|    Jan 19 Thu, 2017 8:40 pm
FLASH NEWS

ദിവസവേതന തൊഴിലാളികള്‍ക്ക് കണ്ണീരോണം

Published : 6th September 2016 | Posted By: SMR

കാസര്‍കോട്: വിവിധ വകുപ്പുകളില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമിച്ച കരാര്‍-ദിവസവേതന തൊഴിലാളികളെ പിരിച്ചുവിടുന്നു. ഇതോടെ ഈ തൊഴിലാളികള്‍ക്ക് ഈ ഓണം കണ്ണീരോണമാകുന്നു.
വനം വകുപ്പിന് കീഴിലുള്ള നിരവധി താല്‍ക്കാലിക തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. ഈ വകുപ്പ് ഭരിക്കുന്ന സിപിഐയുടെ അനുഭാവികളെ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടുന്നത്. കഴിഞ്ഞ 23 വര്‍ഷമായി വനംവകുപ്പില്‍ ജോലിചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനും വികലാംഗനുമായ ബോവിക്കാനം ബാലനടുക്കയിലെ ബി അബ്ദുര്‍റഹ്മാനോട് ഇനി മുതല്‍ ജോലിക്ക് വരേണ്ടെന്ന് ഡിഎഫ്ഒ പറഞ്ഞതായി പരാതിയുണ്ട്.
സിപിഐ നേതാക്കള്‍ ഫോണ്‍ ചെയ്ത് പറഞ്ഞാല്‍ മാത്രമേ ജോലിക്ക് വരേണ്ടതുള്ളുവെന്ന് അബ്ദുര്‍റഹ്മാനോട് പറഞ്ഞിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍പെട്ട ഇദ്ദേഹം വികലാംഗനാണ്. സര്‍ക്കാറില്‍ നിന്ന് കിട്ടുന്ന ശമ്പളം മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ വരുമാനം. ഇതും നഷ്ടപ്പെടുന്നതോടെ ചികില്‍സയും കുടുംബ ചെലവും നോക്കാനാവാതെ ആശങ്കയിലാണ് ഇദ്ദേഹത്തിന്റെ കുടുംബം. 45 ഓളം താല്‍ക്കാലിക തൊഴിലാളികള്‍ വനംവകുപ്പില്‍ ജോലി ചെയ്യുന്നുണ്ട്. മറ്റു വകുപ്പുകളിലും താല്‍ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ ജോലിക്ക് കയറിയ പലരേയും പറഞ്ഞയക്കുന്നുണ്ട്.
ഭരണം മാറിയതോടെ വകുപ്പ് ഭരിക്കുന്ന പാര്‍ട്ടികളുടെ അനുഭാവികളെ ജോലിയില്‍ പ്രവേശിപ്പിക്കാനാണ് മറ്റുള്ളവരെ പിരിച്ചുവിടുന്നത്. ഓണത്തിന് സ്ഥിരം തൊഴിലാളികള്‍ക്ക് ബോണസും മറ്റു ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ എടുത്ത ജോലിയുടെ ശമ്പളം പോലും നല്‍കാതെയാണ് പലരേയും പറഞ്ഞയക്കുന്നത്.
ഇത് ഇത്തരം കുടുംബങ്ങളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, റവന്യൂ, പൊതുമരാമത്ത്, പഞ്ചായത്ത് വകുപ്പുകളിലെ താല്‍ക്കാലിക തൊഴിലാളികളെയാണ് കൂടുതലായി പിരിച്ചുവിടുന്നത്. അതേസമയം ഓരോ പ്ലാന്റേഷന്റെയും കാലാവധി കഴിയുന്നതോടെ തൊഴിലാളികളെ പിരിച്ചുവിടുകയാണ് തങ്ങളുടെ രീതിയെന്ന് ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ തേജസിനോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക