ദീപപ്രഭയില്‍ നഗരം; ഉല്‍സവ വിളക്കുകള്‍ക്ക് ഇന്നു തിരിതെളിയും
Published : 11th September 2016 | Posted By: SMR
തിരുവനന്തപുരം: ദീപാലങ്കാരങ്ങളുടെ പൊന്പ്രഭയില് ഓണത്തെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി. ഇന്നു വൈകീട്ട് 6.30ന് കനകക്കുന്ന് കൊട്ടാരത്തില്‍ മന്ത്രിയും ഓണാഘോഷ സംഘാടക സമിതി ചെയര്‍മാനുമായ കടകംപള്ളി സുരേന്ദ്രന് സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിക്കുന്നതോടെ കവടിയാര്‍ കൊട്ടാരം മുതല്‍ അട്ടക്കുളങ്ങര വരെയുള്ള അലങ്കാരവിളക്കുകള്‍ മിഴി തുറക്കും.
നാളെ വൈകീട്ട് ആറരയ്ക്കു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓണാഘോഷം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. യേശുദാസ് മുഖ്യാതിഥിയായിരിക്കും. 18നു വര്‍ണാഭമായ ഘോഷയാത്രയോടെയാണു സമാപനം. ഇത്തവണ ആക്കുളം പാലം മുതല്‍ കഴക്കൂട്ടം പോലിസ് സ്റ്റേഷന് വരെയും വൈദ്യുത ദീപാലങ്കാരമുണ്ടാവും. വ്യാപാരി വ്യവസായികളും ടെക്നോപാര്‍ക്കിലെ സംരംഭകരും മറ്റ് സ്ഥാപനങ്ങളും ഇവിടത്തെ ദീപാലങ്കാരത്തിനു മുന്‍കൈയെടുക്കും. കഴിഞ്ഞവര്‍ഷം വെള്ളയമ്പലം മുതല്‍ അട്ടക്കുളങ്ങര വരെ മാത്രമാണു ദീപാലങ്കാരമുണ്ടായിരുന്നത്. മനോഹരമായി അലങ്കാരവിളക്കുകള്‍ വിന്യസിക്കുന്ന സ്ഥാപനങ്ങള്‍ക്കു സമ്മാനം നല്‍കും.
സര്‍ക്കാര്‍, പൊതു, സ്വകാര്യ, ബാങ്കിങ് എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് ഓരോന്നിലും ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ക്കു സമ്മാനം നല്കുമെന്നു ദീപാലങ്കാര കമ്മിറ്റി ചെയര്മാന് വി ജോയി എംഎല്‍എ അറിയിച്ചു.
കനകക്കുന്നു കൊട്ടാരവളപ്പിലുള്ള സൂര്യകാന്തി എക്സിബിഷന് ഗ്രൗണ്ടില്‍ ഓണം ട്രേഡ്ഫെയറും എക്സിബിഷനും ഇന്നു തുടങ്ങും. ട്രേഡ് ഫെയര്‍ വൈകീട്ട് നാലിന് കെടിഡിസി ചെയര്മാന് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ ഇന്‍ഡസ്ട്രിയല്‍ എക്സ്പോയും നടക്കും. മേള 10 ദിവസം നീണ്ടുനില്ക്കുമെന്നു ട്രേഡ്ഫെയര്‍, എക്സിബിഷന് കമ്മിറ്റി ചെയര്മാന് കെ ആന്‍സലന്‍ അറിയിച്ചു.
ഇതോടൊപ്പം കുട്ടികള്‍ക്കായുള്ള അമ്യൂസ്മെന്റ് പാര്‍ക്ക് ഇന്ന് വൈകീട്ട് നാലിന് തുറക്കും. ഭക്ഷ്യമേളയാണു മറ്റൊരു പ്രത്യേകത. പരമ്പരാഗത നാടന്‍ രുചിക്കൂട്ടുകള്‍ ചേര്‍ന്ന വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് ഇവിടെ ലഭിക്കുക. മീഡിയാ സെന്ററും ഇന്ന് പ്രവര്‍ത്തന സജ്ജമാവും. ഓണാഘോഷ സംഘാടക സമിതി ചെയര്മാന് മന്ത്രി കടകംപള്ളി സുരേന്ദ്രന് മീഡിയാ സെന്റര്‍ ഉദ്ഘാടനം ചെയ്യുമെന്ന് മീഡിയാ കമ്മിറ്റി ചെയര്മാന് അഡ്വ. ബി സത്യന് എംഎല്‍എ അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.