|    Mar 25 Sat, 2017 1:23 pm

ദുബയില്‍ ലാന്‍ഡിങിനിടെ വിമാനം കത്തിയമര്‍ന്നു; 90 സെക്കന്‍ഡിനുള്ളില്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

Published : 4th August 2016 | Posted By: SMR

ദുബയ്: 300 യാത്രക്കാരുമായി തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങവെ തീപിടിച്ച് പൊട്ടിത്തെറിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു. ദുരന്തനിവാരണ വിഭാഗത്തിന്റെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തമൊഴിവാക്കി. അടിയന്തര സുരക്ഷാവാതില്‍ വഴി 90 സെക്കന്‍ഡിനുള്ളില്‍ എല്ലാവരെയും പുറത്തെത്തിച്ചു. നിമിഷങ്ങള്‍ക്കകം വിമാനം കത്തിയമരുകയായിരുന്നു.
ഏറെനേരത്തെ പ്രയത്‌നത്തിനു ശേഷമാണു തീയണയ്ക്കാനായത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളം അടച്ചു. പിന്നീട് റണ്‍വേ തുറന്നു. ദുരന്തകാരണം വ്യക്തമല്ല. എമിറേറ്റ്‌സും ദുബയ് വ്യോമയാന മന്ത്രാലയവും അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരത്തുനിന്ന് 10.19ന് പുറപ്പെട്ട ഇ കെ 521 എന്ന ബോയിങ് 777 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 226 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 282 യാത്രക്കാരും 18 ജോലിക്കാരും ഉണ്ടായിരുന്നു. ഏഴു കുട്ടികളും ഇതില്‍പ്പെടും. ജോലിക്കാരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്. 24 ബ്രിട്ടിഷുകാര്‍, 11 യുഎഇ സ്വദേശികള്‍, അമേരിക്കയിലെയും സൗദിയിലെയും ആറുപേര്‍ വീതം, അഞ്ച് തുര്‍ക്കിക്കാര്‍, നാല് അയര്‍ലന്‍ഡുകാര്‍, രണ്ട് ആസ്‌ത്രേലിയക്കാര്‍, രണ്ട് ബ്രസീലുകാര്‍, ബോസ്‌നിയ, ഹെര്‍സിഗോവിന, ലബ്‌നാന്‍, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, തുണീസ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഓരോരുത്തരും വിമാനത്തിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ 11 പേര്‍ക്കു പൊള്ളലേറ്റു.
തീ പടര്‍ന്നതിനെത്തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഇവരെ അല്‍റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശികസമയം 12.45ന് ദുബയ് വിമാനത്താവളത്തില്‍ ഇറങ്ങവെ തറയില്‍ തട്ടുകയും ലാന്‍ഡിങ് ഗിയര്‍ തകര്‍ന്ന് വലതുഭാഗത്ത് തീപിടിക്കുകയുമായിരുന്നു. ശേഷം ഒരുഭാഗം തൂങ്ങിയ നിലയിലായി. പുക പടരാന്‍ തുടങ്ങിയതോടെ എല്ലാവരെയും അതിവേഗം ഇറക്കുകയായിരുന്നു. റണ്‍വേയില്‍ നില്‍ക്കുന്നതിനു മുമ്പ് വിമാനം തെന്നിനീങ്ങിയതായി മറ്റൊരു വിമാനത്തിന്റെ പൈലറ്റ് പറഞ്ഞു. റണ്‍വേയില്‍ അടുക്കുമ്പോള്‍ ലാന്‍ഡിങ് ഗിയര്‍ താഴ്ത്തണമെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നു നിര്‍ദേശം നല്‍കിയെങ്കിലും സാധിക്കുന്നില്ലെന്നായിരുന്നു പ്രതികരണം. യാത്രക്കാരെ ഒഴിപ്പിച്ചശേഷം മൂന്നുതവണ സ്‌ഫോടനശബ്ദമുണ്ടായി. പുറത്തിറങ്ങാനുള്ള തിക്കിലും തിരക്കിലുംപെട്ട് ഏതാനും യാത്രക്കാര്‍ക്കു നിസ്സാര പരിക്കേറ്റു. ഇവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പ്രാഥമികശുശ്രൂഷ നല്‍കി.
ഗുവാഹത്തിയില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്നു രക്ഷപ്പെട്ടു
ഗുവാഹത്തി: പൈലറ്റിന്റെ ജാഗ്രതമൂലം ഇന്‍ഡിഗോയുടെ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്നു രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് ഗുവാഹത്തിവിമാനത്താവളത്തിലാണു സംഭവം. മുംബൈ-ഗുവാഹത്തി വിമാനം വിമാനത്താവളത്തിനു മുകളിലെത്തിയപ്പോള്‍ മഴ കാരണം 250-300 അടിയിലേക്ക് ഉയര്‍ത്തി പറക്കുകയായിരുന്നു. ഏതാണ്ട് അതേസമയത്താണ് ചെന്നൈയിലേക്കുള്ള വിമാനവും ആ പാതയിലെത്തിയത്. നേര്‍ക്കുനേര്‍ വന്നപ്പോള്‍ യന്ത്രങ്ങള്‍ അപായസൂചന നല്‍കി.
തുടര്‍ന്ന് ഒരു വിമാനത്തിലെ പൈലറ്റ് സുരക്ഷിത അകലത്തിലേക്കു മാറ്റി അപകടം ഒഴിവാക്കുകയായിരുന്നു. ദിശമാറ്റി ഉയരം ക്രമീകരിച്ചപ്പോഴുണ്ടായ കുലുക്കത്തില്‍ ആറുപേര്‍ക്കു പരിക്കേറ്റു.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക