|    Nov 21 Wed, 2018 1:28 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ദീവാളി കുളിക്കാന്‍ റിസര്‍വ് ബാങ്ക് പണമോ?

Published : 4th November 2018 | Posted By: kasim kzm

ഇന്ദ്രപ്രസ്ഥം നിരീക്ഷകന്‍

എന്താണ് കേന്ദ്രമന്ത്രിസഭയും റിസര്‍വ് ബാങ്ക് ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നം? ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ സ്ഥാനം രാജിവച്ച് സ്ഥലം കാലിയാക്കാന്‍ ആലോചിക്കുകയാണെന്നു പറഞ്ഞത് കാര്യവിവരമുള്ള ധനകാര്യ പത്രങ്ങള്‍ തന്നെയാണ്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്‌സും ബ്ലൂംബര്‍ഗും വാര്‍ത്ത നല്‍കുകയുണ്ടായി. കാര്യം സത്യമാണെന്നു ബോധ്യപ്പെട്ട ശേഷം വാര്‍ത്ത പുറത്തുവിടുന്ന വലിയ വിശ്വാസ്യതയുള്ള ഏജന്‍സികളാണ് രണ്ടും.
ഒന്നാലോചിച്ചാല്‍ കാര്യം പരമ തമാശയാണ്. നരേന്ദ്ര മോദി അധികാരത്തില്‍ വരുന്ന നേരത്ത് ഷിക്കാഗോയില്‍ നിന്നു വന്ന പ്രശസ്തനായ ധനശാസ്ത്രജ്ഞന്‍ രഘുറാം രാജന്‍ ആയിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. മന്‍മോഹന്‍ജിയുടെ കാലത്ത് അമേരിക്കയില്‍ നിന്നു കൊണ്ടുവന്നതാണ് അദ്ദേഹത്തെ. രാജനെ കൊണ്ടുവരാന്‍ കാരണം, ഇന്ത്യയിലേക്കു വിദേശ നിക്ഷേപം ആകര്‍ഷിക്കണമെങ്കില്‍ ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയിലും സമ്പദ്ഘടനയിലും വിദേശികള്‍ക്ക് വിശ്വാസം വരണം. വാള്‍സ്ട്രീറ്റില്‍ നിന്നുള്ള ഘടാഘടിയന്‍മാരാണ് ഈ കക്ഷികള്‍. അവര്‍ അങ്ങനെ ആരെയും വിശ്വസിക്കുന്ന കൂട്ടരല്ല. അവര്‍ക്ക് വിശ്വാസം അവരുടെ സ്വന്തം ആളുകളെ മാത്രം. അങ്ങനെയാണ് അമേരിക്കയില്‍ പഠിച്ച് അമേരിക്കയില്‍ ജോലി ചെയ്യുന്ന കേമനായ രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
രാജന്റെ വരവ് ഗുണം ചെയ്തു എന്നാണ് അന്നു മാധ്യമങ്ങള്‍ വിലയിരുത്തിയത്. ധനവിപണിയില്‍ സ്ഥിതി മെച്ചമായി. രൂപയുടെ മൂല്യവില ഉയര്‍ന്നു. ഓഹരി കമ്പോളത്തില്‍ കുതിപ്പുണ്ടായി. ഇന്ത്യന്‍ സമ്പദ്ഘടന മുന്നോട്ടു കുതിക്കുകയാണ് എന്ന തോന്നലുണ്ടായി.
പക്ഷേ, മന്‍മോഹന്‍ജി തിരഞ്ഞെടുപ്പില്‍ തോറ്റു. പിന്നാലെ വന്ന മോദിക്ക് മന്‍മോഹന്‍ജിയുടെ ലൈനല്ല സാമ്പത്തിക മേഖലയില്‍. മന്‍മോഹന്‍ജി ഓക്‌സ്ഫഡിലാണ് പഠിച്ചത്. മോദി നാഗ്പൂരില്‍ കുറുവടിപ്പയറ്റാണ് ശീലിച്ചത്. അതിനാല്‍, സാമ്പത്തികരംഗത്ത് കുതിപ്പുണ്ടാക്കാന്‍ പയറ്റുമുറകളാണ് മെച്ചം എന്നാണ് മോദിജി കരുതിയത്.
പക്ഷേ, അത്തരം പയറ്റുപരിപാടികള്‍ക്ക് രഘുറാം രാജന്‍ നിന്നുകൊടുത്തില്ല. അതിനാല്‍ അങ്ങേരെ പുറത്താക്കി. പകരം കൊണ്ടുവന്നതാണ് പട്ടേലിനെ. ആള്‍ ഗുജറാത്തിയാണ്. മാത്രമല്ല, അംബാനിയുടെ പഴയ ഉപദേശകനാണ്. എന്തുകൊണ്ടും മോദിക്കു പറ്റിയ ഗവര്‍ണര്‍. അങ്ങനെയാണ് പട്ടേല്‍ ചാര്‍ജെടുത്ത ഉടനെ മോദിയുടെ തട്ടുപൊളിപ്പന്‍ പരിപാടി അവതരിപ്പിക്കപ്പെട്ടത്- നോട്ടു നിരോധനം. ഒറ്റയടിക്ക് നാട്ടില്‍ പ്രചാരത്തിലുള്ള നോട്ടില്‍ 85 ശതമാനവും വിലയില്ലാത്തതായി.
സംഗതി ഗംഭീരമായി പരാജയപ്പെട്ടു. രണ്ടു വര്‍ഷമായിട്ടും അതിന്റെ ആഘാതത്തില്‍ നിന്നു നാടു കരകേറിയിട്ടില്ല. അതിനിടയില്‍ തിരഞ്ഞെടുപ്പ് വന്നിങ്ങടുത്തു. എന്തെങ്കിലും നാലു കാശിന്റെ ഗുണം നാട്ടുകാര്‍ക്ക് ഉണ്ടായെന്നു തോന്നിയേ പറ്റൂ. അല്ലെങ്കില്‍ ജനം മോദിയെയും സംഘത്തെയും കെട്ടുകെട്ടിക്കും.
ഭരണനടപടികള്‍ കൊണ്ട് നാട്ടുകാര്‍ക്ക് ഗുണം കിട്ടുമെന്ന തോന്നല്‍ ഇപ്പോള്‍ സാക്ഷാല്‍ മോദിക്കു പോലുമില്ല. പിന്നെ ഒരു വഴി ബാങ്കിലുള്ള പണം എടുത്തു നാട്ടുകാര്‍ക്ക് എറിഞ്ഞുകൊടുക്കലാണ്- കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി എന്ന ശൈലിയില്‍.
പണം പക്ഷേ കിടക്കുന്നത് റിസര്‍വ് ബാങ്കിന്റെ പത്തായത്തിലാണ്. 30 ലക്ഷം കോടിയിലേറെയാണ് റിസര്‍വ് ബാങ്കിന്റെ സഞ്ചിത ആസ്തിയായി കിടക്കുന്നത്. എല്ലാ നാട്ടിലും അങ്ങനെത്തന്നെയാണ്. നാട്ടില്‍ എന്തു പ്രതിസന്ധി ഉണ്ടായാലും, ഏതു ബാങ്ക് പൊളിഞ്ഞാലും ജനത്തിനു സമ്പദ്ഘടനയില്‍ വിശ്വാസം നിലനില്‍ക്കണമെങ്കില്‍ റിസര്‍വ് ബാങ്കില്‍ അങ്ങനെ വലിയ കരുതല്‍ ധനം കിടക്കണം. പ്രതിസന്ധി വന്നാല്‍ അത് നാട്ടിലേക്ക് ഒഴുക്കിവിടാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവും. ആ വിശ്വാസമാണ് ബാങ്കിനെയും നാട്ടുകാരെയും നിലനിര്‍ത്തുന്നത്.
പക്ഷേ, മോദിക്ക് റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യതയേക്കാള്‍ പ്രധാനം തിരഞ്ഞെടുപ്പില്‍ വിജയം വരിക്കലാണ്. അതിനു പണം നാട്ടിലേക്ക് ഒഴുക്കിയേ പറ്റൂ. ബാങ്കുകളുടെ കരുതല്‍ ധനം സംബന്ധിച്ച കര്‍ശന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് ഒഴിവാക്കണം. ചോദിക്കുന്നവര്‍ക്ക് വായ്പ ഉദാരമായി നല്‍കണം. തിരിച്ചുകിട്ടുമോ പണം എന്ന ചോദ്യമേ പാടില്ല.
പട്ടേലിന് ഇതെങ്ങനെ അംഗീകരിച്ചുകൊടുക്കാനാവും? റിസര്‍വ് ബാങ്കിനെ കുത്തുപാളയെടുപ്പിച്ച ഗവര്‍ണര്‍ എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടാന്‍ ആര്‍ക്കാണ് താല്‍പര്യം ഉണ്ടാവുക? അതിനാല്‍, കക്ഷി കാര്യം വെട്ടിത്തുറന്നു പറഞ്ഞു: അതു നടപ്പില്ല. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണത്തില്‍ സര്‍ക്കാര്‍ കൈകടത്തരുത്. അത് തീക്കളിയാണ്.
റഫേലിലും സിബിഐ അട്ടിമറിയിലും കുടുങ്ങിക്കിടക്കുന്ന മോദിക്ക് ഗുജറാത്തി പട്ടേലുമായി ഒരു ഏറ്റുമുട്ടല്‍ കൂടി വരുന്നത് ഗുണകരമല്ല എന്നറിയാം. അതിനാല്‍, ഇനി ദീവാളി കുളിക്കാന്‍ പണം കണ്ടെത്താന്‍ വഴിയെന്ത് എന്ന ചോദ്യമാണ് പിഎംഒയിലും ധനമന്ത്രാലയത്തിലും ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss