|    Sep 22 Fri, 2017 11:41 am
FLASH NEWS

ദീപാവലിക്ക് രണ്ടുനാള്‍ മാത്രം: പടക്ക വിപണി സജീവം

Published : 27th October 2016 | Posted By: SMR

പത്തനാപുരം: ദീപാവലി എത്തിയതോടെ പടക്ക വിപണി സജീവമായി. തമിഴ്‌നാട്ടിലെ ശിവകാശിയില്‍ നിന്നെത്തുന്ന പടക്കങ്ങള്‍ക്ക് പുറമെ തദ്ദേശീയമായി നിര്‍മിക്കുന്ന പടക്കങ്ങളും കിഴക്കന്‍ മേഖലയില്‍ സജീവമായിട്ടുണ്ട്.ശബ്ദരഹിത പടക്കങ്ങളാണ് ഇത്തവണ വിപണിയില്‍ ഏറെയും എത്തിയിട്ടുള്ളത്. ശിവകാശിയില്‍ കഴിഞ്ഞദിവസം പടക്കശാല പൊട്ടിത്തെറിച്ച് എട്ടുപേരാണ് മരിച്ചത്. എന്നാലും മേഖലയില്‍ കേരള വിപണി ലക്ഷ്യമിട്ട് ശബ്ദരഹിത പടക്കങ്ങള്‍ കൂടുതല്‍ വിപണിയിലെത്തിക്കാന്‍ വന്‍ സന്നാഹങ്ങളാണ് തമിഴ് സംഘങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ പടക്ക നിര്‍മാണത്തിനും വില്‍പ്പനയ്ക്കും ശക്തമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പടക്ക വ്യാപാരികള്‍ തദ്ദേശീയമായി നിര്‍മിക്കുന്ന പടക്കങ്ങള്‍ക്ക് കേരള ഗ്രാമങ്ങളില്‍  പ്രിയമേറുകയാണ്. വിസില്‍ മുഴക്കുകയും സംഗീതം പൊഴിക്കുകയും ചെയ്യുന്ന വ്യത്യസ്തയിനം പടക്കങ്ങളാണ് വിപണിയിലെത്തുന്നത്. ചൈനീസ് പടക്കങ്ങള്‍ക്ക് നിയന്ത്രണം വന്നതോടെ പടക്കവിപണിയില്‍ വ്യത്യസ്തയിനം പടക്കങ്ങള്‍ എത്തുന്നുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ്  ശിവകാശിയില്‍ നിന്നെത്തിയ സംഘമടക്കം വന്‍തോതില്‍ പടക്കനിര്‍മാണം ആരംഭിച്ചിട്ടുള്ളത്. ദീപാവലിയെ വരവേല്‍ക്കാന്‍ കിഴക്കന്‍ മലയോര മേഖല ഒരുങ്ങുമ്പോള്‍ തമിഴ്‌നാട് -കേരള അതിര്‍ത്തി ഗ്രാമങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ നിര്‍മിച്ച്  എത്തിക്കുന്ന പടക്കങ്ങളാണ് വിപണയില്‍ ഏറെയും ഇക്കുറി എത്തുന്നത്. കടയ്ക്കലിലെ പടക്കനിര്‍മാതാവും വ്യാപാരിയുമായ സാബുവിന്റെ കരവിരുതില്‍ പടക്കങ്ങള്‍ക്ക് പുറമേ,നിലവെട്ടി, ഈര്‍ക്കില്‍ വാണം, കുറ്റിപ്പടക്കം, മാലപ്പടക്കം, ഓലപ്പടക്കം, പൂത്തിരി, ലാത്തിരി എന്നിവ തയാറായിക്കഴിഞ്ഞു.ഇതിന് പുറമെ വര്‍ണപ്രഭ ചിതറുന്ന പലതരം പടക്കങ്ങളും സാബു തയാറാക്കിയിട്ടുണ്ട്. ഈര്‍ക്കിലില്‍ തീര്‍ത്ത നാടന്‍ ഇനമായ ഈര്‍ക്കില്‍ വാണത്തിന് ഒന്നിന് 30 രൂപയാണ് വില. അഞ്ചുമുതല്‍ 75 രൂപ വരെ വിലയുള്ള ലാത്തിരിയും ഇവിടെ ലഭിക്കും. 24 സെന്റിമീറ്റര്‍ മുതല്‍ 30 സെന്റിമീറ്റര്‍ വരെ നീളമുള്ള കമ്പിത്തിരിയാണ് ഇത്തവണ നിര്‍മിച്ചിട്ടുള്ളത്. ശിവകാശിയിലെ പ്രമുഖ ബ്രാന്റുകളുടെ പടക്ക ഉല്‍പ്പന്നങ്ങളും വിപണിയില്‍ കൂടുതല്‍ വിറ്റഴിക്കുന്നുണ്ട്. ആകാശത്ത് പ്രകമ്പനം സൃഷ്ടിക്കുന്ന ഷോട്ടുകളും ഇത്തവണ വിപണി കീഴടക്കി കഴിഞ്ഞു.25 മുതല്‍ 500 വരെ പ്രാവശ്യം ആകാശത്ത് വര്‍ണ വിസ്മയം നടത്തിയശേഷം പൊട്ടിച്ചിതറുന്ന പടക്കങ്ങളും ലഭ്യമാണ്. ആകാശത്ത് പല തട്ടുകളായി വര്‍ണവിസ്മയം പൊഴിക്കുന്ന ദീപാലങ്കാരങ്ങലും വിപണി യിലെത്തിക്കഴിഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍  ഏര്‍പ്പെടുത്തിയതോടെ ഇക്കുറി പടക്കങ്ങള്‍ക്ക് വിപണിയില്‍ തീ വിലയാണ്. അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ പടക്കവിപണിയെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പടക്കശാലകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തുന്ന റെയ്ഡുകളും മറ്റും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പടക്കവ്യാപാരികളും പറയുന്നു.ശിവകാശി പടക്കങ്ങളുടെ ലേബലില്‍ അമിതവിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചില്ലറ വ്യാപാരികള്‍ വില കുറച്ചാണ് പടക്കങ്ങള്‍ വില്‍ക്കുന്നത്. അപകട സാധ്യത പടക്കങ്ങള്‍ക്ക് കൂടുതല്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ജാഗ്രതയോടെ പടക്കവ്യാപാരികള്‍ മുന്നോട്ട് നീങ്ങുന്നത്. അപകടകരമല്ലാത്ത പടക്കങ്ങളാണ് ഇത്തവണ വിപണിയില്‍ എത്തിയിട്ടുള്ളതെങ്കിലും  ദുരന്തങ്ങളുടെ  പശ്ചാത്തലത്തില്‍ പോലിസ് ജാഗ്രതയോടെയാണ് പടക്ക വില്‍പന വീക്ഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക