|    Nov 13 Tue, 2018 6:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിന്റെ മാനേജരെ ഫോണില്‍ ബന്ധപ്പെട്ടത് പള്‍സര്‍ സുനിയെന്ന് സൂചന

Published : 26th June 2017 | Posted By: mi.ptk

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നും നടന്‍ ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് കഴിഞ്ഞദിവസം പുറത്തു വന്നതിനു പിന്നാലെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണ്‍ ചെയ്തത് പള്‍സര്‍ സുനിയാണെന്ന വിധത്തിലുള്ള സൂചനയും പോലിസിന് ലഭിച്ചു. എന്നാല്‍,  മാനേജര്‍ അപ്പുണ്ണിയുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിച്ചാല്‍ മാത്രമെ പള്‍സര്‍ സുനിയാണോ ഫോണ്‍ ചെയ്തതെന്ന് വ്യക്തമാവുകയുള്ളൂ. അതിനാല്‍ തന്നെ ഇപ്പോള്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണം നടത്താന്‍ അന്വേഷണ സംഘം തയാറാവുന്നില്ല. അതേസമയം, തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന നടന്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയുടെ സുഹൃത്ത്് ഇടപ്പള്ളി സ്വദേശി വിഷ്ണുവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പോലിസ് ചോദ്യം ചെയ്തു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ദീലീപിന്റെയും നാദിര്‍ഷയുടെയും മൊഴി എടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍, ഡ്രൈവര്‍ എന്നിവരില്‍ നിന്നും മൊഴിയെടുക്കും. നിലവില്‍ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദിലീപ് മധുരയിലാണുള്ളത്. ഇവിടെ നിന്നും രണ്ടു ദിവസത്തിനുള്ളില്‍ ദിലീപ് തിരിച്ചെത്തും അതിനു ശേഷമായിരിക്കും മൊഴിയെടുക്കുകയെന്നാണ് വിവരം. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ പേരു പറയാന്‍ തങ്ങളുടെ മേല്‍ സമ്മര്‍ദമുണ്ടെന്നും പേരു പറഞ്ഞാല്‍ രണ്ടു കോടി രൂപ തരാമെന്നാണ് അവര്‍ പറയുന്നതെന്നും ഒന്നരക്കോടി തന്നാല്‍ പേര് പറയാതിരിക്കാമെന്നും പറഞ്ഞു വിഷ്ണു തന്റെ ഫോണിലേക്ക്് വിളിച്ചുവെന്ന് സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷയും ഇതേ വ്യക്തി തന്നെ തന്റെ സഹായിയുടെ ഫോണിലേക്കും വിളിച്ചുവെന്ന് നടന്‍ ദിലീപും കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഏതാനും നടന്മാരും നടിമാരും സിനിമാ നിര്‍മാതാക്കളുമാണ് ദിലീപിന്റെ പേരുപറയാന്‍ നിര്‍ബന്ധിക്കുന്നതെന്ന് വിഷ്ണു പറഞ്ഞതായാണ് നാദിര്‍ഷ പറഞ്ഞത്. തുടര്‍ന്ന് ഇത് ചൂണ്ടിക്കാട്ടി ഏപ്രില്‍ 20ന് അന്നത്തെ ഡിജിപിക്കു പരാതി നല്‍കിയതായും ദിലീപ് പറഞ്ഞിരുന്നു. ദിലീപിന്റെ സഹായിയുടെ ഫോണിലേക്ക് വന്ന വിഷ്ണുവിന്റേതെന്ന് പറയുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതിലെ വിളിച്ചയാളുടെ ശബ്ദം പരിശോധിച്ചപ്പോഴാണ് ദിലീപിന്റെ മാനേജരെ വിളിച്ചത് വിഷ്ണുവല്ല പള്‍സര്‍ സുനിയാണെന്ന വിധത്തിലുള്ള സംശയം അന്വേഷണ സംഘത്തിന് ബലപ്പെട്ടത്. ശബ്ദരേഖ ശാസ്ത്രീയമായ രീതിയില്‍ പരിശോധിച്ചാല്‍ മാത്രമെ വിളിച്ചത് സുനിയാണോ അതോ വിഷ്ണു തന്നെയാണോയെന്ന് ഉറപ്പിക്കാന്‍ കഴിയൂ. ഇയാളോട് വളരെ രൂക്ഷമായ ഭാഷയിലാണ് ദിലീപിന്റെ മാനേജര്‍ പ്രതികരിക്കുന്നതും. താങ്കള്‍ എന്നെ വിളിക്കേണ്ട കാര്യമില്ലെന്നും എന്തുവേണേല്‍ താങ്കള്‍ ചെയ്തുകൊള്ളൂവെന്നുമാണ് മാനേജര്‍ ഇയാളോട് പറയുന്നത്. വിളിച്ചിരിക്കുന്നത് സുനി തന്നെയാണ് എന്നു വ്യക്തമായാല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആള്‍ക്ക് ഫോണ്‍ എങ്ങനെ ലഭിച്ചുവെന്നതായിരിക്കും അടുത്ത ചോദ്യം. ഇത് ജയിലധികൃതരെയും പ്രതിക്കൂട്ടിലാക്കും. പള്‍സര്‍ സുനി ദിലീപിന് എഴുതിയതെന്ന് പറയുന്ന കത്തിലെ കൈയക്ഷരം സുനിയുടേതല്ലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സുനി പറഞ്ഞുകൊടുത്ത് മറ്റാരെക്കൊണ്ടോ എഴുതിച്ചതാണെന്നും പോലിസ് സംശയിക്കുന്നുണ്ട്്. ജയിലിലുണ്ടായിരുന്ന ഒരു നിയമ വിദ്യാര്‍ഥിയാണ്  കത്തെഴുതി നല്‍കിയതെന്നും പോലിസിനു സൂചന ലഭിച്ചിട്ടുണ്ട്്. കത്തും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനുള്ള തീരുമാനത്തിലാണ് പോലിസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss