|    Aug 21 Mon, 2017 5:37 pm
FLASH NEWS

ദിലീപ് കുമാറിന്റെ മരണത്തിലെ ദുരൂഹത: ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Published : 9th August 2017 | Posted By: fsq

 

മാനന്തവാടി: എടവക അയിലമൂലയിലെ വി സി ദിലീപ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ ഭാര്യ എം വി ധന്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മാനന്തവാടി സബ് ട്രഷറി ഓഫിസിലെ ജൂനിയര്‍ അക്കൗണ്ടന്റായിരുന്ന ദിലീപിനെ 2016 നവംബര്‍ 17 നു വീടിനു സമീപത്തെ സ്വകാര്യ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 14 മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും തന്റെ ഭര്‍ത്താവിനുണ്ടായിരുന്നില്ലെന്നും മുമ്പ് കേസ് അന്വേഷിച്ച പോലിസിനോട് ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും ഇതു മുഖവിലയ്‌ക്കെടുക്കാതെ ഭര്‍ത്താവിന്റെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ ചിലര്‍ പ്രത്യേക താല്‍പര്യം കാട്ടിയതായും ധന്യ ആരോപിക്കുന്നു. ദിലീപ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയായ താനും മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രൂപവത്ക്കരിച്ച കര്‍മസമിതിയും മുമ്പ് രണ്ടു തവണ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും ധന്യ നല്‍കിയ പരാതിയില്‍ പറയുന്നു. മാനന്തവാടി വള്ളിയൂര്‍ക്കാവ് ഊര്‍പ്പള്ളി പുഴയോരത്ത് പത്തു മാസം മുമ്പ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അന്ന് അന്വേഷണം നടത്തിയ പോലിസ് സ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ആഴ്ചകള്‍ക്കു മുമ്പ് ഇതു കൊലപാതകമാണെന്ന് വ്യക്തമാവുകയും സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. അന്ന് ഈ കേസ് അന്വേഷിച്ച സബ് ഇന്‍സ്‌പെക്ടറാണ് തന്റെ ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചതെന്നും ഈ എസ്‌ഐ യുടെ അന്നത്തെ പെരുമാറ്റങ്ങളില്‍ സംശയം തോന്നിയതായും ധന്യ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. അന്ന് ഈ പോലിസ് ഓഫിസറെ മാറ്റി കേസ് മറ്റൊരാളെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അതുണ്ടായില്ല. തന്റെ ഭര്‍ത്താവിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഇതിനെ പറ്റി കൂടുതല്‍ അന്വേഷിച്ച് സംഭവത്തിന്റെ യഥാര്‍ഥ വസ്തുത പുറത്തു കൊണ്ടു വരണമെന്നും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് ധന്യ പരാതിയിലൂടെ ആവശ്യപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക