|    Oct 22 Mon, 2018 4:29 am
FLASH NEWS

ദിവാന്‍ജിമൂല മേല്‍പാലം നാലുമാസത്തിനകം; അപ്രോച്ച് റോഡ് കടലാസിലൊതുങ്ങിയേക്കും

Published : 23rd August 2016 | Posted By: SMR

തൃശൂര്‍: റെയില്‍വേ മേല്‍പാല നിര്‍മാണം പൂര്‍ത്തിയിട്ടും അപ്രോച്ച് റോഡ് നിര്‍മിക്കാതെ ഏഴ് വര്‍ഷം കാത്തിരുന്ന വടക്കാഞ്ചേരി മേല്‍പ്പാലത്തിന്റെ അവസ്ഥ ദിവാന്‍ജിമൂല മേല്‍പ്പാലത്തിനുണ്ടാകരുതെന്ന് സിഎന്‍ ജയദേവന്‍ എംപി. അത്തരമൊരു സാഹചര്യം ദിവാന്‍ജിമൂല മേല്‍പ്പാലത്തിനുണ്ടാകില്ലെന്നും, സമയബന്ധിതമായി തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയുടെ മറുപടി.
കോര്‍പറേഷന്‍ നടപ്പാക്കേണ്ട അപ്രോച്ച് റോഡ് നിര്‍മാണത്തിന് ഇനിയും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മേല്‍പാലത്തിന്റെ ഔപചാരിക നിര്‍മാണോദ്ഘാടന ചടങ്ങില്‍ ജയദേവന്റെ ഉപദേശം. മേല്‍പ്പാലനിര്‍മാണത്തിന് ഭൂമിപൂജ നടത്തി രണ്ട് മാസം മുമ്പേ റെയില്‍വേ പാലം നിര്‍മാണം തുടങ്ങിയതാണ്. ആറ് മാസം കൊണ്ട് പണി തീര്‍ക്കുമെന്നാണ് വാഗ്ദാനം. റെയില്‍വേയുടെ കാര്യക്ഷമത അനുസരിച്ച് മൂന്നോ നാലോ മാസം കൊണ്ട് റെയില്‍വേയുടെ ഭാഗം പാലം നിര്‍മാണം പൂര്‍ത്തിയായേക്കുമെന്നും ജയദേവന്‍ ചൂണ്ടികാട്ടി.
ഈ സാഹചര്യത്തില്‍ കോര്‍പറേഷന്‍ നടപ്പാക്കേണ്ട അപ്രോച്ച് റോഡ് നിര്‍മാണം ഉടനെ തുടങ്ങാനാകുന്നില്ലെങ്കില്‍ വടക്കാഞ്ചേരി മേല്‍പാലത്തിന്റെ ഗതി വരുമെന്നും അതുണ്ടാകരുതെന്നും ജയദേവന്‍ ഉപദേശിച്ചു. മേല്‍പ്പാലനിര്‍മാണത്തിന് റെയില്‍വേയുമായി കരാര്‍ ഉണ്ടാക്കി രണ്ട് വര്‍ഷം മുമ്പേ കോര്‍പറേഷന്‍ 6.33 കോടി രൂപ റെയില്‍വേയില്‍ കെട്ടിവെച്ചതാണെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണത്തിന് സംസ്ഥാന ബ്രിഡ്ജസ് കോര്‍പറേഷന്‍ തയ്യാറാക്കി നല്‍കിയ 8.5 കോടിയുടെ എസ്റ്റിമേറ്റല്ലാതെ കോര്‍പറേഷന്‍ എന്‍ജിനീയറിങ്ങ് വിഭാഗം തുടര്‍ നടപടികള്‍ക്ക് ഇതുവരെ അനങ്ങിയിട്ടില്ല. റിങ്ങ് റോഡ് വികസനപദ്ധതിയുടെ ഭാഗമായി ആറ്‌വരി ഗതാഗത യോഗ്യമായ 25 മീറ്റര്‍ വീതിയിലുള്ള മേല്‍പാലമാണ് കോര്‍പ്പറേഷന്‍ വിഭാവനം ചെയ്തിട്ടുള്ളത്. 10.15 മീറ്റര്‍ വീതിയിലുള്ള ആദ്യഘനിര്‍മാണമാണിപ്പോള്‍ നടക്കുന്നത്.
കെഎസ്ആര്‍ടിസി ജങ്ഷന്‍ മുതല്‍ പൂത്തോള്‍ ജംഗ്ഷന്‍ വരെ 25 മീറ്റര്‍ രീതിയില്‍ ഡിടിപി സ്‌കീമിന് വിധേയമായി അപ്രോച്ച് റോഡ് നിര്‍മിക്കാനാണ് തീരുമാനമെങ്കിലും കോര്‍പ്പറേഷന്‍ ടൗണ്‍പ്ലാനര്‍ എം വി രാജന്‍, ചടങ്ങില്‍ അവതരിപ്പിച്ച പദ്ധതി രേഖയില്‍, മേല്‍പാലം മുതല്‍ പൂത്തോള്‍ ജംഗ്ഷന്‍ വരെ അപ്രോച്ച് റോഡ് നിര്‍മ്മാണമേ പറഞ്ഞുള്ളൂ.
കെഎസ്ആര്‍ടിസി മുതല്‍ മേല്‍പാലം വരെ റോഡ് വികസനത്തിന് 95 ശതമാനം സ്ഥലവും റെയില്‍വേയുടേതാണ്. റോഡ് വികസനത്തിനാവശ്യമായ സ്ഥലം സൗജന്യമായി കോര്‍പറേഷന് കൈമാറാമെന്ന് ഏഴ് വര്‍ഷം മുമ്പ് റെയില്‍വേ ജനറല്‍ മാനേജര്‍ തൃശൂരില്‍ വന്ന് എംപി പിസി ചാക്കോയുടെ സാന്നിദ്ധ്യത്തില്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചതാണെങ്കിലും മേല്‍പാലനിര്‍മ്മാണത്തിന് തീരുമാനമെടുത്തിട്ടും സ്ഥലം വിട്ടുനല്‍കാന്‍ റെയില്‍വേക്ക് അപേക്ഷ നല്‍കാന്‍ പോലും കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം നടപടി എടുത്തിട്ടില്ല.
സ്ഥലമെടുപ്പിന് വിജ്ഞാപനം നടത്താന്‍ ജില്ലാ കലക്ടര്‍ക്കു കത്ത് നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസിക്ക് മുന്നിലെ സന്‍സാര്‍ ഹോട്ടല്‍ നിര്‍മാണം 25 വര്‍ഷം മുമ്പ് റോഡ് വികസനം നടപ്പാക്കുമ്പോള്‍ സ്ഥലം വിട്ടുനല്‍കാമെന്ന കൗണ്‍സില്‍ യോഗത്തിലെ പ്രത്യേകാനുമതിയോടെയാണ് അനുമതി വാങ്ങിയാണ് നടത്തിയത്. എന്നതിനാല്‍ അപ്രോച്ച് റോഡ് നിര്‍മാണത്തിന് സ്ഥലം മടപ്പു പ്രശ്‌നമാകേണ്ടതില്ല.
മാത്രമല്ല 25 മീറ്റര്‍ അപ്രോച്ച് റോഡ് നിര്‍മിക്കണമെങ്കില്‍ നിലവിലുള്ള മേല്‍പാലത്തിന്റെ തെക്ക് ഭാഗത്തുള്ള പകുതി കുടിലുകളെങ്കിലും പൊളിക്കേണ്ടിവരും അവര്‍ക്കു പുനരധിവാസത്തിന് പദ്ധതിയുണ്ടെങ്കിലും അവ നടപ്പാക്കേണ്ട കാര്യത്തില്‍ ഇതുവരെ പ്രാഥമിക ചര്‍ച്ച പോലും ഉണ്ടായിട്ടില്ല.
ആനിലയില്‍ നാലുമാസത്തിനകം റെയില്‍വേ ഭാഗം മേല്‍പാലനിര്‍മാണം പൂര്‍ത്തിയാകുമ്പോഴും, അപ്രോച്ച് റോഡ് നിര്‍മാണം പോലും തുടങ്ങാനാകാതെ എംപി —ജയദേവന്‍ പറഞ്ഞതുപോലെ വടക്കാഞ്ചേരി മേല്‍പാലത്തിന്റെ ഗതി ദിവാന്‍ജി മൂല മേല്‍പാലത്തിന് വരാനാണ് സാധ്യത.
കോര്‍പ്പറേഷന്‍ എന്‍ജിനീയറിങ്ങ് വിഭാഗത്തെ കൊണ്ട് സമയസന്ധിതമായി അപ്രോച്ച് റോഡ് നിര്‍മാണം സാധ്യമാക്കാനാകില്ലെന്ന തിരിച്ചറിവില്‍ അപ്രോച്ച് റോഡ് നിര്‍മാണ ചുമതലകൂടി മേല്‍പാലത്തിന് പദ്ധതി തയ്യാറാക്കി നല്‍കിയ സംസ്ഥാന ബ്രിഡ്ജസ് കോര്‍പറേഷന്‍ ഏല്‍പിക്കുന്ന കാര്യവും കോര്‍പ്പറേഷന്‍ പരിഗണനയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss