|    Nov 21 Wed, 2018 6:07 am
FLASH NEWS

ദാരിദ്ര്യത്തിന്റെ മൈതാനത്ത് കളിച്ചു തളര്‍ന്ന് ദേവസൂര്യന്‍

Published : 8th August 2018 | Posted By: kasim kzm

മാള: ദാരിദ്ര്യത്തിന്റെ മൈതാനത്ത് കളിച്ചുതളര്‍ന്ന് പരിശീലനം ഉപേക്ഷിക്കാനൊരുങ്ങി ദേവസൂര്യന്‍. പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ പൂപ്പത്തി തേരിലാല്‍ ശിവകുമാറിന്റെയും ഷര്‍മ്മിളയുടെയും മകനായ ദേവസൂര്യനാണ് കാല്‍പ്പന്ത് കളിയില്‍ മികവ് തെളിയിച്ചുകൊണ്ട് മൈതാനത്ത് നിന്ന് പിന്‍വലിയാനൊരുങ്ങുന്നത്.
സാമ്പത്തിക പ്രയാസമാണ് രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാകേണ്ട ഫുട്‌ബോള്‍ താരം വേദനയോടെ കളി മതിയാക്കാനൊരുങ്ങുന്നത്. എട്ടാം വയസ്സില്‍ 2014 ല്‍ ഹൈദരാബാദില്‍ നടന്ന സെലക്്ഷന്‍ ട്രയല്‍സില്‍ ഡല്‍ഹിയിലെ ബാഴ്‌സലോണ അക്കാദമിയില്‍ ദേവസൂര്യന് പ്രവേശനം ലഭിച്ചിരുന്നു. ക്ലബ്ബിന്റെ മുഖ്യപരിശീലകനും ഡിഗോ മാറഡോണക്കൊപ്പം സ്പാനിഷ് ലീഗില്‍ കളിച്ചിട്ടുമുള്ള ജോസഫ് മോരാട്ടാലയാണ് ദേവസൂര്യനെ തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഒട്ടനവധിപേരുടെ സഹായത്തോടെ ശിവകുമാറും കുടുംബവും ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. ഡല്‍ഹിയില്‍ ഒരു വീട് വാടകക്കെടുത്ത് താമസിച്ചാണ് ദേവസൂര്യന്‍ അക്കാദമിയില്‍ പരിശീലനം നടത്തിയത്. ഡല്‍ഹിയിലെ കേരള സ്‌കൂളില്‍ ദേവസൂര്യന്‍ നാലാം ക്ലാസ്സില്‍ പ്രവേശനം നേടുകയും ചെയ്തു. ശിവകുമാറും ഭാര്യ ഷര്‍മ്മിളയും ഇളയ മകള്‍ വൈഗയും ദേവസൂര്യനൊപ്പം കഴിഞ്ഞിരുന്നത് പ്രതിമാസം 25, 000 രൂപയോളം ചെലവഴിച്ചാണ്. ഈ ഭാരിച്ച ചെലവ് കണ്ടെത്താനായി ശിവകുമാര്‍ ഓട്ടോറിക്ഷ വാടകക്കെടുത്ത് ഓടിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല.
വീട്ടുവാടകയും കുടുംബ ചെലവും കുട്ടികളുടെ പഠനച്ചെലവും താങ്ങാനാവാതെ ദേവസൂര്യന്‍ അഞ്ചാം ക്ലാസ്സില്‍ പകുതിയായപ്പോഴേക്കും അക്കാദമിയിലെ പരിശീലനം മതിയാക്കി ഡല്‍ഹിയില്‍ നിന്നും തിരികെ പോരേണ്ടി വന്നു. തുടര്‍ന്ന് ബംഗളൂരു എഫ്‌സിയില്‍ വൈറ്റ് ഫീല്‍ഡിലായി പരിശീലനം. ഡല്‍ഹിയെ അപേക്ഷിച്ച് അവിടെ ചെലവ് കുറവായിരുന്നുവെങ്കിലും പ്രതിമാസം 20, 000 രൂപയോളം കണ്ടെത്തേണ്ടിയിരുന്നു. മകന് ഫുട്‌ബോള്‍ രംഗത്ത് മികച്ച ഭാവിയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും സാമ്പത്തിക പ്രയാസത്തിന്റെ ചെക്‌പോസ്റ്റില്‍ കുടുങ്ങി മോഹങ്ങള്‍ ഉള്ളിലൊതുക്കി തിരികെ പോരാനൊരുങ്ങുകയാണവര്‍. മെസ്സിയേയും റൊണാള്‍ഡീഞ്ഞയേയും ഇനിയെസ്റ്റയേയും നെയ്മറേയുമെല്ലാം കാല്‍പ്പന്ത് കളിയുടെ ഉത്തുംഗ ശൃംഘങ്ങളിലെത്തിച്ച സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ് ബാഴ്‌സലോണയുടെ അക്കാദമിയില്‍ പ്രവേശനം നേടിയ മിടുക്കന്‍ തുടര്‍പരിശീലനത്തിനടക്കം പണമില്ലാതെ പരിശീലനവും മറ്റും മതിയാക്കാന്‍ നിര്‍ബ്ബന്ധിതനാവുന്നത്.
കളിക്കളത്തില്‍ മറ്റു കളിക്കാരെ വെട്ടിച്ച് ഗോളടിക്കുന്ന ദേവസൂര്യന്‍ കാണികളെ അമ്പരിപ്പിക്കാറുണ്ട്. ഇതോടൊപ്പം അതേമികവോടെ ജംഗ്ലിങ് നടത്തിയും കാണികളെ കയ്യിലെടുക്കാറുണ്ട്. ഒറ്റയെടുപ്പില്‍ 294 തവണ വരെ ജംഗ്ലിങ് നടത്താറുണ്ട്. വരുമാനം കമ്മിയെങ്കിലും കാല്‍പ്പന്ത് കളിയെ ജീവന് തുല്ല്യം സ്‌നേഹിക്കുന്ന ദേവസൂര്യനും ശിവകുമാറിനും ഇനി മുന്നോട്ട് പോവണമെങ്കില്‍ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss