|    Apr 20 Fri, 2018 2:54 am
FLASH NEWS
Home   >  Fortnightly   >  

ദീന്‍

Published : 13th February 2016 | Posted By: swapna en

 കഥ
സത്താര്‍ ആദൂര്‍

dheenഅണ്ണന് ദീനീ കൂടിക്കൂടേ?’ഞാന്‍ ചോദിച്ചത് കൊണ്ടാണെന്ന് തോന്നുന്നു രാജണ്ണന്‍ കേട്ടഭാവം നടിച്ചു കൊണ്ടാണ് പിന്നീട് തെങ്ങ് കയറ്റം തുടര്‍ന്നത്.
ഈയിടെയായി രാജണ്ണന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യമിതാണ്. അതുകൊണ്ട്തന്നെ അണ്ണനതെത്ര കേട്ടാലും കേട്ടതായി നടിക്കാറുമില്ല.
ബാപ്പയും ഇക്കാക്കമാരും ഒരു ദിവസംതന്നെ എത്രയോ തവണയാണ് ഈ ചോദ്യം ആവര്‍ത്തിക്കാറുള്ളത്! തേങ്ങ പൊതിക്കുമ്പോഴും, കഞ്ഞി കുടിക്കുമ്പോഴും എന്നുവേണ്ട പല്ല് തേക്കുമ്പോള്‍വരെ അണ്ണനിത് കേള്‍ക്കുന്നുണ്ട്. എന്നിട്ടും എന്തോ അണ്ണനിതുവരെ അനുകൂലമായോ പ്രതികൂലമായോ ഒന്നും പറഞ്ഞിട്ടില്ല.
ഏകദേശം പത്ത്മുപ്പത്തെട്ട് വയസ്സ് പ്രായമുള്ള രാജന്‍ വളരെ ചെറുപ്പത്തില്‍ വീട്ടില്‍ വന്നു കൂടിയതാണ്. മലയാളം എഴുത്തും വായനയും വശമാക്കിയ അണ്ണന്‍ അത്യാവശ്യം ദിക്‌റും സ്വലാത്തും കേട്ട് പഠിച്ചിട്ടുമുണ്ട്. വീട്ടിലെ റേഷന്‍ കാര്‍ഡില്‍ വരെ പേരുള്ള അണ്ണന്‍ തമിഴനാണെങ്കിലും അമ്മാതിരി ഛായയുണ്ടെന്നൊന്നും കരുതരുത്. ആള് അസ്സലൊരു ചൊങ്കന്‍ തന്നെയാണ്.
പാല് കറന്നെടുക്കുമ്പൊ കുടിച്ച് കുടിച്ച് ചെക്കന്‍ വെള്ളക്കാരെപോലെ ആയിരിക്ക്ണ്.’ ഉമ്മച്ചി രാജനെ കളിയാക്കി ഇടയ്ക്കിടയ്ക്ക് പറയും.
വീട്ടിലേക്ക് വിരുന്നുകാരായി വരുന്ന പലരും ആദ്യകാഴ്ചയില്‍ അണ്ണനോട് സലാം പറയാറുള്ളതും, അണ്ണന്‍ കൂസലെന്യേ അതു മടക്കി ചിരിക്കാന്‍ പാടുപെടാറുള്ളതുമൊക്കെ വീട്ടിലെ നിത്യ സംഭവങ്ങളുടെ ഭാഗം തന്നെയാണ്.
ഓന്‍ ആള് വെളവനാ…’  ബാപ്പ അണ്ണനെ കുറിച്ച് എപ്പോഴും പറയും.
ബാപ്പ, മക്കളായ ഞങ്ങള്‍ക്കുവരെ ഇങ്ങനെയൊരു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വിവരം ഉമ്മച്ചിപോലും കേട്ടിട്ടില്ല.
ബാപ്പയ്ക്ക് ഇടംവലം തിരിയാന്‍ രാജണ്ണന്‍ വേണം. പാടത്തിന്റെയും പറമ്പിന്റെയും സകലമാന ഡീലിംഗ്‌സും അണ്ണന്റെ മേല്‍നോട്ടത്തിലാണ്. ശരിക്ക് പറഞ്ഞാല്‍ ചുക്കില്ലാത്ത കഷായമില്ലെന്ന് പറയുന്നപോലെ അണ്ണനില്ലാത്ത ഒരു കാര്യവും വീട്ടിലില്ല.
ഇതുമാത്രമല്ല അണ്ണനോട് ദീനീ കൂടാന്‍ എല്ലാവരും പറയുന്നതിന് പിന്നില്‍ മറ്റൊരു സംഗതികൂടിയുണ്ട്. സത്യത്തില്‍ അത് അലിക്ക കണ്ടെത്തിയതാണ്. ഈ പൊല്ലാപ്പുണ്ടാക്കിയതുതന്നെ.
അണ്ണന് അടുക്കളപ്പണിക്ക് വരുന്ന പാത്തുത്താടെ മോള് ഖൈറുവിനോട് ഒരു പിരിശം! അലിക്ക എങ്ങനെയോ അത് മണത്തറിഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയിലേക്ക് ആളെ ചേര്‍ക്കാന്‍ നടക്കുന്ന അലിക്ക പെമ്പ്രന്നോര്ത്തിയെ കൂടി വലേല് വീഴ്ത്താന്‍ പറ്റാതെ നട്ടം തിരിയുമ്പോഴാണ് ഈ സംഗതി അറിയുന്നത്. രാജണ്ണനെ പിടികൂടുന്നതും.
ഖൈറുവിനെ കല്യാണം കഴിക്കാന്‍ ഇതല്ലാതെ മറ്റൊരു വഴിയില്ലെന്ന് അണ്ണന് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ട് അണ്ണന്‍ മറുത്തൊന്നും പറഞ്ഞുമില്ല. എല്ലാംമൂളിക്കേട്ടു.
കാര്യങ്ങളുടെ പോക്ക് ഈ വഴിക്ക് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ സലഫിക്കാരായ കമറുക്കാക്കും സലാമുക്കാക്കും ഒഴിഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞില്ല. അവരും രാജണ്ണന്റെ പിന്നാലെ കൂടി.
മൂത്ത മുതിര്‍ന്ന ആണ്‍മക്കള്‍ മുജാഹിദുകളും, ജമാഅത്തുകാരുമൊക്കെയായിട്ടും സുന്നി ആശയത്തില്‍നിന്ന് അണുവിട വ്യതിചലിക്കാതെ ഒറിജിനല്‍ സുന്നിയായി സജീവ പ്രവര്‍ത്തനം നടത്തുന്ന ബാപ്പയും രാജണ്ണന്റെ മേല്‍ കണ്ണുവെച്ചിട്ടുണ്ടെന്നുള്ളതാണ് ഏറ്റവും ലേറ്റസ്റ്റ് ന്യൂസ്.
ഇതെല്ലാം കണ്ടും കേട്ടും തമാശ തോന്നിയാണ് ഞാന്‍ വെറുതെ അണ്ണനോടിത് ചോദിച്ചു നോക്കിയത്.
തെങ്ങില്‍ നിന്നും ഇറങ്ങിവന്ന രാജണ്ണന്‍ ഒരു കരിക്ക് വെട്ടി എനിക്ക് തന്നു. മൃദുവായൊന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. എന്തായാലും കുഞ്ഞോനും കൂടി പറഞ്ഞ സ്ഥിതിക്ക് ഞാനതങ്ങട്ട് ഉറപ്പിച്ചു. തൊപ്പിയിടാന്‍.’
കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ വീട്ടിലേക്ക് വെച്ചടിച്ചു. രാജണ്ണന് മനം മാറ്റം വന്ന വിവരം ഒരു കൊടുങ്കാറ്റുപോലെ വീശിയടിച്ചു.
ഈയൊരു വിഷയം മുഖ്യ അജണ്ടയായി പ്രവര്‍ത്തിച്ചു പോന്നിരുന്ന ബാപ്പയും ഇക്കാക്കമാരും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. രാജണ്ണന്‍ ആര്‍ക്കും വാക്കുകൊടുക്കാന്‍ പറ്റാതെ നിന്നു പരുങ്ങി.
ഞാന്‍ ദീനീ കൂട്യാ പോരേ?’ അണ്ണന്‍ ഓരോരുത്തരെയും മാറി മാറി നോക്കി.
ഖൈറുനെ കെട്ടാനാണെങ്കില്‍ അതുമതി. പക്ഷേ, സ്വര്‍ഗ്ഗം കിട്ടണെങ്കി ഞമ്മള് പറ്യേണ് കേട്ടോ…’
എല്ലാവരില്‍ നിന്നും ഇങ്ങനെയൊരു മറുപടി വന്നപ്പോള്‍ അണ്ണന്‍ ശരിക്കും കുഴങ്ങി.
പടച്ചോനേ ഇതെന്ത് പരീക്ഷണാ? ഇതിലാരുടെ കൂടെ കൂട്യാലാ ക്ക് സ്വര്‍ഗ്ഗം കൂടി കിട്ടാ?’ അണ്ണന്‍ ഉത്തരം കിട്ടാതെ മുഖത്തേക്ക് നോക്കി.
രാജണ്ണന്‍ ദീനീ കൂട്ണ വിവരമറിഞ്ഞ് ഖൈറും കുളിര് കൊണ്ടു. പക്ഷേ, അതില് ആരുടെ കൂടെ കൂട്യാലാണ് സ്വര്‍ഗ്ഗം കിട്ടുകയെന്ന് പറഞ്ഞ് കൊടുക്കാനുള്ള വിവരവും പഠിപ്പുമവള്‍ക്കില്ലെന്ന് ഖൈറു വെളിപ്പെടുത്തിയപ്പോള്‍ രാജണ്ണന്‍ ശരിക്കും വെട്ടിലായി.
മഹല്ല് കമ്മറ്റിയില്‍നിന്നുള്ള കത്തുമായി ബാപ്പ വരുമ്പോള്‍ രാജണ്ണന്‍ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. കത്ത് അണ്ണന്റെ വലതു കയ്യിലേല്‍പ്പിച്ച് അനുഗ്രഹിച്ച് യാത്ര അയക്കുന്നതിന് വേണ്ടി ബാപ്പ ഇലാ ഹള്‌റത്തി വിളിച്ച് ദുആ ചെയ്യാനൊരുങ്ങി.
പെട്ടെന്ന്, ആലിക്കയും കമറുക്കയും സലാമുക്കയും ഒറ്റക്കെട്ടായി എതിര്‍പ്പ് പ്രകടിപ്പിച്ചു. കൂടെ നില്‍ക്കാനാരുമില്ലായിരുന്നെങ്കിലും ബാപ്പ വിട്ടുകൊടുത്തില്ല. ശക്തമായി പ്രതികരിച്ചു. ദീനിന്റെ കാര്യമായതുകൊണ്ട് വാഗ്ദാനങ്ങളുടെ തീപ്പൊരികള്‍ ചിതറി. ആരും തോറ്റുകൊടുക്കാതിരുന്നതുകൊണ്ട് ആരെയും ജയിക്കാന്‍ അനുവദിക്കാതിരുന്നതുകൊണണ്ടും അധികം താമസിയാതെ തന്നെ അന്തരീക്ഷം ബഹളമയമായി. കേട്ട് കേട്ട് സഹിക്കെട്ടപ്പോള്‍ ഞാന്‍ പൊട്ടിത്തെറിച്ചു. ‘എല്ലാരൊന്നടങ്ങ്.’
ഇന്നേവരെ ഈ വക തര്‍ക്കങ്ങള്‍ക്കിടയില്‍ നിന്നുകൊടുത്തിട്ടില്ലാത്ത ഈ വിഷയത്തില്‍ യാതൊരുവിധ അഭിപ്രായപ്രകടനവും നടത്തിയിട്ടില്ലാത്ത എന്റെ ശബ്ദം കേട്ട് എല്ലാവരും പെട്ടന്നടങ്ങി. പിന്നീട് ഓരോരുത്തരും അവരവരുടെ ഭാഗത്തേക്ക് കിട്ടാന്‍ വേണ്ടി എന്നെ ആദരപൂര്‍വ്വം നോക്കി. എന്റെ വാക്കിനവരോരോരുത്തരും ഇത്രമാത്രം വിലകല്‍പിച്ചതിന്റെ പൊരുള്‍ എനിക്കപ്പോഴാണ് പിടികിട്ടിയത്.
മഹല്ല് കമ്മിറ്റി പ്രസിഡണ്ടായി പല തവണ സേവനമനുഷ്ഠിച്ചിട്ടുള്ള ബാപ്പവരെ ഇത്രമാത്രം വിനയത്തോടെ നോക്കുന്നതു കണ്ടപ്പോള്‍ ഒരു സാദാ മുസ്‌ലിമായ ഞാന്‍ ഈ ഉള്‍പ്പോരിന്റെ മര്‍മ്മം ശരിക്കുമറിഞ്ഞു.
ഞാന്‍ ആര്‍ക്കും മുഖം കൊടുക്കാതെ രാജണ്ണന്റെ കയ്യില്‍ പിടിച്ചു. ‘അണ്ണനെ ഞാന്‍ കൊണ്ടുപൂവ്വാ…’
ജ്ജ് കൊണ്ടോവ്‌ണോണ്ട് ഞമ്മക്ക് കൊയപ്പൊന്നുല്ല്യ. പക്ഷേങ്കില് തിരിച്ച് വരുമ്പോ ഓന്‍ ആരുടെ ആളായിട്ടാ വര്വാന്ന് കൂടി പറഞ്ഞിട്ട് പോയാ മതി. സുന്ന്യാ, മുജാഹിദാ, ജുമാഅത്താ?’ ബാപ്പയുടെ കണ്ണുകള്‍ തുറിച്ച് തുറിച്ച് വരികയാണ്.
ഇത്രകടുപ്പത്തിലൊന്നും ബാപ്പ ഈയടുത്തകാലത്തെന്നെ നോക്കിയിട്ടില്ലെന്ന് എനിക്ക് ബോധ്യമായി. എങ്കിലും മറുപടിപറയാതിരിക്കാന്‍ പറ്റില്ലല്ലോ?
ഒരു കുടുംബം ഒന്നടങ്കം എന്നെ ആകാംക്ഷയോടെ നോക്കിക്കൊണ്ട് നില്‍ക്കുകയല്ലേ? വെച്ച് താമസിപ്പിക്കാതെ ഞാനൊരു പറച്ചിലങ്ങ്ണ്ട് പറഞ്ഞു.
അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തെ ഇസ്‌ലാമിയുല്‍ ഖൈറുല്‍ മുജാഹിദ്’
ഇങ്ങനെയാകുമ്പോള്‍ ഖൈറൂനും വിരോധണ്ടാവൂല്ല്യ.’
നിറുത്തിയേടത്ത് ഇതും കൂടി കൂട്ടിച്ചേര്‍ത്ത് ഞാന്‍ ചവിട്ടുപടികളിറങ്ങി.
മുറ്റംകടക്കാന്‍നേരം തിരിഞ്ഞുനോക്കിയപ്പോള്‍ ഖൈറുവിന്റെ ചുണ്ടില്‍ മാത്രം ഒരു നേര്‍ത്ത പുഞ്ചിരി കാണാന്‍ കഴിഞ്ഞു.                     ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss