|    Aug 16 Thu, 2018 1:42 am
FLASH NEWS

ദീവാന്‍ജിമൂല മേല്‍പ്പാലം അപ്രോച്ച് റോഡ്; പണി വൈകിപ്പിക്കാനുള്ള കോര്‍പറേഷന്‍ നീക്കത്തിനെതിരേ പ്രതിഷേധം

Published : 29th October 2016 | Posted By: SMR

തൃശൂര്‍: ദിവാന്‍ജി മൂല മേല്‍പ്പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നിരിക്കേ മുട്ടുന്യായങ്ങള്‍ പറഞ്ഞ് കോര്‍പറേഷന്‍ നിര്‍മാണ ജോലികള്‍ നീട്ടിക്കൊണ്ടുപോവുന്നതായി ആക്ഷേപം. നിലവിലുള്ള പാലത്തിന് വടക്കുഭാഗത്താണ് പുതിയ മേല്‍പാലം നിര്‍മാണം നടക്കുന്നത്. ഇതിനോടനുബന്ധിച്ച് ദിവാന്‍ജി മൂല മുതല്‍ പൂത്തോള്‍ ജങ്ഷന്‍വരെ അപ്രോച്ച് റോഡ് നിര്‍മിക്കാനാവശ്യമായ സ്ഥലം കോര്‍പറേഷന്റെ കൈവശമുണ്ട്. മാത്രമല്ല അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് യാതൊരു സാങ്കേതിക പ്രശ്‌നങ്ങളുമില്ല. എന്നിട്ടും മേല്‍പ്പാലം നിര്‍മാണം കഴിഞ്ഞിട്ടേ അപ്രോച്ച് റോഡിനെ പറ്റി ചിന്തിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂവെന്നാണ് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി കൗണ്‍സിലിനെ അറിയിച്ചത്. ഐ പി പോള്‍ മേയറായിരുന്നപ്പോഴാണ് നിലവിലുള്ള മേല്‍പ്പാലത്തിന്റെ വടക്കുഭാഗത്ത് അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. 50ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി ടെന്‍ഡറും വിളിച്ചു. പക്ഷെ പണി ഏറ്റെടുക്കാന്‍ കരാറുകാരാരും തയ്യാറായില്ല. പിന്നീട് പുതിയ മേല്‍പ്പാലത്തിന്റെ രൂപ കല്‍പന വന്നതോടെ റോഡിന്റെ പഴയ രൂപരേഖ അസാധ്യമായി. നിലവിലുള്ള പാലത്തിനേക്കാള്‍ ഒന്നരമീറ്റര്‍ ഉയരത്തിലാണ് പുതിയ പാലം വരുന്നത്. അപ്രോച്ച് റോഡിനായി അന്നുണ്ടാക്കിയ രൂപരേഖയും എസ്റ്റിമേറ്റും നവീകരിച്ച് പുതുക്കി ടെന്‍ഡര്‍ ചെയ്താല്‍ രണ്ടോ മൂന്നോ മാസം കൊണ്ട് അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാവുമെന്നാണ് വിലയിരുത്തല്‍. 25 മീറ്റര്‍ വീതിയില്‍ റിങ് റോഡിന്റെ ഭാഗമായാണ് മേല്‍പ്പാലവും വിഭാവനം ചെയ്തിട്ടുള്ളത്. ശക്തനില്‍ നിന്നു വരുന്ന റോഡ് കെഎസ്ആര്‍ടിസി ക്ക് മുന്നില്‍ നിന്നും തുടങ്ങി പൂത്തോള്‍ മേല്‍പാലം വരെയാണ്. അപ്രോച്ച് റോഡ് നിര്‍മാണത്തിന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ രണ്ട് വര്‍ഷം മുമ്പ് 8.5 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടുള്ളത്. കെഎസ്ആര്‍ടിസിക്കുമുന്നിലെ ഹോട്ടല്‍ ഒഴികെ, വടക്കോട്ടുള്ള മേല്‍പ്പാലം വരെയുള്ള ഭാഗത്തെ സ്ഥലം റെയില്‍വേ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് വാങ്ങിയെടുക്കാനുള്ള താല്‍പര്യം കോര്‍പറേഷന്‍ കാട്ടുന്നില്ല. പുതിയ മേല്‍പാലവും പഴയ മേല്‍പാലവും ചേര്‍ന്ന് നാലുവരിപാതയാവുന്നതോടെ ദിവാന്‍ജിമൂല ജങ്ഷനിലെ തെക്ക് പടിഞ്ഞാറ് മൂലയിലുള്ള കോര്‍പറേഷന്‍ സ്ഥലത്തെ അനധികൃത കച്ചവടക്കാരെ ഒഴിവാക്കേണ്ടിവരും. അതിനടുത്ത ഏതാനും അനധികൃത താമസക്കാരേയും പുനരധിപ്പിക്കേണ്ടിവരും. പൂത്തോള്‍ ജങ്ഷന് തെക്കുഭാഗത്തുള്ള ഏതാനം പേരെയും ഒഴിവാക്കേണ്ടിവരും. മാറ്റാമ്പുറത്ത് 60 ലേറെ വീടുകള്‍ പണിപൂര്‍ത്തിയായി കിടക്കുന്നതിനാല്‍ പുരനധിവാസം ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ പുനരധിവാസത്തെപറ്റിയും കൈയേറ്റം ഒഴിപ്പിക്കുന്നതിനെപറ്റിയും കോര്‍പറേഷന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല.10.3 മീറ്റര്‍ വീതിയില്‍ 32.4 മീറ്റര്‍ നീളത്തിലുള്ള വടക്കുഭാഗത്തെ പുതിയ മേല്‍പ്പാലം പണി പൂര്‍ത്തിയായശേഷം തെക്ക് ഭാഗത്തെ നിലവിലുള്ള മേല്‍പ്പാലം പൊളിച്ച് പണിയേണ്ടതുണ്ട്. പക്ഷെ അതിന് തല്‍ക്കാലം ഉദ്ദേശമില്ല. റെയില്‍വേ തന്നെ മൂന്ന് ട്രാക്കുകള്‍ നിര്‍മിക്കാനിരിക്കേ റെയില്‍വേയുടെ ചെലവില്‍ പഴയപാലം പൊളിച്ച് പണിയാനാവുമെന്ന പ്രതീക്ഷയിലാണ് കോര്‍പറേഷന്‍. മൊത്തം 25 മീറ്റര്‍ വീതിയില്‍ മേല്‍പ്പാലം സാധ്യമാവുന്നതോടെ ആറ് വരി പാത സൗകര്യം ഇവിടെ ലഭ്യമാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss