|    Sep 24 Sun, 2017 8:54 am
Home   >  Todays Paper  >  Page 1  >  

ദിലീപിന്റെ കസ്റ്റഡി ഇന്നുവരെ ;സഹകരിക്കുന്നില്ലെന്ന് പോലിസ്

Published : 15th July 2017 | Posted By: fsq

 

അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപിന്റെ പോലിസ് കസ്റ്റഡി ഒരു  ദിവസത്തേക്കു കൂടി കോടതി നീട്ടി. ഇന്നു വൈകുന്നേരം അഞ്ചു വരെയാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ലീന റിയാസ് ദിലീപിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് ഉച്ചയ്ക്കു രണ്ടിന് വാദം തുടരും. തുടര്‍ന്ന് ഇതില്‍ വിധി പറയും. ദിലീപ് അന്വേഷണത്തില്‍ പോലിസുമായി സഹകരിക്കുന്നില്ലെന്നും മൂന്നു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനും മൊബൈല്‍ ഫോണ്‍ അടക്കമുള്ള തെളിവുകള്‍ കണ്ടെത്തേണ്ടതിനുമായി പ്രതിയെ കസ്റ്റഡിയില്‍ കിട്ടേണ്ടത് അത്യാവശ്യമാണ്. ദിലീപിനെതിരേ വ്യക്തമായ തെളിവുണ്ട്. ആവശ്യമെങ്കില്‍ മുദ്രവച്ച കവറില്‍ കേസ് ഡയറി ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍, ദിലീപിനെ ഇനിയും കസ്റ്റഡിയില്‍ വിടരുതെന്നും ജാമ്യം നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുകഴിഞ്ഞു. നീതിന്യായ വ്യവസ്ഥ ദുരുപയോഗം ചെയ്ത് തെളിവുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പോലിസിനെക്കുറിച്ചു പരാതിയുണ്ടോ എന്ന് കോടതി ദിലീപിനോട് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇന്നു വൈകുന്നേരം അഞ്ചു വരെ ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കി കോടതി ഉത്തരവിട്ടു. നടപടികള്‍ പൂര്‍ത്തിയാക്കി 11.20ഓടെ ദിലീപിനെ അന്വേഷണസംഘം ആലുവ പോലിസ് ക്ലബ്ബില്‍ എത്തിച്ചു. അതിനിടെ, പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പോലിസ് നോട്ടീസ് നല്‍കി. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യഹരജി 17ന് ഹൈക്കോടതി പരിഗണിക്കും. അതിനിടെ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍പ്പോയതായും അതല്ല, പോലിസ് കസ്റ്റഡിയിലെടുത്തശേഷം അദ്ദേഹം ഒളിവില്‍പ്പോയതാണെന്ന് പ്രചരിപ്പിക്കുന്നതാണെന്നും റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക