|    Jan 16 Tue, 2018 9:31 pm
FLASH NEWS

ദിശ നഷ്ടപ്പെടുന്ന സമൂഹത്തിന് ഒരു കൈനാട്ടി

Published : 25th October 2015 | Posted By: G.A.G

blurb-disaമുസ്തഫ കീത്തടത്ത്
”ഞാന്‍ പറയുന്നത് നിങ്ങള്‍ അനുസരിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ ദേഹത്ത് കരിഓയില്‍ പുരളുമെന്ന സാഹചര്യമാണ്… ഫാഷിസ്റ്റ് ഭരണകൂടവും പിന്നണിയിലെ ഗൂഢശക്തികളും ഭരണഘടനയിലെ അക്ഷരങ്ങളെ മാത്രം നിലനിര്‍ത്തി ആശയങ്ങളെ ഇല്ലാതാക്കുന്നു… ചിന്താ സ്വാതന്ത്ര്യത്തിന് വിലക്കു വരുമ്പോള്‍ പ്രതികരിക്കേണ്ടത് കലാകാരന്‍മാരാണ്… കലാകാരന്‍മാര്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ അംഗത്വമുണ്ടായാല്‍           പലപ്പോഴും പ്രതികരിക്കാനാവാതെ തല കുനിക്കേണ്ടിവരും.” സാംസ്‌കാരിക അധിനിവേശത്തെയും സാംസ്‌കാരിക ഫാഷിസത്തെയും പ്രതിരോധിക്കുകയും കലയിലൂടെ ചെറുത്തുതോല്‍പ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളോടെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് കോഴിക്കോട് പിറവികൊണ്ട ദിശ സാംസ്‌കാരിക വേദി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മാധ്യമനിരൂപകനായ ഡോ. സെബാസ്റ്റിയന്‍ പോള്‍.

disa-jamalയുക്തിസഹമായി ചിന്തിക്കുന്നവനു ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്ന് രാജ്യത്തു നിലനില്‍ക്കുന്നത്. സാംസ്‌കാരിക ഫാഷിസം കൊടികുത്തി വാഴുന്ന ഈ കാലത്ത് എഴുത്തോ കഴുത്തോ വേണ്ടതെന്ന് എഴുത്തുകാരന്‍ ചിന്തിക്കേണ്ട അവസ്ഥയാണ്. ഏറ്റവും വലിയ സ്വാതന്ത്ര്യം ചിന്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. ചിന്താസ്വാതന്ത്ര്യത്തിന് വിലക്കു വീഴുമ്പോള്‍ പ്രതികരിക്കേണ്ടത് കലാകാരന്‍മാരാണ്. വിപ്ലവത്തില്‍ സാര്‍ഥകമായ പങ്കുവഹിക്കേണ്ടതും അവരാണ്. സാംസ്‌കാരിക ഫാഷിസം പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ ഇല്ലാതായേക്കും. ഇതിനെതിരേ പ്രതികരിക്കേണ്ടത് എഴുത്തുകാര്‍ തന്നെയാണ്. അല്ലെങ്കില്‍, നാളെ നമ്മളെ ഘാതകര്‍ തേടി വരുമ്പോള്‍ നമുക്കു വേണ്ടി പ്രതികരിക്കാന്‍ ആരുമില്ലാത്ത അവസ്ഥ വരും-അദ്ദേഹം ഓര്‍മിപ്പിച്ചു. ദിശാബോധം നഷ്ടപ്പെട്ട ഒരു സമൂഹമാണ് ഇന്നത്തേതെന്നും തുറന്ന സംവാദവും അഭിപ്രായപ്രകടനങ്ങളും വിലക്കപ്പെടുന്ന പ്രവണതകള്‍ക്കെതിരേ ദിശ പോലുള്ള സംഘടനകള്‍ മുന്നോട്ടുവരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. സമൂഹത്തിന്റെ പിന്‍നിരയില്‍ നില്‍ക്കുന്നവര്‍ എന്നും പിന്നില്‍ തന്നെയാണെന്നും എന്നാല്‍, ദശകങ്ങളായി പിന്നണിയില്‍ നിന്നുകൊണ്ട് സംഗീതത്തിന് ഊര്‍ജ്ജം നല്‍കിക്കൊണ്ടിരുന്ന ഒമ്പത് ഉപകരണ സംഗീതജ്ഞര്‍ക്ക് ഉപഹാരം നല്‍കിക്കൊണ്ട് അവരെ മുന്‍നിരയിലെ ഇരിപ്പിടത്തിലേക്കു പ്രതിഷ്ഠിക്കുക വഴി ദിശ പുതിയൊരു പാത വെട്ടിത്തെളിച്ചിരിക്കുകയാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.എഴുത്തുകാരും സംവിധായകരും തങ്ങളുടെ മേഖലയില്‍ ഭയപ്പാടോടെയാണ് ഇടപെടുന്നതെന്നും എന്തു ചെയ്യുമ്പോഴും പലരെയും ഭയപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ദിശയുടെ  പ്രഥമ ബാബുരാജ് അവാര്‍ഡ് പ്രസിദ്ധ സംഗീതസംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ക്കു നല്‍കവെ പ്രശസ്ത സിനിമാ സംവിധായകന്‍ കമല്‍ പറഞ്ഞു. ഫാഷിസത്തിന് എന്നും ഒരേ മുഖമാണ്. ഒരു കാലത്ത് താന്‍ സ്‌നേഹത്തോടെ നെഞ്ചേറ്റിയ പുരസ്‌കാരങ്ങള്‍ എഴുത്തുകാര്‍ തിരിച്ചു നല്‍കുന്നത് ദുഃഖത്തോടെയും ആശങ്കയോടെയുമാണ്. രാജ്യത്തിന്റെ ഭീതിതമായ അവസ്ഥയില്‍ പ്രതിഷേധസൂചകമായി അവര്‍ പ്രതികരിക്കുമ്പോള്‍ ഉള്ളില്‍ വേദന തിന്നുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ബാബുരാജ് എന്ന കലാകാരനെ വളര്‍ത്തിയത് കോഴിക്കോട് കലാസ്‌നേഹികളായ കച്ചവടക്കാരാണ്. അവര്‍ക്കിടയില്‍ ജാതിയും മതവുമുണ്ടായിരുന്നില്ല. അത്തരം കൂട്ടായ്മയുടെ കാലമാണ് തിരിച്ചുവരേണ്ടത്. ധീരതയ്ക്കുള്ള അവാര്‍ഡ്കലാകാരന്‍മാര്‍ക്ക് രാഷ്ട്രീയം മാത്രം മതിയെന്നും രാഷ്ട്രീയപ്പാര്‍ട്ടികള്‍ അനിവാര്യമല്ലെന്നും അതവരെ പലപ്പോഴും തലകുനിച്ചു നില്‍ക്കാന്‍ ഇടയാക്കുമെന്നും ദിശയുടെ ഉപഹാരം ഏറ്റുവാങ്ങിയ നിലമ്പൂര്‍ ആയിഷ, റംലാബീഗം, മച്ചാട്ട് വാസന്തി എന്നിവരെ ആദരിച്ചുകൊണ്ട് നടന്‍ മാമുക്കോയ പറഞ്ഞു. കലാരംഗത്ത് മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കപ്പെട്ട കാലത്ത്, എതിര്‍പ്പുകളെ ചെറുത്ത് മുന്നോട്ടു വന്ന നിലമ്പൂര്‍ ആയിഷയെയും റംലാ ബീഗത്തെയും പോലുള്ള പ്രതിഭകള്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡാണ് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടപ്പോള്‍ സദസ്സ് ഹര്‍ഷാരവം മുഴക്കി.അടുത്തകാലത്ത് കോഴിക്കോട് കണ്ട ഏറ്റവും വലിയ സാംസ്‌കാരിക സദസ്സായിരുന്നു ദിശയുടെ വേദിയായ ടാഗോര്‍ഹാള്‍. ദിശ പ്രസിഡന്റ് ജമാല്‍ കൊച്ചങ്ങാടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗോപാല്‍ മേനോന്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. ഉപകരണസംഗീതജ്ഞരായ ആര്‍ച്ചി ഹട്ടന്‍, കോഴിക്കോട് പപ്പന്‍, കോഴിക്കോട് അബൂബക്കര്‍, വില്‍സന്‍ സാമുവല്‍, ഡേവിഡ് ബാബു, ടി സി കോയ, പി എഫ് രാജു. ഹരിദാസ്,  ജോയ് വിന്‍സന്റ് തുടങ്ങിയവരെയും ആദരിച്ചു. തുടര്‍ന്ന്, ദിശ ജനറല്‍ സെക്രട്ടറി കൂടിയായ ഗായകന്‍ വി ടി മുരളിയുടെ നേതൃത്വത്തില്‍ സംഗീതസായന്തനവും  നടന്നു. പഴയ പിന്നണിഗായിക മച്ചാട്ടു വാസന്തി മുതല്‍ ബാബുരാജിന്റെ പൗത്രിയുടെ മകള്‍ നിമിഷ വരെയുള്ള പല തലമുറകളിലെ ഗായകര്‍ പങ്കെടുത്ത ഗാനമേള മെലഡികളുടെ ഗൃഹാതുരത്വമുയര്‍ത്തുന്ന വസന്തം വിടര്‍ത്തുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day