|    Aug 21 Mon, 2017 10:19 am
Home   >  Todays Paper  >  page 11  >  

ദാവിന്ദറിന്റെ ജാവലിന്‍ പതിച്ചത് ചരിത്രത്തില്‍

Published : 12th August 2017 | Posted By: fsq

 

ലണ്ടന്‍: ഇതുവരെ മെഡലുകള്‍ ഒന്നും നേടിയില്ലെങ്കിലും ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് അഭിമാന നേട്ടം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ആദ്യമായി ഒരു ഇന്ത്യന്‍ താരം ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ത്യയുടെ ദാവിന്ദര്‍ സിങ് കാങ് ആണ് ഫൈനല്‍ പ്രവേശനത്തിലൂടെ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഈയിനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര യോഗ്യത നേടാതെ നിരാശപ്പെടുത്തിയപ്പോഴായിരുന്നു ദാവിന്ദറിന്റെ അപ്രതീക്ഷിത ഉദയം. കൈക്കുഴയ്ക്ക് ഏറ്റ പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാവാതെയാണ് ദാവിന്ദര്‍ മല്‍സരിച്ച് അത്യുജ്വല പ്രകടനം കാഴ്ചവച്ചത്. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ ഫൈനല്‍ റൗണ്ട് കണ്ടിട്ടില്ല. മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 84.22 മീറ്റര്‍ ദൂരം എറിഞ്ഞ ദാവിന്ദര്‍ ഈ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. ഗ്രൂപ്പ് ബിയിലാണ് 26കാരനായ ദാവിന്ദര്‍ മല്‍സരിച്ചത്. ആദ്യ ശ്രമത്തില്‍ 82.22 മീറ്ററും രണ്ടാം ശ്രമത്തില്‍ 82.14 മീറ്ററുമാണ് മുന്‍ ലോക ജൂനിയര്‍ ചാംപ്യന്‍ കൂടിയായ ദാവിന്ദര്‍ എറിഞ്ഞത്. എന്നാല്‍, അവസാന ശ്രമത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തിയ താരം അപൂര്‍വ നേട്ടത്തിനുടമയായി. 13 പേര്‍ മല്‍സരിക്കുന്ന ഫൈനലില്‍ ഏഴാമനായാണ് ദാവിന്ദര്‍ യോഗ്യത നേടിയത്. 2016 റിയോ ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവായ തോമസ് റോളര്‍, വെള്ളി മെഡല്‍ വിജയിയായ ജൂലിയസ് യെഗോ എന്നിവരേക്കാള്‍ മികച്ച ദൂരം ദാവീന്ദര്‍ യോഗ്യതാ മല്‍സരത്തില്‍ തന്നെ കണ്ടെത്തി. ‘നീരജ് ചോപ്ര യോഗ്യത നേടിയില്ല എന്നറിഞ്ഞ നിമിഷം, ഫൈനലില്‍ കടന്നേ പറ്റൂ എന്ന് ഞാന്‍ തീരുമാനിച്ചു. രാജ്യത്തിന് വേണ്ടി ഇതുവരെ മറ്റാര്‍ക്കും സാധിക്കാത്തത് എനിക്ക് നേടണമായിരുന്നു. ദൈവസഹായത്താല്‍, ഞാനത് സാധ്യമാക്കി’- മല്‍സരശേഷം ദാവിന്ദര്‍ പ്രതികരിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ കൈക്കുഴയ്ക്ക് പരിക്കേറ്റ താരം, അവസാന ശ്രമത്തിന് മുമ്പായി ശ്രീലങ്കന്‍ താരത്തിന്റെ സഹായത്തോടെ കൈ സ്‌ട്രെച്ച് ചെയ്താണ് മല്‍സരിച്ചത്. 86.48 മീറ്റര്‍ വ്യക്തിഗത റെക്കോഡ് ഉള്ള ദാവിന്ദറിന്റെ സീസണ്‍ ബെസ്റ്റ് 85.63 മീറ്ററാണ്. അതേസമയം, യോഗ്യത നേടാനുള്ള ദൂരത്തിന്റെ അടുത്തെത്താന്‍ മാത്രമേ നീരജ് ചോപ്രയ്ക്ക് സാധിച്ചുള്ളൂ. 82.26 മീറ്ററായിരുന്നു താരത്തിന്റെ മികച്ച പ്രകടനം. ആദ്യ ശ്രമത്തിലാണ് ചോപ്ര ഇത്രയും ദൂരം കണ്ടെത്തിയത്. രണ്ടാം ശ്രമം ഫൗള്‍ ആക്കിയ നീരജ്, മൂന്നാം ശ്രമത്തില്‍ 80.54 ദൂരം മാത്രമേ കണ്ടെത്തിയുള്ളൂ. 15 പേരുടെ ഗ്രൂപ്പില്‍ ഏഴാമനായാണ് നീരജ് മടങ്ങിയത്. താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെന്നും എന്നാല്‍, ഓട്ടോമാറ്റിക് യോഗ്യതയ്ക്കുള്ള 83 മീറ്റര്‍ ദൂരം മറികടക്കാന്‍ സാധിച്ചില്ലെന്നും നീരജ് പ്രതികരിച്ചു. അവസാന ശ്രമത്തില്‍ സെന്റിമീറ്ററുകളുടെ വ്യത്യാസത്തില്‍ യോഗ്യത നഷ്ടമായതില്‍ വിഷണ്ണനാണെന്നും നീരജ് പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക