളത്തില്‍ നമ്മള്‍ ഉണ്ടാവാന്‍ അനുവദിക്കുകയില്ലെന്നും സ്വയമായിട്ടും, സ്വന്തം സ്‌കൂളിലും വീട്ടിലും സുരക്ഷയുടെ ഒരു സംസ്‌കാരം ഉണ്ടാക്കുമെന്നുമുള്ള ഒരു പ്രതിജ്ഞ അധ്യാപകരും വിദ്യാര്‍ഥികളും എടുക്കണം. സുരക്ഷിതവും നൂതനവുമായ ഒരു കേരളം സൃഷ്ടിക്കും എന്ന മുഖ്യമന്ത്രിയുടെ ഒരു സന്ദേശം എല്ലാ സ്‌കൂളുകളിലും നല്‍കണം.14. ഒരു സ്‌കൂളില്‍ ഏതെങ്കിലും കുട്ടികളോ അധ്യാപകരോ മരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക സാധാരണയായി ചെയ്യുമല്ലോ. പക്ഷേ, ഇത്തവണ അതു കഴിഞ്ഞ് ക്ലാസ് പിരിച്ചുവിടരുത്. മറിച്ച് മറ്റു സ്‌കൂളുകളിലെപ്പോലെ ദുരന്തത്തെപ്പറ്റി ചര്‍ച്ചചെയ്യണം.15. എല്ലാ സ്‌കൂളുകളിലെയും ഒന്നാമത്തെ ദിവസം സുരക്ഷാവിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ആയിരിക്കണം. ആദ്യമായി ദുരന്തകാലത്തെ അനുഭവങ്ങള്‍ സംസാരിക്കാന്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കണം. അവരുടെ ചിന്തകള്‍, ആശങ്കകള്‍ ഒക്കെ തുറന്നുപറയാനുള്ള അവസരം കൊടുക്കണം.16. സ്‌കൂളിലെ സുരക്ഷാവിഷയങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് ചര്‍ച്ചചെയ്യുക (ഇത് ദുരന്തത്തില്‍പ്പെടാത്ത സ്‌കൂളുകളിലും ചെയ്യണം). സ്‌കൂളില്‍ ഒരു അപകടമുണ്ടായാല്‍ എങ്ങനെയാണ് അത് കൈകാര്യം ചെയ്യുക എന്ന് ചര്‍ച്ചചെയ്യുക. 17. ദുരന്തത്തില്‍ നേരിട്ട് ഉള്‍പ്പെടാത്ത സ്‌കൂളുകളില്‍ ദുരന്തത്തില്‍ അകപ്പെട്ട നാടുകളിലെ സ്‌കൂളുകള്‍ക്കു വേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് ചര്‍ച്ചചെയ്യുക. വസ്തുവകകള്‍ സംഭരിക്കുന്നത് ശരിയായ രീതിയല്ല. ഉടന്‍ കൂടുതല്‍ പണം ശേഖരിക്കേണ്ട കാര്യവുമില്ല. പക്ഷേ, ഏതെങ്കിലും ദുരിതബാധിത സ്‌കൂളുകളെ സഹോദര സ്‌കൂള്‍ ആയി ഏറ്റെടുക്കുന്നത്, അവിടേക്ക് ഇവിടത്തെ കുട്ടികള്‍ പോവുന്നത് ഒക്കെ പ്ലാന്‍ ചെയ്യണം. ജപ്പാനില്‍ ദുരന്തത്തില്‍ അകപ്പെട്ട സ്‌കൂളുകളിലേക്ക് മറ്റു പ്രദേശത്തു നിന്നുള്ള സ്‌കൂളുകളില്‍ നിന്നു ഭാഗ്യചിഹ്നങ്ങളും കളിപ്പാട്ടങ്ങളും ഒക്കെ അയക്കുന്ന ഒരു രീതിയുണ്ട്. ഇതു നമുക്ക് ചെയ്തുനോക്കാവുന്നതാണ്.18. ഒരുദിവസംകൊണ്ടോ ഒരു വര്‍ഷംകൊണ്ടോ തിരിച്ചുപിടിക്കാവുന്നതല്ല ഈ ദുരന്തംകൊണ്ട് സ്‌കൂളുകളില്‍ ഉണ്ടായിരിക്കുന്ന നഷ്ടങ്ങള്‍; കുട്ടികളുടെ മാനസികാവസ്ഥയില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍. ഇതു മനസ്സില്‍ വച്ചു വണം സ്‌കൂളുകളിലെ ഇടപെടല്‍ തുടങ്ങാന്‍. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss