|    Nov 13 Tue, 2018 8:45 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദീര്‍ഘവീക്ഷണത്തിന്റെ ആള്‍രൂപമായി മാര്‍ അത്തനാസിയോസ്

Published : 25th August 2018 | Posted By: kasim kzm

എ ജയകുമാര്‍

ചെങ്ങന്നൂര്‍: സഭയിലും സമൂഹത്തിലും ദീര്‍ഘവീക്ഷണത്തിന്റെ ആള്‍രൂപമായിരുന്നു തോമസ് മാര്‍ അത്തനാസിയോസ് മെത്രാപോലീത്ത. ആത്മീയത പോലെ പരിപാവനമായി തന്നെ പ്രകൃതിയെയും കൃഷിയെയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന ചെങ്ങന്നൂരിന്റെ നിറസാന്നിധ്യമായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപോലീത്തയും ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ അധിപനുമാണ്.
സഭയുടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മാര്‍ അത്താനാസിയോസ് വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയാണ്. ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയ അദ്ദേഹത്തെ അവിടുത്തെ അധ്യാപകരും വിദ്യാര്‍ഥികളും ഇന്നും സ്‌നേഹപൂര്‍വം ഫാദര്‍ എന്നാണ് വിളിക്കുന്നത്. പുത്തന്‍കാവ് മെട്രോപൊളിറ്റന്‍ സ്‌കൂളിലെ വിദ്യാര്‍ഥി ആയിരുന്ന അദ്ദേഹം അവിടുത്തെ അധ്യാപകനും പിന്നീട് ആ സ്‌കൂളിന്റെ മാനേജരുമായിത്തീര്‍ന്നു. വൈദീക പാരമ്പര്യമുള്ള പുത്തന്‍കാവ് കിഴക്കേത്തലയ്ക്കല്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹം സഭയുടെ ഗാനകോകിലമായിരുന്ന പുത്തന്‍കാവ് കൊച്ചുതിരുമേനിയുടെ സഹോദരപുത്രനാണ്.
സമൂഹത്തിലെ വിവിധ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന അദ്ദേഹം ചെങ്ങന്നൂരിന്റെ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ നിറഞ്ഞ സാന്നിധ്യമാണ്. ഭദ്രാസനത്തില്‍ അദ്ദേഹം നടപ്പാക്കിയിട്ടുള്ള ചില ആശയങ്ങള്‍ പിന്നീട് സഭ മുഴുവനായി നടപ്പാക്കി എന്നത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ പ്രതിഫലനമാണ്.
ഫാ. കെ ടി തോമസ് എന്നപേരില്‍ വൈദികനായിരുന്ന തിരുമേനി വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് ഗുജറാത്തില്‍ നിരവധി ദേവാലയങ്ങള്‍ തന്റെ പരിശ്രമം വഴിയായി സ്ഥാപിക്കുകയുണ്ടായി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഇന്ന് അഹ്മദാബാദ് ആസ്ഥാനമായി ഒരു ഭദ്രാസനം രൂപീകരിക്കുവാന്‍ സാധിച്ചതില്‍ അത്തനാസിയോസ് തിരുമേനിക്കുള്ള പങ്ക് ചെറുതല്ല. പ്രകൃതിയോടും കൃഷിയോടും അദ്ദേഹത്തിനുള്ള താല്‍പ്പര്യം ബഥേല്‍ അരമന അങ്കണത്തില്‍ എത്തുന്ന ആര്‍ക്കും നേരിട്ടുതന്നെ മനസ്സിലാവും. തന്റെ കൃഷിയില്‍ നിന്നു വിളവെടുക്കുമ്പോള്‍ ആരെങ്കിലും അദ്ദേഹത്തെ കാണുവാന്‍ എത്തിയാല്‍ അതിന്റെ വിഹിതം അവര്‍ക്കു നല്‍കി മാത്രമേ അവരെ അദ്ദേഹം യാത്രയാക്കാറുള്ളൂ. തന്റെ ജീവിതം സഭയ്ക്കും സമൂഹത്തിനും പ്രയോജനമുള്ളതായിത്തീരണമെന്ന് ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് വിദ്യാഭ്യാസ ലോണ്‍, സ്‌കോളര്‍ഷിപ്പ് പദ്ധതി, വിധവാ പെന്‍ഷന്‍, ഏഴ് ജീവസന്ധാരണ പദ്ധതികള്‍ എന്നിവ നടപ്പാക്കുകയുണ്ടായി. പഞ്ചസപ്തതിയോടനുബന്ധിച്ച് വൃദ്ധജനസംരക്ഷണത്തിനായി കൊഴുവല്ലൂരിലെ പ്രകൃതിരമണീയമായ സ്ഥലത്ത് സ്‌നേഹഭവന്‍ നിര്‍മിക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും ഹരിതപദ്ധതി നടപ്പാക്കുക തുടങ്ങിയവയാണ് ചെയ്തു.
മിഷന്‍ ചെങ്ങന്നൂര്‍ എന്ന ജീവകാരുണ്യ സംഘടനയുടെ രക്ഷാധികാരി കൂടിയായിരുന്നു തിരുമേനി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss