|    Apr 23 Mon, 2018 9:37 am

ദാര്‍ശനിക പ്രചാരണങ്ങളുടെ ഒരധ്യായം അവസാനിച്ചു

Published : 1st September 2016 | Posted By: SMR

കോഴിക്കോട്:   സ്‌കൂള്‍ ക്ലാസ് മുറികളിലും പാര്‍ട്ടി വേദികളിലും അധ്യാപനത്തിന്റെ നൈര്‍മല്യം കാത്ത വി വി ദക്ഷിണാമൂര്‍ത്തി അരങ്ങൊഴിയുമ്പോ ള്‍ മാര്‍ക്‌സിസ്റ്റ് ദാര്‍ശനിക പ്രചാരണങ്ങളുടെ ഒരു അധ്യായം കൂടിയാണ് അവസാനിക്കുന്നത്. ആള്‍ക്കൂട്ടങ്ങളില്‍ നിന്നകന്ന്, അധികാര രാഷ്ട്രീയത്തോട് വിമുഖത കാട്ടി ജ്ഞാനത്തിന്റെ മേഖലയില്‍ കര്‍മം കണ്ടെത്തിയ അപൂര്‍വം കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു ദക്ഷിണാമൂര്‍ത്തി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അടര്‍ന്ന് സിപിഎം എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന വേളയില്‍, പാര്‍ട്ടിരൂപപ്പെടുത്തിയ രാഷ്ട്രീയ നിലപാടുകള്‍ പ്രചരിപ്പിക്കുന്നവരില്‍ കരുത്തുറ്റ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. 1960ലെ മാര്‍ക്‌സിറ്റ് പ്രത്യയശാസ്ത്ര പ്രതിസന്ധികാലത്ത് പാര്‍ട്ടിയുടെ നയങ്ങളുടെ ആഴം നഷ്ടപ്പെടാതെ സാധാരണക്കാരനു മനസിലാവുന്ന ഭാഷയില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഇദ്ദേഹം ദാര്‍ശനിക അധ്യാപനത്തിലേക്ക് ശ്രദ്ധയൂന്നിയത്.
തുടര്‍ന്ന്, തത്വശാസ്ത്ര വ്യക്തത വിളംബരം ചെയ്യുന്ന നിരവധി ലേഖനങ്ങള്‍, പ്രഭാഷണങ്ങള്‍, സ്റ്റഡി ക്ലാസുകള്‍ എന്നിവയിലൂടെ പാര്‍ട്ടിയുടെ സൈദ്ധാന്തിക രംഗത്ത് ഉറച്ചു നിന്നു. മാര്‍ക്‌സിസ്റ്റ് ചിന്തകളിലും പ്രയോഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ പ്രവണതകള്‍ക്കെതിരെ ദൃഢമായ നിലപാടെടുത്തു. പാര്‍ടി ക്ലാസുകളില്‍ ഈ പ്രവണതക്കെതിരെ വ്യാപകമായ പ്രചാരണം നല്‍കി.
മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രസക്തി സാധാരണക്കാര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ അവതരിപ്പിക്കാന്‍ ഇദ്ദേഹത്തിനായി. ദക്ഷിണാമൂര്‍ത്തി മാര്‍ക്‌സിസത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയ പഴയ സ്റ്റഡീക്ലാസ് വിദ്യാര്‍ഥികളാണ് ഇന്നത്തെ തലമുതിര്‍ന്ന നേതാക്കളില്‍ പലരും. അടിയന്തരാവസ്ഥക്കാലത്തെ ജയില്‍ ജീവിതമാണ് ഇദ്ദേഹത്തിലെ വായനക്കാരനേയും എഴുത്തുകാരനേയും ഉദ്ധീപിപ്പിച്ചത്. അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവര്‍ക്കു മുന്നില്‍ പാര്‍ട്ടി നിലപാടുകള്‍ അവതരിപ്പിക്കുന്നതിലും ശ്രദ്ധയൂന്നിയ നേതാവായിരുന്നു ഇദ്ദേഹം.
തോട്ടം, ആശുപത്രി, കള്ളുചെത്ത് തൊഴിലാളികള്‍, ക്ഷേത്ര ജീവനക്കാര്‍ തുടങ്ങിയ അസംഘടിത തൊഴിലാളികളെ സംഘടിപ്പിച്ച് യൂനിയനുകള്‍ ഉണ്ടാക്കി. ഇത്തരത്തില്‍ കൊയിലാണ്ടിയില്‍ രൂപീകരിച്ച താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ സ്ഥാപക നേതാവുമായിരുന്നു മാഷ്. മലബാര്‍ ദേവസ്വത്തിനു കീഴിലെ ജീവനക്കാരെ കൂടെക്കൂട്ടി തൊഴിലാളി യൂനിയന് രൂപം നല്‍കിയതും ഇദ്ദേഹമായിരുന്നു. പന്ത്രണ്ടാം വയസില്‍ ബാലസംഘത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്നു. പിന്നീട് ഐക്യ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പാര്‍ട്ടിയിലേക്കും. മലബാ ര്‍ ഐക്യവേദി പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സില്‍ അംഗം, സിപിഎം രൂപീകരണത്തിനു ശേഷം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ താല്‍ക്കാലിക സെക്രട്ടറി, അധ്യാപക സംഘടനയായിരുന്ന കെപിടിഎഫിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റി അംഗം, കെപിടിയു സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി തുടങ്ങി പാര്‍ട്ടി ഏല്‍പ്പിച്ചതും സ്വയം ഏറ്റെടുത്തതുമായ മേഖലകളിലെല്ലാം തന്റേതായ അടയാളം കുറിച്ചുവെച്ചാണ് അധ്യാപകനും മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന ദക്ഷിണാമൂര്‍ത്തി രാഷ്ട്രീയത്തിന്റേയും ജീവിതത്തിന്റേയും അധ്യാപനത്തിന്റേയും അരങ്ങൊഴിഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss