|    Oct 18 Thu, 2018 11:26 pm
FLASH NEWS

ദിവസ വേതനത്തിനുജോലി ചെയ്യുന്ന അധ്യാപകരുടെ ശമ്പളം പലവിധത്തില്‍

Published : 12th September 2017 | Posted By: fsq

 

കാളികാവ്: ദിവസ വേതനത്തിന് ജോലി ചെയ്യുന്ന എല്‍പി യുപി സ്‌കുള്‍ അധ്യാപകരുടെ ശമ്പളം പലവിധത്തിലെന്ന് പരാതി. ധനകാര്യ വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റേയും  ഉത്തരവുകളാണത്രെ ഇതിന് കാരണമായത്. വിവിധ സ്‌കൂളുകളില്‍ രണ്ട് തരം വേതനമാണ് നല്‍കുന്നത് . പൊതുവിദ്യാഭ്യാസ വകുപ്പ് 2/6/17 ലെ (ജെ)/ 34017/ 2017 ഉത്തരവ് പ്രകാരം 201718 അധ്യായന വര്‍ഷത്തില്‍ പ്രൈമറി അധ്യാപകര്‍ക്ക് ദിവസ വേതന നിരക്ക് 850 രൂപയായി നിജപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ 2017 മാര്‍ച്ച് മാസത്തിലെ ധനകാര്യ വകുപ്പ് നമ്പര്‍ 562017 ഉത്തരവ് പ്രകാരം 895 രൂപയായി ദിവസ വേതന നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് തന്നെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രൈമറി അധ്യാപകരുടെ ദിവസ വേതന നിരക്ക് 2079/ 2017 നമ്പര്‍ ഉത്തരവ് പ്രകാരം ധനകാര്യവകുപ്പിന്റെ 562017 നമ്പര്‍ ഉത്തരവനുസരിച്ച് 895 രൂപയാണെന്നും ഉത്തരവിറക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എല്ലാം വേതനം വര്‍ദ്ധിപ്പിച്ച് കൊണ്ടുള്ള ഉത്തരവിലാണ് പ്രൈമറി അധ്യാപകരുടേയും ദിവസ വേതനം വര്‍ദ്ധിപ്പിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്.  സര്‍ക്കാര്‍ പ്രൈമറി അധ്യാപകരുടെ കാര്യത്തില്‍ ഇത്തരം ഒരു ഉത്തരവ് ഇറക്കാത്തത് കാരണമാണ് സര്‍ക്കാര്‍ എല്‍ പി, യു പി സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പലവിധത്തില്‍ ശമ്പളം ലഭിക്കുന്നതിന് കാരണമായത്.മൂന്ന് ഉത്തരവുകളും വിവിധ വിധത്തിലായതിനാല്‍ 45 രൂപയുടെ വ്യത്യാസമാണ് ഓരോ ദിവസവും ഉണ്ടായിട്ടുള്ളത്. ധനകാര്യ വകുപ്പ് മാര്‍ച്ച് മാസത്തില്‍ ഇറക്കിയ ഉത്തരവ് ഏപ്രില്‍ മാസം ഒന്നാം തിയ്യതിമുതല്‍ പ്രാബല്യത്തിലുള്ളതാണെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ആഗസ്തിലും വിവിധ സ്‌കൂളുകളില്‍ പല വിധത്തിലാണ് ശമ്പളം നല്‍കിയിട്ടുള്ളത്. വര്‍ദ്ധിപ്പിച്ച വേതനം നല്‍കാന്‍ ചില സ്‌കൂളുകളില്‍ പ്രധാനാധ്യാപകര്‍ തയ്യാറാകാത്തതാണ് പ്രശ്‌നം. പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് 850 രൂപയും എയ്ഡഡ് സ്‌കൂളുളിലെ അധ്യാപകര്‍ക്ക് 895 രൂപയുമാണ് വേതനം നല്‍കാന്‍ ഉത്തരവിറക്കിയത് എന്നത് വിചിത്രമാണെന്നും ഇത്തരം ഒരു ഉത്തരവ് ഇതാദ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവിലെ അപാകതകള്‍ പരിഹരിച്ച് വര്‍ദ്ധിപ്പിച്ച വേതനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss