|    Oct 22 Sun, 2017 6:48 am
Home   >  Pravasi  >  Gulf  >  

ദുബയില്‍ ഷവര്‍മ സ്റ്റാന്റുകള്‍ക്ക് അന്ത്യശാസനം

Published : 3rd September 2016 | Posted By: G.A.G

shawarma dubaiദുബയ്:  ഷവര്‍മ റസ്റ്റാന്റുകള്‍ നവംബറോടെ പുതുക്കിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ദുബയ്്് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ 500ഓളം ഷവര്‍മ സ്റ്റാന്റുകള്‍ പൂട്ടേണ്ടി വരും. 2015 മേയിലാണ് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ ഫുഡ് സേഫ്റ്റി വിഭാഗം നടപടികള്‍ തുടങ്ങിയതോടെ നിരവധി ഷവര്‍മ സ്റ്റാന്റുകളാണ് നഗരത്തില്‍ നിന്ന് അപ്രത്യക്ഷമായത്.
481 ഭക്ഷ്യ കേന്ദ്രങ്ങള്‍ക്ക് വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ അധികവും കഫ്തീരിയകളാണ്. ആറുമാസത്തെ ഗ്രേസ് പിരീഡ് നവംബറില്‍ അവസാനിക്കുന്നതിന് മുന്‍പായി വേണ്ടത്ര സ്ഥലം ഷവര്‍മ സ്റ്റാന്റുകള്‍ക്കായി സജീകരിക്കാനാണ് നിര്‍ദേശം. കഫ്തീരിയ പോലുള്ള മിക്ക സ്ഥലങ്ങളിലും ഷവര്‍മ സുരക്ഷിതമായി നിര്‍മിക്കാനുള്ള സ്ഥല സൗകര്യമില്ലെന്ന് മുനിസിപ്പാലിറ്റി ഭക്ഷ്യ പരിശോധന വിഭാഗം മേധാവി സുല്‍ത്താന്‍ അലി അല്‍ താഹിര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മേയിലാണ് മുനിസിപ്പാലിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത 23 ഷവര്‍മ സ്റ്റാന്റുകള്‍ ഇതിനകം പൂട്ടി.
അതേസമയം 43 സ്ഥലങ്ങള്‍ പുതിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ചിട്ടുണ്ട്. 171 എണ്ണം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍  245 സ്ഥാപനങ്ങള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഇവയെല്ലാം പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നവംബറോടെ നടപ്പാക്കണം. അല്‍ താഹിര്‍ പറഞ്ഞു.
ഷവര്‍മ നല്‍കുന്ന കഫ്തീരിയകളില്‍ ചിക്കന്‍, ഇറച്ചി എന്നിവ കൈകാര്യം ചെയ്യാന്‍ പ്രത്യേക സ്ഥലമില്ല എന്നതാണ് പരിശോധകര്‍ കണ്ടെത്തിയ പ്രധാന പ്രശ്‌നമെന്ന് മുനിസിപ്പാലിറ്റിയിലെ മുഖ്യ ഫുഡ് ഇന്‍സ്‌പെക്ടര്‍ ബോബി കൃഷ്ണ പറഞ്ഞു. ഷവര്‍മ വൃത്തിയായി ഉണ്ടാക്കണമെങ്കില്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്. മിക്ക കഫ്തീരിയകള്‍ക്കും വേണ്ടത്ര സൗകര്യമില്ല. മാത്രമല്ല സാലഡുകളും മയോണൈസുകളും ശീതീകരിച്ച് സൂക്ഷിക്കുന്നുമില്ല. ഇത് ഏറെ ഭവിഷ്യത്തുണ്ടാക്കുന്നതാണ്.
ഷവര്‍മ സേവനങ്ങളെ മാത്രമാണ് ഇപ്പോഴത്തെ പരിശോധനകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഷവര്‍മ സേവനങ്ങള്‍ മാത്രമാണ് പൂട്ടാന്‍ നിര്‍ദേശിക്കുന്നത്. കഫ്തീരിയകളുടെ മറ്റു സേവനങ്ങളെ ബാധിക്കില്ല. ചെറിയ പ്രശ്‌നങ്ങളാണെങ്കില്‍ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യ നിര്‍മാണത്തിലുടനീളം സുരക്ഷയും വൃത്തിയും ഉറപ്പാക്കാന്‍ നിര്‍മാണത്തിന് മുന്‍പ് പാലിക്കേണ്ട നിരവധി മാര്‍ഗനിര്‍ദേശങ്ങളുണ്ട്. പൊടിപടലങ്ങളുടെ സാന്നിധ്യം, വെന്റിലേഷന്‍, തൊഴിലാളിക്ക് ജോലി ചെയ്യാന്‍ മതിയായ സ്ഥലം എന്നിവയാണ് കാര്യമായി പരിശോധിക്കപ്പെടുന്നത്.
കൂടാതെ ഇറച്ചി, സാലഡ്, ഹമ്മൂസ്, മയോണയ്‌സ് തുടങ്ങിയവ ശീതീകരിച്ച് സൂക്ഷിക്കാന്‍ സൗകര്യം വേണം. സാലഡും ഇറച്ചിയും തയ്യാറാക്കാന്‍ പ്രത്യേക ടേബിളുകളും ശുചീകരണത്തിനും പച്ചക്കറി കഴുകാനും പ്രത്യേകം സിങ്കുകളും വേണം. കൂടാതെ ഇറച്ചി മുറിക്കുന്ന ഉപകരണങ്ങള്‍ പ്രത്യേകമായി സൂക്ഷിക്കുകയും വേണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക