|    Jan 25 Wed, 2017 2:56 am
FLASH NEWS

ദുബയ് മലയാളികളില്‍നിന്ന് 12 കോടി തട്ടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

Published : 17th July 2016 | Posted By: SMR

താമരശ്ശേരി: ദുബായിലെ ആറ് മലയാളികളില്‍ നിന്നായി 12 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാളെ താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കാരാടി സ്വദേശി ഫായിസ് അഹമ്മദിനെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് താമരശ്ശേരി സിഐ എം ഡി സുനില്‍ അറസ്റ്റ് ചെയ്തത്.
ഹോള്‍സെയില്‍ വ്യാപാരികളില്‍ നിന്നു ദുബയ് ടെലിഫോണ്‍ കമ്പനിയായ ഇത്തിസാലത്തിന്റെ ടെലിഫോണ്‍ കാര്‍ഡുകള്‍ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ച കേസിലാണ് താമരശ്ശേരി സ്വദേശി ഫായിസിനെ അറസ്റ്റ് ചെയ്തത്. ഫായിസിന്റെ സഹോദരീ ഭര്‍ത്താവ് പുതുപ്പാടി ഈങ്ങാപ്പുഴ വള്ളിക്കെട്ടുമ്മല്‍ ഷാനവാസ്, സഹോദരന്‍ ശരീഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ആറുപേര്‍ക്കെതിരേയാണ് കണ്ണൂര്‍ ശ്രീകണ്ഠപുരം കൊച്ചുപുരയ്ക്കല്‍ ഷൈന്‍ മാത്യുവിന്റെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദുബായില്‍ ടെലിഫോണ്‍ കാര്‍ഡിന്റെ ഹോള്‍സെയില്‍ വ്യാപാരം നടത്തുന്ന ഷൈന്‍ മാത്യു ഉള്‍പ്പെടെയുള്ള ആറു പേരില്‍നിന്ന് ടെലിഫോണ്‍ കാര്‍ഡ് വാങ്ങി മറിച്ച് വില്‍പന നടത്തിയ ശേഷം ഫായിസ് ഒഴികെയുള്ളവര്‍ നാട്ടിലേക്ക് കടക്കുകയായിരുന്നുവെന്ന് കേസന്വേഷിക്കുന്ന താമരശ്ശേരി സിഐ പറഞ്ഞു. ഷൈന്‍ മാത്യുവില്‍നിന്ന് പതിവായി കാര്‍ഡ് വാങ്ങിയിരുന്ന ഇവര്‍ കഴിഞ്ഞ മാര്‍ച്ച് പത്തിന് ദുബായ് ടെലിഫോണ്‍ കമ്പനിയുടെ ഏജന്റുമാരായ ആറ് മലയാളികളില്‍ നിന്ന് കാര്‍ഡ് വാങ്ങുകയായിരുന്നു.
ഇവ വിലകുറച്ച് വിറ്റഴിച്ച ശേഷം പതിനേഴിന് നാട്ടിലേക്ക് കടന്നു. ദുബായ് ടെലിഫോണ്‍ കമ്പനിക്ക് കൃത്യസമയത്ത് പണം നല്‍കാനാവാതിരുന്നതോടെ മൂന്നുപേര്‍ ദുബായില്‍ ജയിലിലായി. മറ്റുള്ളവര്‍ കിടപ്പാടം ഉള്‍പ്പെടെ വില്‍പന നടത്തിയാണ് ടെലിഫോണ്‍ കമ്പനിയുടെ ബാധ്യത തീര്‍ത്തത്. ഇതിനിടെ മാര്‍ച്ച് 30ന് താമരശ്ശേരിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെക്ക് ഒപ്പിട്ടു നല്‍കുകയും ചെയ്‌തെങ്കിലും പണം നല്‍കിയില്ല. ഷാനവാസ് വീണ്ടും വിദേശത്തേക്ക് കടന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
തുടര്‍ന്ന് ഷൈന്‍ മാത്യു താമരശ്ശേരി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടേമുക്കാല്‍ കോടിയാണ് ഷൈന്‍ മാത്യുവിന് ലഭിക്കാനുള്ളത്. പ്രതികള്‍ക്കായി താമരശ്ശേരി പോലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് പുറപ്പെട്ട ഫായിസ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 183 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക