|    Dec 10 Mon, 2018 12:41 am
FLASH NEWS
Home   >  News now   >  

ദിവ്യദൃഷ്ടാന്തങ്ങള്‍ നേരില്‍ കാണാനൊരു യാത്ര

Published : 31st May 2018 | Posted By: G.A.G

ഖുര്‍ആനോടൊപ്പം/ഇംതിഹാന്‍ ഒ അബ്ദുല്ല

പ്രബോധപ്രവര്‍ത്തനങ്ങളില്‍ തനിക്ക് താങ്ങും തണലുമായിരുന്ന പ്രിയപത്‌നി ഖദീജയും ശത്രുക്കളില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്ന പിതൃവ്യന്‍ അബൂത്വാലിബും മരണമടഞ്ഞതോടെ മക്കയില്‍ പ്രവാചകന് തികഞ്ഞ അനാഥത്വമനുഭവപ്പെട്ടു.  തന്റെ ദൗത്യത്തിന് വളക്കൂറുളള മണ്ണന്വേഷിച്ചു കൊണ്ട് പ്രവാചകന്‍ ത്വാഇഫിലേക്ക് നടത്തിയ പര്യടനമാകട്ടെ അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് കടകവിരുദ്ധമായി അക്ഷരാര്‍ത്ഥത്തില്‍ തന്നെ വേദനാജനകമായ ഒരനുഭവമായിരുന്നു. ത്വാഇഫ് നിവാസികള്‍ പ്രവാചകന് സംരക്ഷണം നല്‍കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല തെരുവുപിളേളരെ വിട്ട് കല്ലെറിയിക്കുക കൂടി ചെയ്തു.
ഈ അവസ്ഥയില്‍ ഇസ്‌ലാമിക പ്രബോധനവുമായി മക്കയില്‍ മുന്നോട്ടു നീങ്ങുക അത്യധികം ദുഷ്‌കരമായിരുന്നു. പ്രതിസന്ധികളില്‍ പതറാതെ നിശ്ചയദാര്‍ഢ്യത്തോടെ നിലകൊളളുന്നതിന് പ്രവാചകന് അല്ലാഹുവിന്റെ സവിശേഷമായ ശിക്ഷണം അനിവാര്യമായിരുന്നു. അങ്ങനെയിരിക്കെ  ഒരിക്കല്‍ പ്രവാചകന്‍ അബൂത്വാലിബിന്റെ മകള്‍ ഉമ്മുഹാനിയുടെ വീട്ടില്‍ രാത്രി ഉറങ്ങാനിടയായി. അതിനു ശേഷം അദ്ദേഹം കഅ്ബാസന്ദര്‍ശനത്തിനായി പുറപ്പെട്ടു. പ്രദക്ഷിണത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഹിജര്‍ (കഅ്ബയോട് ചേര്‍ന്ന അരചുമരുളള ഭാഗം) ഇസമാഈലില്‍ കിടന്ന് അല്പനേരം ഉറങ്ങി. പ്രഭാതത്തിന് തൊട്ടുമുമ്പ് ഉമ്മുഹാനിയുടെ വീട്ടില്‍ തിരിച്ചെത്തിയ നബി അവരോടൊപ്പം പ്രഭാതനമസ്‌കാരം നിര്‍വഹിച്ചു. ശേഷം പ്രവാചകന്‍ ഉമ്മുഹാനിയോട് പറഞ്ഞു.
‘ഇന്നലെ രാത്രി ഞാന്‍ ഹിജ്‌റില്‍ ഉറങ്ങവെ ജിബരീല്‍ എന്നെ സമീപിച്ചു. അദ്ദേഹത്തോടൊപ്പം കോവര്‍ കഴുതയോട് സാദൃശ്യമുളള ഒരു ജീവിയുമുണ്ടായിരുന്നു.(ഈ ജീവിയെ ബുറാഖ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്) ബുറാഖിന്റെ പുറത്തു കയറ്റി ജിബരീല്‍ എന്നെ ബൈത്തുല്‍ മുഖദ്ദസിലെ മസ്ജിദുല്‍ അഖ്‌സയിലേക്കുകൊണ്ടുപോയി. അവിടെവെച്ച് ഞാന്‍ ആദം മുതല്‍ക്കുളള എല്ലാ പ്രവാചകന്‍മാര്‍ക്കും ഇമാമായിക്കൊണ്ട് നമസ്‌കരിച്ചു. ശേഷം അവിടെ നിന്നും ജിബരീലിന്റെ അകമ്പടിയോടെ ആകാശലോകത്തേക്ക് പോവുകയും ചെയ്തു. അവിടെ വാനലോകത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ വെച്ച് ഉലില്‍അസ്മുകളില്‍ പെട്ടവരും അല്ലാത്തവരുമായ പല പ്രവാചകന്‍മാരുമായും സന്ധിച്ചു. വാനലോകത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലെത്തിയപ്പോള്‍ ജിബരീല്‍ അവിടെ തങ്ങി. ഞാന്‍  ഏകനായി പരമോന്നത മണ്ഡലത്തിലേക്ക് യാത്ര തുടര്‍ന്നു. അവിടെ വെച്ച് പ്രപഞ്ച സൃഷ്ടാവും ജഗന്നിയന്താവുമായ അല്ലാഹുവില്‍ നിന്നും നേരിട്ട് അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങടക്കമുളള സുപ്രധാന നിര്‍ദ്ദേശങ്ങള്‍   ലഭിച്ചു. സ്വര്‍ഗ-നരകങ്ങളും എനിക്ക്  പ്രദര്‍ശിപ്പിക്കപ്പെട്ടു. അതിനു ശേഷം ബൈത്തുല്‍ മുഖദ്ദസിലേക്കു തന്നെ മടങ്ങുകയും അവിടെ നിന്നും മസ്ജിദുല്‍ ഹറാമിലേക്ക് മടങ്ങുകയും ചെയ്തു.’
സാധാരണ മനുഷ്യബുദ്ധി അസംഭവ്യമെന്ന് പറഞ്ഞ് തളളിക്കളയുമെന്ന് ഉറപ്പുളള ഈ കാര്യങ്ങള്‍ കേട്ടപ്പോള്‍ പ്രവാചകന്‍ ഈ സംഭവം ഖുറൈശികളോട് പറഞ്ഞാലത്തെ ഭവിഷ്യത്തുകള്‍ ഓര്‍ത്ത് ഉമ്മുഹാനി പരിഭ്രാന്തയായി.  അവര്‍ പ്രവാചകന്റെ ഉടുപ്പ് ശക്തമായി പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. പ്രവാചകരേ, താങ്കള്‍ തല്‍ക്കാലം ഇക്കാര്യം ആരോടും പറയാതിരുന്നാലും. അവര്‍ താങ്കളെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടവനെന്ന് ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു. പക്ഷെ ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാതെ തന്നെ ഏല്‍പിച്ച ദൗത്യം നിര്‍വഹിക്കാന്‍ ബാധ്യസ്ഥരായവരാണല്ലോ പ്രവാചകന്‍മാര്‍. അതിനാല്‍ പ്രവാചകന്‍ ദൃഢചിത്തനായി മൊഴിഞ്ഞു. അല്ലാഹുവാണെ, ഞാനിപ്പോള്‍ തന്നെ ജനങ്ങളോട് ഇക്കാര്യം പരസ്യപ്പെടുത്തുക തന്നെ ചെയ്യും.
നേരം വെളുത്ത ഉടനെ തന്നെ പ്രവാചകന്‍ മസ്ജിദുല്‍ഹറമിലെത്തി ജനങ്ങളോട് സംഭവം വിശദീകരിച്ചു. പ്രവാചകനെ തങ്ങളെപ്പോലെ ഒരു സാധാരണ മനുഷ്യനായി മാത്രം കണ്ടിരുന്ന മക്കാ നിവാസികള്‍ക്ക് സ്വാഭാവികമായും ഈ അല്‍ഭുത വൃത്താന്തം ഉള്‍ക്കൊളളാനായില്ല. അവര്‍ പ്രവാചകനെ കണക്കറ്റ് പരിഹസിച്ചു. പ്രവാചകന്റെ സ്ഥിരബുദ്ധിക്ക് കാര്യമായ തകരാറ് സംഭവിച്ചിരിക്കുന്നു എന്നവര്‍ ആക്ഷേപിച്ചു. പ്രവാചകനെ ഭ്രാന്തനെന്ന് വിളിച്ചാക്ഷേപിച്ചിരുന്ന അബൂജഹലിനെപ്പോലുളള ശത്രുക്കള്‍ക്കാകട്ടെ മുഹമ്മദിന്റെ ബുദ്ധിഭ്രംശത്തിന് മതിയായ തെളിവ് ലഭിച്ച സന്തോഷത്തിലായിരുന്നു. അവരില്‍ ചിലര്‍ പ്രവാചകന്റെ ആദ്യ അനുയായിയും സന്തതസഹചാരിയുമായ അബൂബക്കറിനെ കണ്ട് അദ്ദേഹത്തിന്റെ നേതാവിന്റെ ‘പുതിയ തലതിരിഞ്ഞ വര്‍ത്തമാനം’ കേള്‍പ്പിച്ചു.
ആദ്യം അബൂബക്കര്‍ വാര്‍ത്ത നിഷേധിച്ചു. എന്നാല്‍  വാര്‍ത്ത സത്യമാണ് എന്ന് ബോധ്യപ്പെട്ടപ്പോള്‍ ഖുറൈശികളെ അമ്പരപ്പിച്ചു കൊണ്ട് അദ്ദേഹം പ്രവാചകന്‍ അപ്രകാരം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമാണെന്നു താന്‍ സാക്ഷ്യം വഹിക്കുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. പ്രവാചകന് ആകാശലോകത്ത് നിന്നും വഹയ് ലഭിക്കുന്നു എന്ന് വിശ്വസിക്കാമെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിന്റെ യാത്രാവാദത്തെ തളളിക്കളയണം എന്നായിരുന്നു അബൂബക്കറിന്റെ വാദം. (നിര്‍ണായക ഘട്ടത്തില്‍ പ്രവാചകനെ സത്യപ്പെടുത്താന്‍ പ്രവാചകന്‍ അബൂബക്കറിനെ ആര്‍ജ്ജവം കാണിച്ചതിനാല്‍ അസ്സിദ്ദീഖ്-സത്യത്തിന്റെ മഹാസാക്ഷി-എന്നു വിശേഷിപ്പിച്ചു. അന്നു മുതല്‍ക്കാണ് അബൂബക്കര്‍ അബൂബക്കര്‍ സിദ്ദീഖ് എന്നപേരിലറിയപ്പെടാന്‍ തുടങ്ങി.) വിശ്വാസികളില്‍ ചിലര്‍ പോലും ചഞ്ചലചിത്തരാകുമാറ് അത്യന്തം അദ്ഭുതാവഹമായ യാത്ര പ്രവാചകന്റെ മതിഭ്രമമല്ലെന്ന് വിളംബരം ചെയ്തു കൊണ്ട് ഖുര്‍ആന്‍ അവതരിച്ചു:
തന്റെ ദാസനെ തന്റെ ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കുന്നതിനു വേണ്ടി മസ്ജിദുല്‍ ഹറാമില്‍ നിന്ന് ആ വിദൂരമസ്ജിദിലേക്ക് അതിന്റെ പരിസരങ്ങളെ നാം അനുഗ്രഹീതമാക്കിയിട്ടുണ്ട്. ഒരു രാവില്‍ കൊണ്ടുപോയവന്‍ പരിശുദ്ധനത്രെ. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും അവന്‍ മാത്രമാകുന്നു.
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം അല്‍ ഇസറാഅ് സൂക്തം 1)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss