|    Jul 23 Sun, 2017 10:18 am
Home   >  News now   >  

ദീര്‍ഘകാല വിസയില്‍ ഇന്ത്യയില്‍ താമസിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാന്‍ അനുമതി

Published : 13th July 2016 | Posted By: sdq

ന്യൂഡല്‍ഹി: അഫ്ഗാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തി ദീര്‍ഘകാല വിസയില്‍ ഇവിടെ താമസിക്കുന്ന ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്‍മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇന്ത്യയില്‍ ദൈനംദിന ജീവിതത്തില്‍ ഇവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയാണു ലക്ഷ്യം.
ഇതോടെ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നതിനും അതിനായി വസ്തു വാങ്ങുന്നതിനും ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ സ്വന്തമാക്കുന്നതിനും ഇവര്‍ അനുഭവിച്ചിരുന്ന തടസ്സങ്ങള്‍ നീങ്ങും. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ദീര്‍ഘകാല വിസ പേപ്പറുകള്‍ മാറ്റുന്നതിനും അനുമതി ലഭിക്കും. ഹ്രസ്വകാല, ദീര്‍ഘകാല വിസകള്‍ കൃത്യസമയത്ത് പുതുക്കാത്തതിന് ഈടാക്കുന്ന പിഴ ഒഴിവാക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ താമസിക്കുന്ന ഇടത്തേക്ക് അനുമതി കൂടാതെയാണ് എത്തിയതെങ്കിലും അവിടെ നിന്നുതന്നെ ദീര്‍ഘകാല വിസയ്ക്കായി അപേക്ഷിക്കുന്നതിനുള്ള അനുമതിയും ഈ വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇന്ത്യയുടെ പൗരത്വത്തിനായി അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് 3,000 മുതല്‍ 15,000 രൂപ വരെയായിരുന്നത് 100 രൂപയായി കുറയ്ക്കാനും ഗവണ്‍മെന്റ് തീരുമാനിച്ചു. ഈ ന്യൂനപക്ഷ വിഭാഗങ്ങളെ ഇന്ത്യന്‍ പൗരന്‍മാരായി രജിസ്റ്റര്‍ ചെയ്യുന്നതിന് റായ്പൂര്‍, അഹ്മദാബാദ്, ഗാന്ധിനഗര്‍, കച്ച്, ഭോപാല്‍, ഇന്‍ഡോര്‍, നാഗ്പൂര്‍, മുംബൈ, പൂനെ, താനേ, പശ്ചിമ ഡല്‍ഹി, ദക്ഷിണ ഡല്‍ഹി, ജോധ്പൂര്‍, ജയ്‌സാല്‍മേര്‍, ജയ്പൂര്‍, ലഖ്‌നോ എന്നീ ജില്ലകളിലെ കലക്ടര്‍മാരെ രണ്ട് വര്‍ഷത്തേക്ക് അധികാരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക