|    Jul 20 Fri, 2018 10:45 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിനെ കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കി ; ആലുവ സബ് ജയില്‍ സൂപ്രണ്ടിനെതിരേ ഡിജിപിക്ക് പരാതി

Published : 12th September 2017 | Posted By: fsq

 

കൊച്ചി: ജയില്‍ച്ചട്ടങ്ങള്‍ ലംഘിച്ച് ദിലീപിനെ കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയത് കേസ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കലാണെന്ന് ആരോപിച്ചും ആലുവ സബ് ജയില്‍ സൂപ്രണ്ടിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും തൃശൂര്‍ പീച്ചി സ്വദേശിനി മനീഷ എം ചാത്തേലി സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കി. ജയില്‍ച്ചട്ടങ്ങളുടെ പ്രസക്തഭാഗങ്ങളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. യുക്തമായ സമയം കൂട്ടുകാരെ കാണാന്‍ പ്രവൃത്തിദിവസങ്ങളില്‍ പ്രതിയെ അനുവദിക്കാമെന്ന ചട്ടത്തിന്റെ ലംഘനമുണ്ടായതായും പരാതിയില്‍ പറയുന്നു. തന്റെ കൈവശമുള്ള ജേണലില്‍ കാരണം രേഖപ്പെടുത്താതെ ആഴ്ചയില്‍ രണ്ടു പേരില്‍ കൂടുതല്‍ കാണാന്‍ അനുവദിക്കരുത് എന്നാണ് ചട്ടം. എന്നാല്‍, അവധിദിവസങ്ങളില്‍ സിനിമാ പ്രവര്‍ത്തകര്‍ അടക്കമുള്ള ഒട്ടേറെ പേര്‍ക്ക് ദിലീപിനെ കാണാന്‍ അനുമതി നല്‍കി. ഇതിനുള്ള കാരണം രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. കേസിലെ പ്രതികളോ സാക്ഷികളോ ആകാന്‍ സാധ്യതയുള്ള നാദിര്‍ഷാ, കാവ്യ മാധവന്‍ എന്നിവരെ കാണാനും അനുമതി നല്‍കി. സന്ദര്‍ശകരുള്ളപ്പോള്‍ ജയിലിലെ സിസിടിവി കാമറ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. കാമറ പ്രവര്‍ത്തനരഹിതമായതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. സന്ദര്‍ശകര്‍ പ്രതിയെ സന്ദര്‍ശിക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരിക്കണമെന്ന ചട്ടം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. എംഎല്‍എ കൂടിയായ നടന്‍ ഗണേഷ് കുമാര്‍ ഒന്നര മണിക്കൂറോളം ദിലീപിനെ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തി. കൂടാതെ ദിലീപിനെ പിന്തുണയ്ക്കണമെന്ന പ്രസ്താവന നടത്തുകയും ചെയ്തു. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഗണേഷ് കുമാര്‍ നടത്തിയത്. ഇതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ ഗണേഷിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഡിജിപിക്ക് നല്‍കിയ പരാതിയിലുണ്ട്.ചട്ടലംഘനം നടത്തിയ ജയില്‍ സൂപ്രണ്ട് ബാബുരാജിനെ മാറ്റിനിര്‍ത്തി കേസെടുത്ത് അന്വേഷണം നടത്തണം, സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണം, ജയില്‍ സൂപ്രണ്ടിന്റെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കണം തുടങ്ങിയ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss