|    Jul 19 Thu, 2018 11:13 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിന്റെ ജാമ്യഹരജി 26ലേക്കു മാറ്റി; സാഹചര്യത്തില്‍ മാറ്റംവന്നിട്ടില്ലെന്നു കോടതി

Published : 20th September 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 11ാം പ്രതി നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യഹരജി ഹൈക്കോടതി ഈ മാസം 26ലേക്കു മാറ്റി. കഴിഞ്ഞദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനാലാണു ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞതവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും എന്തിനാണു ധൃതിയില്‍ പുതിയ അപേക്ഷ നല്‍കിയതെന്നും ഇന്നലെ അപേക്ഷ പരിഗണനയ്ക്ക് എടുത്ത ഉടന്‍ കോടതി ചോദിച്ചു. കേസിലെ അന്വേഷണം എവിടെയെത്തി, കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷയിലെ തീരുമാനം എന്തായി തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ചില പ്രതികളുടെ ജാമ്യാപേക്ഷയും ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും മറ്റൊരു കോടതിയുടെ പരിഗണനയിലാണെന്നും ഈ മാസം 25നാണ് അവയില്‍ വാദംകേള്‍ക്കുകയെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാവുമെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. തുടര്‍ന്നാണു ദിലീപ് ജയിലില്‍ക്കിടന്ന ദിവസത്തിന്റെ എണ്ണത്തില്‍ മാത്രമേ വ്യത്യാസമുള്ളൂവെന്നും സാഹചര്യം മാറിയിട്ടില്ലെന്നും കോടതി പറഞ്ഞത്. സാഹചര്യത്തില്‍ മാറ്റമുണ്ടെങ്കില്‍ ജാമ്യാപേക്ഷ പരിഗണിക്കും. തുടര്‍ന്നു കേസ് ഈ മാസം 26ലേക്കു മാറ്റുകയായിരുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി പ്രോസിക്യൂഷന്‍ പറയുന്നില്ല, പോലിസുകാരനെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തു സ്വന്തം ജാമ്യത്തില്‍ വിട്ടതു കേസില്‍ വ്യാജ തെളിവുണ്ടാക്കാനുളള ശ്രമമാണ്, കേസിലെ പ്രധാന തെളിവെന്നു പ്രോസിക്യൂഷന്‍ പറയുന്ന മൊബൈല്‍ഫോണ്‍ കണ്ടെത്താനായിട്ടില്ല, ഇതില്‍ ദിലീപിന് എന്തു ചെയ്യാനാവും തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചാണു ദിലീപ് ഹൈക്കോടതിയില്‍ ജാമ്യഹരജി സമര്‍പ്പിച്ചിരുന്നത്.അതേസമയം, നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ രണ്ടു പ്രതികള്‍ കൂടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മൂന്നാംപ്രതി മണികണ്ഠന്‍, ആറാംപ്രതി പ്രതി പ്രദീപ് എന്നിവരാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ഇന്ന് കോടതിയുടെ പരിഗണനയ്ക്കു വരും. കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ഹരജി കോടതിയുടെ പരിഗണനയിലുണ്ട്. ഇത് ഈ മാസം 25നാണ് പരിഗണിക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss