|    Apr 26 Wed, 2017 7:43 am
FLASH NEWS

ദീര്‍ഘദൂര ബസ്സുകള്‍ സമയം പാലിക്കുന്നില്ല; എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ദുരിതം

Published : 6th November 2016 | Posted By: SMR

കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിവിധ രാജ്യങ്ങളില്‍ നിന്നു നാട്ടിലേക്കു പോവാന്‍ എത്തുന്ന യാത്രക്കാര്‍ ദീര്‍ഘദൂര ബസ്സുകളുടെ അലംഭാവം മൂലം ദുരിതത്തിലാവുന്നു. ഇന്നലെ സൗദിയില്‍ നിന്നെത്തിയ കോഴിക്കോട് കോട്ടപ്പുറം സ്വദേശി സത്താറും കോഴിക്കോട്ടേക്കും വയനാട്ടിലേക്കും പോവാനുണ്ടായിരുന്ന നിരവധി യാത്രക്കാരുമാണ് ബസ്സു കാത്തുനിന്ന് ദുരിതത്തിലായത്.
കെയുആര്‍ടിസിയുടെ ബസ് ടിക്കറ്റ് കോഴിക്കോട്ട് പോവുന്നതിനായി സത്താര്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തപ്പോള്‍ ടിക്കറ്റില്‍ ബസ് എത്തുന്ന സമയം 5.30ആണ് നല്‍കിയിരുന്നത്. ബസ് എത്താത്തതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ സൈറ്റില്‍ നല്‍കിയിരുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ വിവിധ നമ്പറുകള്‍ മാറിമാറി നല്‍കിയതല്ലാതെ പരിഹാരം ഒന്നുമുണ്ടായില്ല. എന്നാല്‍, വാഹനം കേടായതാണ് എത്താന്‍ വൈകുന്നത് എന്ന് അറിയിച്ചെങ്കിലും പകരം മറ്റൊരു സംവിധാനമൊരുക്കാതിരുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ബസ് എത്തിയത്. ബസ്സിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നതിനായി കൗണ്ടര്‍, ബസ് കാത്തിരിപ്പ് കേന്ദ്രം, ടോയ്‌ലറ്റ് സംവിധാനം തുടങ്ങി വിദേശരാജ്യങ്ങളില്‍ നിന്നു വരുന്ന നിരവധി ദീര്‍ഘദൂര ബസ് യാത്രക്കാര്‍ക്കു വേണ്ട ഒരു സംവിധാനവും എയര്‍പോര്‍ട്ടിനു സമീപം സജ്ജമാക്കിയിട്ടില്ല എന്നും യാത്രക്കാര്‍ പറയുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന് ബദലായി വന്ന എയര്‍പോര്‍ട്ടിലെ സംവിധാനങ്ങള്‍ വളരെ പരിതാപകരമാണെന്നും യാത്രക്കാര്‍ പറഞ്ഞു.
24 മണിക്കൂറിലേറെ യാത്ര കഴിഞ്ഞ് എത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു എന്നുള്ളത് മറ്റൊരു വസ്തുതയാണ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നു ദിനംപ്രതി നിരവധി യാത്രക്കാരാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് ദീര്‍ഘദൂര ബസ്സുകളെ ആശ്രയിക്കുന്നത്. എന്നാല്‍, യാത്രക്കാരെ ദുരിതത്തിലാക്കുന്നത് ഇവിടെ പതിവാണെന്നും ഇവര്‍ തേജസിനോട് പറഞ്ഞു. ഏറെയും പ്രവാസികളാണ് ഈ ദുരിതക്കയത്തില്‍ പെടുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day